05 December Thursday
പഞ്ചായത്തിൽ ആദ്യം

അതിജീവനശേഷി വളർത്താൻ കണിച്ചാറിൽ ലിവിങ് ലാബ്

നിഷാദ് മണത്തണUpdated: Saturday Jul 27, 2024
കണിച്ചാർ
പാരിസ്ഥിതികവും സാമൂഹികവുമായ അതിജീവനം ലക്ഷ്യമിട്ട്  കണിച്ചാർ പഞ്ചായത്തിൽ പ്രതിരോധകേന്ദ്രം സ്ഥാപിക്കും. പ്രതിരോധശേഷിയുള്ള പ്രാദേശിക സമൂഹത്തെ വളർത്താൻ  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ്‌  ലിവിങ് ലാബ് എന്ന് പേരിട്ട പദ്ധതി നടപ്പാക്കുന്നത് . ഉരുൾപ്പൊട്ടലുൾപ്പെടെയുള്ള  പ്രകൃതിക്ഷോഭങ്ങളെ നേരിട്ട പഞ്ചായത്ത് എന്ന നിലയിലാണ് കണിച്ചാറിനെ പദ്ധതിക്കായി തെരഞ്ഞെടുത്തത്.  പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ പഞ്ചായത്താണ് കണിച്ചാർ.
 പശ്ചിമഘട്ടത്തോട് ചേർന്ന്, സമുദ്രനിരപ്പിൽനിന്ന് 1,000 അടി ഉയരത്തിൽ മലകളാലും നിബിഡവനങ്ങളാലും ചുറ്റപ്പെട്ട  ഗ്രാമമാണ് കണിച്ചാർ. 2022 ആഗസ്ത്, സെപ്തംബർ മാസങ്ങളിലുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകൾ കൃഷിക്കും ജനജീവിതത്തിനും വലിയ നാശനഷ്ടമുണ്ടാക്കി. പഞ്ചായത്തിന്റെ ഏകദേശം 8.86 ചതുരശ്ര കിലോമീറ്റർ ഇടത്തരം ഉരുൾപൊട്ടൽ സാധ്യതയുള്ളതാണ്.  2.10 ചതുരശ്ര കിലോമീറ്ററിൽ ഉയർന്ന മണ്ണിടിച്ചിൽ സാധ്യതയുമുണ്ട്‌.
  ദുർബലരായ പഞ്ചായത്തുകൾക്ക് പ്രതിരോധശേഷിയുള്ള  സമൂഹമായി പരിണമിക്കാനുള്ള  സഹായമാണ് ലിവിങ് ലാബുകൾ നൽകുന്നത്.    പ്രതിരോധശേഷിയുള്ള വികസനത്തിൽ കേന്ദ്രീകരിക്കുന്ന നിലയിൽ  പഞ്ചായത്തിന്റെ ഭരണ നിർവഹണത്തിലും ഫലപ്രദമായ മാറ്റങ്ങൾ വരുത്തും.
  കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച  പ്രാദേശിക കർമപദ്ധതികൾ മുൻകൂട്ടി തയ്യാറാക്കും.  അപകട സാധ്യത മുൻകൂട്ടി അറിയാൻ കഴിയുന്ന സ്ഥല വികസന പദ്ധതിയും രൂപപ്പെടുത്തും. കാലാവസ്ഥ വ്യതിയാനത്തോട് പൊരുത്തപ്പെട്ട്‌ ദീർഘകാലാടിസ്ഥാനത്തിൽ അപകട സാധ്യത ഒഴിവാക്കാനുള്ള പദ്ധതികളും നടപ്പാക്കും.
 സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിരോധശേഷി ഉൾപ്പെടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ലിവിങ് ലാബിന്റെ സുഗമമായ പ്രവർത്തനത്തിനായി  റെസിലിയൻസ് ഓഫീസറെ നിയമിക്കും. പഞ്ചായത്ത്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കേരള ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്റ്റേഷൻ മിഷൻ എന്നിവയുമായി സഹകരിച്ചാണ്  ലാബ് പ്രവർത്തിക്കുക.
  അഞ്ച് വർഷത്തിനുള്ളിൽ ഭാവിയിലെ ഭീഷണികളോട് പൊരുത്തപ്പെടാനും   ദുരന്തങ്ങളെ  അതിജീവിക്കാനുംശേഷിയുള്ള  സമൂഹത്തെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ പദ്ധതി സഹായകമാവുമെന്ന് പ്രസിഡന്റ ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. പ്രകൃതിക്ഷോഭ ഭീഷണികളെ  ഉൾപ്പെടെ നേരിടാൻ ജനതയെ  പ്രാപ്തമാക്കുന്ന പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top