വികസന, ക്ഷേമ പദ്ധതികൾ മാതൃകാപരമായി നടപ്പാക്കിയതിന്റെ മികവിലാണ് ഇരിട്ടി നഗരസഭയിൽ എൽഡിഎഫ് വീണ്ടും ജനവിധി തേടുന്നത്. 2015–-ൽ നിലവിൽ വന്ന നഗരസഭയുടെ സമഗ്ര വികസനത്തിനാണ് കഴിഞ്ഞ ഭരണസമിതി അടിത്തറയിട്ടത്.
കഴിഞ്ഞ തവണ 33–-ൽ 15 സീറ്റ് കിട്ടിയിട്ടും ലീഗും- കോൺഗ്രസും തമ്മിലടിച്ചതിന്റെ രോഷത്തിലാണ് യുഡിഎഫ് അണികൾ. ജില്ലയിൽ ലൈഫ് പാർപ്പിട പദ്ധതിയിൽ 411 വീടുകൾ ആദ്യം പൂർത്തീകരിച്ച് മുഖ്യമന്ത്രിയിൽനിന്ന് പ്രത്യേക പുരസ്കാരം നേടിയ നഗരസഭയാണിത്. നഗരസഭയിലെ എല്ലാ ഫയലും അപേക്ഷയും ഓൺലൈനിലാക്കിയതും ഗ്രാമീണ റോഡുകളാകെ നവീകരിച്ചതും പുതിയ റോഡുകൾ നിർമിച്ചതും കുറുങ്കളം തോടിന് ഒരു കോടി രൂപ ചെലവിൽ പുതിയ പാലം നിർമിച്ചതും ഇരിട്ടി താലൂക്കാശുപത്രി വികസനവും ആർദ്രം പദ്ധതിയിൽ ഡയാലിസിസ് സെന്റർ തുറന്നതുമെല്ലാം ശ്രദ്ധേയമാണ്. 68 കോടി രൂപ ചെലവിൽ താലൂക്കാശുപത്രി ഹൈടെക്കാക്കാനുള്ള പദ്ധതി സർക്കാരിൽ സമർപ്പിച്ചിട്ടുമുണ്ട്.
കോ–-ലീ–-ബി സഖ്യം നേരത്തെ പരീക്ഷിച്ച മേഖലയാണിത്. ബിജെപി, എസ്ഡിപിഐ, വെൽഫയർ പാർടി, മുസ്ലിംലീഗ് കക്ഷികൾ സ്വാധീനമുറപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നുണ്ട്. വെൽഫെയർ പാർടിയുമായി കോൺഗ്രസും ലീഗും പരസ്യ സഖ്യത്തിലാണ്. ചില വാർഡുകളിൽ ബിജെപി–-കോൺഗ്രസ് രഹസ്യ ധാരണയുമുണ്ട്.
ഇക്കുറി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. പ്രചാരണത്തിലും ബഹുദൂരം മുന്നലാണ്. 11 സീറ്റിൽ മത്സരിക്കുന്ന മുസ്ലിംലീഗിന്റെ ചില ജനറൽ സീറ്റുകൾക്ക് കോൺഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. ലീഗ് വഴങ്ങാത്തതിനാൽ കോൺഗ്രസിലെ പല നേതാക്കൾക്കും മത്സരിക്കാർ സീറ്റില്ലാതായി. കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്തലും വോട്ടുകൾ ചോരാതെ സംരക്ഷിക്കലും വലിയ വെല്ലുവിളിയാണ്.
ആകെ വാർഡുകൾ: 33. വോട്ടർമാർ: 32,942. സ്ത്രീകൾ: 17,242. പുരുഷന്മാർ: 15,700.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..