07 August Friday

പ്രതിസന്ധിക്കിടയിലും നൂൽ കയറ്റിയയച്ച്‌ കണ്ണൂർ സ്‌പിന്നിങ്‌‌ മിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

ശ്രീലങ്കയിലേക്കുള്ള നൂലുമായി പോകുന്ന ലോറി സ്‌പിന്നിങ്‌ മിൽ ചെയർമാൻ എം സുരേന്ദ്രൻ ഫ്ളാഗ്‌ ഓഫ്‌ ചെയ്യുന്നു.

കണ്ണൂർ
ലോക്ക്‌‌ഡൗൺ   പ്രതിസന്ധിക്കിടയിലും നൂൽ കയറ്റിയയച്ച്‌ കണ്ണൂർ സ്‌പിന്നിങ്‌‌ മിൽ. ശ്രീങ്കലയിലേക്കുള്ള  അഞ്ച്‌ ടൺ നൂലുമായി തൂത്തുക്കുടി തുറമുഖത്തേക്കുളള ലോറി വെള്ളിയാഴ്‌ച പുറപ്പെട്ടു.  ശ്രീലങ്കയിൽനിന്ന്‌ 15 ടൺ നൂലിന്റെ ഓർഡർ ലഭിച്ചിട്ടുണ്ട്‌. അടുത്ത ദിവസങ്ങളിൽ  ഈ നൂൽ ശ്രീലങ്കയിലേക്ക്‌ കയറ്റിയയക്കും.  2019 ഒക്ടോബറിൽ ഐഎസ്‌ഒ സർടിഫിക്കറ്റ്‌ ലഭിച്ചശേഷം കണ്ണൂർ സ്‌പിന്നിങ് മില്ലിന്‌ വിദേശത്തുനിന്ന്‌ നൂലിനുള്ള ആവശ്യക്കാർ ഏറെയാണ്‌.  ശ്രീലങ്കയിലേക്കും മ്യാൻമറിലേക്കുമായി 22 ടൺ നൂൽ നേരത്തെ കയറ്റിയയച്ചിരുന്നു. ധോത്തി, ഷർട്ടുകൾ എന്നിവയ്‌ക്കുള്ള നൂലാണ്‌ കയറ്റുമതി ചെയ്യുന്നത്‌.
മില്ലിലെ 50 ശതമാനം നൂലും മുംബൈയിലേക്കാണ്‌  കൊണ്ടുപോകുന്നത്‌.  സംസ്ഥാനത്ത്‌ സ്‌കൂൾ യൂണിഫോമിന്‌ 20 ശതമാനം നൂൽ നൽകുന്നുണ്ട്. നാഷണൽ ഹാന്റ്‌ലൂം ഡവലപ്‌മെന്റ്‌ കോർപ്പറേഷൻ വഴി ഹാൻടെക്‌സ്‌, ഹാൻവീവ്‌, കൈത്തറി സൊസൈറ്റി എന്നിവയ്‌ക്കും  വിതരണം ചെയ്യുന്നുണ്ട്‌.  കമ്പോളത്തിൽ നൂൽ വില കിലോയ്‌ക്ക്‌ 30 രൂപ കുറഞ്ഞത്‌ മില്ലിന്‌ വൻ തിരിച്ചടിയായിരിക്കയാണ്‌. നേരത്തെ  220 രൂപയുണ്ടായിരുന്നു. ഇപ്പോൾ 190 രൂപയാണ്‌ ലഭിക്കുന്നത്‌. വിദേശത്തേക്ക്‌  കയറ്റിയയക്കുന്ന നൂലിന്‌ ഇതിനേക്കാൾ വില ലഭിക്കുന്നുണ്ട്‌. കണ്ണൂർ സ്‌പിന്നിങ് മില്ലിൽ  പ്രതിദിനം 2500 കിലോ നൂലാണ്‌ ഉൽപാദിപ്പിക്കുന്നത്‌. 3000 കിലോ നൂൽ ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്‌.  പ്രതിസന്ധിയുണ്ടെങ്കിലും കണ്ണൂർ സ്‌പിന്നിങ്‌‌ മിൽ തുറന്ന്‌ പ്രവർത്തിക്കാൻ തയ്യാറായി. എന്നാൽ നാഷണൽ ടെക്‌സ്‌റ്റൈൽ കോർപ്പറേഷന്റെ കക്കാട്‌, പള്ളൂർ സ്‌പിന്നിങ്‌‌ മില്ലുകൾ ഇതുവരെ തുറന്നിട്ടില്ല. 
 ശ്രീലങ്കയിലേക്കുള്ള  നൂലുമായി പോകുന്ന ലോറി സ്‌പിന്നിങ്‌ മിൽ ചെയർമാൻ എം സുരേന്ദ്രൻ ഫ്ളാഗ്‌ ഓഫ്‌ ചെയ്‌തു.  എംഡി  സി ആർ രമേഷ്‌, പ്രൊഡക്ഷൻ മാനേജർ പി പ്രശാന്ത്‌, കെ പി അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top