02 October Monday

കോർപ്പറേഷൻ വികസന പദ്ധതികൾ സമഗ്രവും ശാസ്‌ത്രീയവുമാകണം: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
കണ്ണൂർ
കോർപ്പറേഷൻ സമഗ്ര വികസന പദ്ധതി സമഗ്രവും ശാസ്ത്രീയവുമായ രീതിയിൽ തയ്യാറാക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അതിവേഗം വികസിച്ചുവരുന്ന നഗരങ്ങളിലൊന്നാണ് കണ്ണൂർ. അതുകൊണ്ടുതന്നെ സമഗ്രമായ വികസന പദ്ധതി അനിവാര്യമാണ്. ഇതിലെല്ലാം യുഡിഎഫ് സ്വീകരിക്കുന്ന സമീപനമല്ല സിപിഐ എമ്മിനും എൽഡിഎഫിനുമുള്ളത്. വികസന പദ്ധതികളെയാകെ അന്ധമായി എതിർക്കുന്നതാണ് യുഡിഎഫ്‌ രീതി.
കണ്ണൂർ നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ 739 കോടി രൂപ ചെലവിൽ 11 റോഡുകൾ സിറ്റി റോഡ് ഇംപ്രൂവ്മെന്റ്‌ പദ്ധതി നടപ്പാക്കാൻ തയ്യാറായപ്പോൾ അതിനെതിരെ കോടതിയിൽ പോയി തടസ്സപ്പെടുത്തിയവരാണ് കോർപ്പറേഷൻ ഭരിക്കുന്നവർ. എന്നാൽ അതേസമീപനം സ്വീകരിച്ച്‌ സിപിഐ എം വികസനത്തെ അന്ധമായി എതിർക്കില്ല. മാസ്റ്റർപ്ലാനിൽ 200 റോഡുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തയ്യാറാക്കിയതാവട്ടെ 2012-ലെ രേഖകൾ നോക്കിയിട്ടാണ്. 
ഫീൽഡ് സർവേ നടത്താതെയാണ് പദ്ധതി തയ്യാറാക്കിയത്. റോഡുകളുടെ കാര്യത്തിൽ പ്രധാന റോഡുകൾ ഏതെന്ന് നിർണയിക്കണം. മുൻഗണനയും വേണം. അല്ലാതിരുന്നാൽ ഭാവി നിർമിതികളാകെ തടസ്സപ്പെടും. സോണുകളുടെ നിർണയത്തിലും ശാസ്ത്രീയവും പ്രായോഗികവുമായ നിലപാട് സ്വീകരിക്കണം. ഗ്രീൻ സോണുകൾ പ്രഖ്യാപിക്കുമ്പോഴും നിലങ്ങളും അല്ലാത്തതുമായ സ്ഥലങ്ങൾ വേർതിരിക്കുമ്പോഴും നിലവിലുള്ള സ്ഥലത്തിന്റെ കിടപ്പ് പരിഗണിക്കേണ്ടതുണ്ട്.
 കരട് പദ്ധതി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പോലും വിശദമായി ചർച്ച ചെയ്‌തില്ല. ജനങ്ങളിൽ ഭൂരിപക്ഷവും പദ്ധതിയുടെ വിശദാംശങ്ങൾ പൂർണമായും മനസ്സിലാക്കിയിട്ടില്ല. ഇക്കാര്യം വിശദമായി ഓരോ പ്രദേശത്തും പ്രാദേശിക യോഗങ്ങൾ വിളിച്ചുചേർത്ത് വിശദീകരിക്കണമെന്നും എം വി ജയരാജൻ  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top