02 December Wednesday
ആദ്യദിനം 200 കോളുകള്‍

അവശ്യസാധന വിതരണം: കോള്‍ സെന്റര്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
കണ്ണൂർ
ജില്ലയിൽ അവശ്യ സാധന വിതരണത്തിന് ജില്ലാ പഞ്ചായത്തിൽ കോൾ സെന്റർ ആരംഭിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാൾ കേന്ദ്രീകരിച്ച് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തന സമയം. 
വിവരങ്ങൾ അറിയിക്കുന്നതിന്‌ അഞ്ച് വാട്‌സ് ആപ്‌  നമ്പറുകളുണ്ട്‌. 9400066016, 9400066017, 9400066018, 9400066019 എന്നിവ അവശ്യസാധനങ്ങൾക്കും 9400066020  നമ്പർ ആവശ്യമുള്ള മരുന്നുകളെക്കുറിച്ച് വിവരം നൽകാനുമാണ്.  ഈ നമ്പറിലേക്ക് എസ്എംഎസും ചെയ്യാം.  ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വിലമാത്രമേ ഈടാക്കൂ. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും കോൾസെന്റർ വഴി ലഭ്യമാക്കും. 
ഗ്രാമങ്ങളിലുള്ളവർ  ആവശ്യപ്പെടുകയാണെങ്കിൽ ആ  വിവരങ്ങൾ കുടുംബശ്രീക്ക് കൈമാറി അവർ മുഖേന അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കും. പാകം ചെയത് ഭക്ഷണത്തിന് ആവശ്യം വരികയാണെങ്കിൽ അതത് പ്രദേശത്തെ കമ്യൂണിറ്റി കിച്ചൻ സെന്ററിനെ വിവരമറിയിച്ച് ഭക്ഷണം ലഭ്യമാക്കും. പരമാവധി ഒരാഴ്‌ചത്തേക്ക് വേണ്ട സാധനങ്ങളാണ്‌ വീടുകളിലെത്തിക്കുക.
നടത്തിപ്പിനായി പത്ത് വളണ്ടിയർമാരെ കോൾസെന്ററിലും അമ്പതോളം വളണ്ടിയർമാരെ ഡെലിവറിക്കുമായി നിയമിച്ചിട്ടുണ്ട്. മാസ്‌ക്ക്‌, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉപയോഗിച്ചാവും ഡെലിവറി ബോയ്‌സ് വീടുകളിലെത്തുക. തുക ഗുഗിൾപേ വഴിയാണ് നൽകേണ്ടത്‌. അതില്ലാത്തവർക്ക് സാധാരണ നിലയിലും പണം നൽകാം. പദ്ധതിയിൽ സൂപ്പർ മാർക്കറ്റ് അസോസിയേഷനും പങ്കാളികളാകുന്നുണ്ട്.
ആദ്യദിനത്തിൽ 200 ഓളം കോളാണ് സെന്ററിൽ ലഭിച്ചത്. മരുന്നുകൾ ശനിയാഴ്‌ച തന്നെ ലഭ്യമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top