16 October Saturday

ആശ്രയമാണ്‌, ഹെൽപ്പ് ഡെസ്‌ക്‌

ആദർശ്‌ ലക്ഷ്‌മണൻUpdated: Monday Sep 27, 2021

ഐആർപിസി കണ്ണൂർ എംടിഎം സ്കൂളിൽ ഒരുക്കിയ ക്യാമ്പിലെ അന്തേവാസികൾ 
പുതിയ വസ്ത്രങ്ങളും സുരക്ഷിത ഇടവും കിട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു. (ഫയൽചിത്രം)

കണ്ണൂർ

മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലം താണ്ടിയ ഹാഷിമിന്‌ ഐആർപിസിയെന്നാൽ ജീവവായുവാണ്‌. കോവിഡ്‌ വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിലാണ്‌ താളിക്കാവ് നൂർസ് മൻസിലിൽ‍ ഹാഷിം‌ വീട്ടിൽ കുഴഞ്ഞുവീണത്‌.  വീട്ടുകാരുടെ നിലവിളിയും കരച്ചിലുംകേട്ടാണ് സമീപത്തെ ഐആർപിസി ആശ്രയ ഹെൽപ് ഡസ്കിൽനിന്ന്  വളണ്ടിയർമാർ ഓടിയെത്തിയത്. ഉടൻ  ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി പരിശോധനയിൽ കോവിഡും സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന്‌ 21 ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു.‌ ഹാഷിമിനെപ്പോലെ നിരവധി പേർക്കാണ്‌ ഐആർപിസിയുടെ ഹെൽപ്‌ ഡെസ്‌ക്‌ ജീവിതത്തിലേക്ക്‌ കൈപിടിച്ചത്‌. ഐആർപിസി  ‘ആശ്രയ’ ഹെൽപ് ഡസ്ക് 2019 നവംബർ മൂന്നിനാണ്‌ ആരംഭിച്ചത്‌. കോവിഡ്‌ കാലത്തുൾപ്പെടെ സാധാരണക്കാർക്കൊപ്പംനിന്ന ഐആർപിസി ചുരുങ്ങിയ കാലയളവിൽ തന്നെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. കിടപ്പിലായവർക്ക്‌ സാന്ത്വനവുമായി ഗൃഹസന്ദർശനമാണ്‌  ആദ്യംതുടങ്ങിയത്‌. ആവശ്യമായ ഉപകരണങ്ങളും മരുന്നും എത്തിച്ചുനൽകി. 
ഒരുകോൾ മതി, 
സഹായമെത്തും
കോവിഡ് മഹാമാരി ഭീതി നിറച്ച ദിനങ്ങളിലെല്ലാം  ഒരുഫോൺകോളിൽ ഐആർപിസിയുണ്ടായിരുന്നു. സമാനതകളില്ലാത്ത സന്നദ്ധപ്രവർത്തനങ്ങളാണ് ഐആർപിസി ഹെൽപ് ഡസ്ക്  നടത്തിയത്. 
ഇതരസംസ്ഥാന തൊഴിലാളികളെയും മറ്റ് സ്ഥലങ്ങളിൽനിന്ന് വരുന്നവരെ പരിശോധിക്കാനും ക്വാറന്റൈൻ ചെയ്യാനും ഡിഎംഒ ഓഫീസിൽനിന്ന് വളണ്ടിയർമാർക്ക് പരിശീലനം ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ‍ കേന്ദ്രീകരിച്ച് 20 വളണ്ടിയർമാർ സേവനം നടത്തി. ലോക്‌ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഐആർപിസി ഹെൽപ് ഡസ്ക്, സാമൂഹ്യനീതി വകുപ്പ്,  പൊലീസ് എന്നിവരുടെ സഹായത്തോടെ കണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ, ജൂബിലി ഹാൾ, ബഡ്സ് സ്കൂൾ എന്നിവിടങ്ങളിൽ തെരുവിൽകഴിയുന്നവരെ പുനരധിവസിപ്പിച്ചു.  ഇവർക്കുള്ള, ഭക്ഷണം, മരുന്ന്, വൈദ്യപരിശോധന  എന്നിവയും സൗജന്യമായി നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top