22 October Friday

കൊമ്പൊടിഞ്ഞ ക്രൗര്യം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കർണാടക വനത്തിലേക്ക്‌ കയറുന്ന കാട്ടാന.

ഇരിട്ടി
ഉളിക്കൽ, പായം പഞ്ചായത്തിലെ  ജനവാസകേന്ദ്രത്തിൽ കാട്ടാന ഇറങ്ങിയതിന്റെ ഭീതിയിലാണ്‌  നാട്ടുകാർ. രാവിലെ ഏഴോടെ പള്ളിയിലേക്ക് ബൈക്കിൽ പോകവെ പെരിങ്കരിയിലെ ചെങ്ങഴശേരിയിൽ ജസ്റ്റിൻ, ഭാര്യ ജിനി എന്നിവരാണ്‌ ആനയുടെ മുന്നിൽപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജസ്റ്റിൻ മരിച്ചു. ഭാര്യ ജിനി ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിലാണ്. വീടിന്റെ നൂറ് മീറ്റർ അകലെ ഇടവഴിയിലാണ്‌ സംഭവം. ആനയുടെ മുമ്പിൽപ്പെട്ട നിരവധി പേർ  തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. എരുതുകടവ്‌, മട്ടിണി, പെരിങ്കരി, പേരട്ട, കൂട്ടുപുഴ മേഖലയിൽ ആന പരിഭ്രാന്തി പരത്തി. ടിപ്പർ, മണ്ണുമാന്തി യന്ത്രം, ഓട്ടോ, സ്കൂട്ടർ, വൈദ്യുതി തൂൺ എന്നിവ ആന തകർത്തു. ആക്രമണത്തിൽ ആനയുടെ കൊമ്പൊടിഞ്ഞു. രാവിലെ 8.30 ഓടെ കൂട്ടുപുഴ പാലം പരിസരം വഴി  ആന കർണാടക വനത്തിലേക്ക് കയറി. വനപാലകർ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെയാണ്‌ ആനയെ വനത്തിലേക്ക് തുരത്തിയത്‌. കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന മേഖലയിൽ പ്രതിരോധ സംവിധാനമില്ല. പേരട്ട, തൊട്ടിൽ പാലം മേഖലയിൽ നിരന്തരം ആനശല്യം ഉണ്ടാകുമ്പോഴും പ്രതിരോധ സംവിധാനം ഏർപ്പെടുത്താത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്‌. മന്ത്രി എം വി ഗോവിന്ദൻ, സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് പി രജനി, വൈസ്‌ പ്രസിഡന്റ്‌ എം വിനോദ്‌കുമാർ, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി ഉൾപ്പെടെ ജനപ്രതിനിധികളും സ്ഥലത്തെത്തി. 
ആനയുടെ കുത്തേറ്റ്‌ മരിച്ച  മേലേ പെരിങ്കരിയിലെ ചെങ്ങഴശ്ശേരിയിൽ ജസ്റ്റിന്റെ വീട്‌  മന്ത്രി എം വി ഗോവിന്ദൻ സന്ദർശിച്ചു.  ജസ്‌റ്റിന്റെ മാതാപിതാക്കളായ ജെയിംസിനെയും ഗ്രേസിയെയും കുടുംബാംഗങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി കെ ഗോവിന്ദൻ, എം വിനോദ്‌കുമാർ, കെ ബാലകൃഷ്‌ണൻ എന്നിവരുമുണ്ടായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും ജസ്‌റ്റിന്റെ വീട്ടിലെത്തി. 

ബിജുവിന്റെ ഇടപെടൽ 
തുണയായി

വിളമന
ദേശാഭിമാനി പത്ര ഏജന്റ്‌കൂടിയായ പഞ്ചായത്തംഗം ബിജു കോങ്ങാടൻ പുലർച്ചെ ആറിന്‌ ഉദയഗിരിയിൽ പത്രവിതരണത്തിനിടെയാണ്‌ കാട്ടാനയെ കണ്ടത്‌. ഉടൻ ഉദയഗിരി വാട്ട്‌സാപ്‌ ഗ്രൂപ്പിൽ നാട്ടുകാർക്ക്‌  സന്ദേശം നൽകി. പരമാവധിപേരെ വിളിച്ചും വിവരം അറിയിച്ചു. നിരവധി പേരെ ആനയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ ഇത്‌ സഹായകമായി. 
ജസ്‌റ്റിൻ പള്ളിയിലേക്ക്‌ പോകവെ നാട്ടുകാരിലൊരാൾ വിളിച്ചുകൂവി വിവരം പറഞ്ഞതായി പറയുന്നു.  ഉളിക്കൽ റിച്ച് പ്ലസ്‌ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആനയുടെ ആക്രമണത്തിൽ മരിച്ച ജസ്‌റ്റിൻ.  

ജീവൻ നഷ്ടമായത്‌ 
10 പേർക്ക്‌

ഇരിട്ടി
ആറളം ഫാം  ഉൾപ്പെടെ മലയോരത്ത്‌  ആറുവർഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌ പത്തുപേർ.  രണ്ടുവർഷം മുമ്പ്‌ ആറളം ഫാമിൽ ദേവു എന്ന ആദിവാസി വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. ഫാമിൽ 2014 ഏപ്രിലിൽ  ചോമാനിയിൽ മാധവി,  2016ൽ ബാലൻ, 2017 മാർച്ച് ഏഴിന്‌  അമ്മിണി എന്നിവരും കാട്ടാനയുടെ ആക്രമണത്തിൽ  കൊല്ലപ്പെട്ടു. 
അമ്മിണി മരിച്ച്‌  ഒരുമാസത്തിനകം  ഏപ്രിൽ ആറിന്‌  ഫാമിലെ  വാച്ചർ  എടപ്പുഴയിലെ റജി എബ്രഹാം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒടുവിൽ ഞായറാഴ്ച പള്ളിയിലേക്ക് ഭാര്യക്കൊപ്പം പോകവെ പെരിങ്കരിയിലെ ജസ്റ്റിനും കൊല്ലപ്പെട്ടു. കാട്ടുപന്നിയുടെ ആക്രമണത്തിൽ  ചീര എന്ന  ആദിവാസി പത്ത്‌ വർഷം മുമ്പ്‌  കൊല്ലപ്പെട്ടിരുന്നു.  കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലും കാട്ടാന ആക്രമണത്തിൽ അടുത്തകാലത്ത് രണ്ടുപേർ മരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top