05 February Sunday
പുതുമൊഴിവഴികളിൽ

എഴുത്തിന്റെ ആകാശം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിൽ കഥാരചനാ മത്സരത്തിൽനിന്ന്‌

കണ്ണൂർ

കുറച്ചു പറയുന്നതിലൂടെ കൂടുതൽ ധ്വനിപ്പിച്ചാണ്‌ പലരും എഴുതിയത്‌. മൗനം മുറിക്കുന്ന മുഴക്കംതന്നെയായിരുന്നു പല കവിതകളിലും കഥകളിലും. കാലം ചെല്ലുംതോറും കനംവയ്ക്കുന്നതാണ്‌ എഴുത്തിന്റെ ഭാഷ എന്ന്‌ തെളിയിക്കുന്നതായിരുന്നു ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ ഭാഗമായി നടന്ന കഥ–- കവിതാ മത്സരത്തിലെ രചനകൾ.  വർത്തമാനകാലത്തിന്റെ ആകുലതയും  ഭാവിയിലെ പ്രത്യാശയും  നിറഞ്ഞ എഴുത്തുകൾ. ഒന്നരമണിക്കൂറിനുള്ളിൽ നിശ്‌ചിത വിഷയത്തിൽ  സെക്കൻഡറിതലത്തിലെ വിദ്യാർഥികളിൽ മിക്കവരും നന്നായെഴുതി.  പുത്തൻ ആശയങ്ങളും പ്രതീക്ഷകളും മികച്ച അവതരണശൈലിയിലും രചനകൾ മികച്ച നിലവാരം പുലർത്തി.  ‘കാണാത്ത സ്വപ്‌നങ്ങൾ’  എന്നതായിരുന്നു കവിതാവിഷയം.  സമകാലിക ചിന്തകളും യുദ്ധവും സ്‌ത്രീകൾക്ക്‌ നേരെയുള്ള അതിക്രമങ്ങളുമെല്ലാം കവിതയിൽ വിഷയങ്ങളായെന്ന്‌ വിധികർത്താക്കളായ ജിനേഷ്‌ കുമാർ എരമവും മധു ആലപ്പടമ്പും പറഞ്ഞു. കോവിഡ്‌ കാലത്ത്‌ അടച്ചുപൂട്ടിയിരിക്കേണ്ടി വന്നതിന്റെ പരിഭ്രമം എഴുത്തിൽകാണാം.  കെ നിരഞ്ജന (ഗവ. എച്ച്‌എസ്‌എസ്‌ ശ്രീകണ്‌ഠപുരം) ഒന്നും, പി കെ അപർണ (ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ പയ്യന്നൂർ) രണ്ടുംസ്ഥാനം നേടി.  അനുകരണമില്ലാത്ത മൗലികമായ ഭാഷയാണ്‌ കഥയെഴുത്തിൽ എല്ലാവരും  സ്വീകരിച്ചതെന്ന്‌ വിധികർത്താക്കളായ ടി പി വേണുഗോപാലനും എം കെ മനോഹരനും പറഞ്ഞു. ‘ഇനിയുമിങ്ങനെ ഉരുകിത്തീരാൻ വയ്യ’  വിഷയത്തിൽ എഴുതിയ രചനകളിലേറെയും സ്‌ത്രീകളുടെ വിഷമങ്ങളും ഉയർത്തെഴുന്നേൽപ്പും പ്രത്യാശയും നിറഞ്ഞുനിൽക്കുന്നവയാണ്‌.  വിഷയത്തെ പ്രകൃതിയുമായി കോർത്തിണക്കിയുള്ള മനോഹരമായ രചനകളുമുണ്ട്‌. എ പി നവ്യശ്രീ (ഐഎംഎൻഎസ്‌ ജിഎച്ച്‌എസ്‌എസ്‌ മയ്യിൽ) ഒന്നും കെ എം മയൂഖ (ഗവ. എച്ച്‌എസ്‌എസ്‌ വടക്കുമ്പാട്‌) രണ്ടും സ്ഥാനം നേടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top