26 October Monday

2 കെട്ടിടങ്ങൾ 3ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും കതിരൂര്‍ ജിവിഎച്ച്എസ്എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

സ്വന്തം ലേഖികUpdated: Sunday Sep 27, 2020
തലശേരി
കതിരൂർ ​ഗവ. ജിവിഎച്ച്എസ്എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്. അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച രണ്ട് ഇരുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. കിഫ്ബി ഫണ്ടിൽ മൂന്ന് കോടി, എ എൻ ഷംസീർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരുകോടി, സർക്കാർ പ്ലാൻ ഫണ്ടിൽനിന്നും ഒന്നരക്കോടി എന്നിങ്ങനെ അഞ്ചരക്കോടി വിനിയോ​ഗിച്ചാണ് കെട്ടിടം നിർമിച്ചത്‌. 
ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രവിശ്യയിൽ മലബാർ ഡിസ്ട്രിക്ട്‌ ബോർഡ് സെക്കൻഡറി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം അക്കാലത്ത് കുടകിനും തലശേരിക്കും ഇടയിലുള്ള  ഏകസർക്കാർ വിദ്യാലയമായിരുന്നു. ഇപ്പോൾ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി  വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. 
   നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കിൽ ഉൾപ്പെട്ട നൂതനങ്ങളായ ഗാർഡ്നർ, ഒഎഫ്ടി, ഡിഎൽ എന്നീ വൊക്കേഷണൽ കോഴ്സുകൾ, ബയോളജി, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നിവയ്ക്ക് പുറമേ, സൈക്കോളജി, ജേർണലിസം, ഇംഗ്ലീഷ് സാഹിത്യം എന്നിവ പഠിക്കാൻ കഴിയുന്ന ഹ്യുമാനിറ്റീസ് ഉൾപ്പെട്ടതാണ് ഹയർസെക്കൻഡറി വിഭാഗം.
ജൈവവൈവിധ്യ പരിപാലനത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തങ്ങൾക്കും നൽകുന്ന പ്രാധാന്യം മികച്ച ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം എന്നീ  ബഹുമതികൾ വിദ്യാലയത്തിന് നേടിക്കൊടുത്തു. മികച്ച പിടിഎക്കുള്ള അവാർഡും നിരവധി തവണ നേടി.
15 ക്ലാസ്‌‌മുറികൾ, പ്രിന്‍സിപ്പല്‍ ഓഫീസ്, വിവിധ ലാബുകൾ, മിനി കോൺഫറൻസ് ഹാൾ, സ്റ്റാഫ് റൂം, എന്‍സിസി, എന്‍എസ്എസ്, എസ്‌പിസി, സ്കൗട്ട് റൂമുകള്‍ എന്നീ സൗകര്യങ്ങൾ അടങ്ങിയതാണ് എച്ച്എസ്എസ് കെട്ടിടം. ആറ് ക്ലാസ് മുറികൾ, നാല് ലാബ്, ഓപ്പൺ സ്റ്റേജ്, വിശ്രമ മുറി, പ്രിന്‍സിപ്പല്‍ റൂം എന്നിവയാണ് വിഎച്ച്എസ്ഇ കെട്ടിടത്തിലുള്ളത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top