പയ്യന്നൂർ
ഇന്ത്യൻ നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് ശനിയാഴ്‌ച രാവിലെ നടക്കും. ശ്രീലങ്കൻ നാവികസേന മേധാവി വൈസ് അഡ്മിറൽ പ്രിയന്ത പെരേര മുഖ്യാതിഥിയാകും. ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്‌മിറൽ എം എ ഹംപിഹോളി, നാവിക അക്കാദമി കമാൻഡന്റ് വൈസ് അഡ്മിറൽ പുനീത് കെ ഭാൽ എന്നിവർ പങ്കെടുക്കും.
ഏഴ് കോഴ്‌സുകളിലായി 208 പേർ പരേഡിൽ അണിനിരക്കും. ശ്രീലങ്ക, ബംഗ്ലാദേശ്, വിയറ്റ്നാം, മഡഗാസ്‌കർ, മൗറീഷ്യസ്, മാൽഡീവ് എന്നീ വിദേശ രാജ്യങ്ങളിൽനിന്നുള്ള എട്ടുപേരും പരിശീലനം പൂർത്തിയാക്കിയവരിൽ ഉൾപ്പെടും.
പരേഡിന് മുന്നോടിയായി 21–--ാമത് കോൺവൊക്കേഷൻ ചടങ്ങ് നടന്നു. 104 ഇന്ത്യൻ നേവൽ അക്കാദമി കോഴ്‌സിലെ 101 മിഡ്‌ഷിപ്പ്മാൻമാർക്ക് അവരുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മദ്രാസ് ഐഐടി ഡയറക്ടർ വീഴിനാഥൻ കാമകോടി ബിടെക് ബിരുദം നൽകി. ഐഎൻഎ വൈസ് അഡ്മിറൽ പുനീത് കെ ബാൽ, റിയർ അഡ്മിറൽ അജയ് ഡി തിയോഫിലസ്, ഡെപ്യൂട്ടി കമാൻഡന്റും ചീഫ് ഇൻസ്ട്രക്‌ടറുമായ റിയർ അഡ്മിറൽ രാജ്വീർ സിങ് എന്നിവർ പങ്കെടുത്തു.
അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ (എഇസി) സ്ട്രീമിൽ മികച്ചതായി തെരഞ്ഞെടുക്കപ്പെട്ട മിഡ്‌ഷിപ്പ്മാനുള്ള "ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ് റോളിങ് ട്രോഫി' ക്രിസ്റ്റോ ബിജുവിനും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (ഇസിഇ) സ്ട്രീമിലെ മികച്ച പ്രകടനത്തിനുള്ള ‘ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ് റോളിങ് ട്രോഫി’ രാഹുൽ കാർക്കിക്കും മെക്കാനിക്കൽ എൻജിനിയറിങ് (എംഇ) സ്ട്രീമിലെ മികച്ച പ്രകടനത്തിനുള്ള ‘ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ് റോളിങ് ട്രോഫി’ എൽഎച്ച്സി ഡെനുവാനും ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..