29 June Wednesday
231 കേന്ദ്രത്തിൽ പ്രഭാഷണം

‘കെ റെയിൽ നേരും നുണയും’ നവകേരള സദസ്സുകൾ ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
കണ്ണൂർ
‘കെ -റെയിൽ നേരും നുണയും'  വിഷയത്തിൽ ജില്ലയിൽ 231 കേന്ദ്രങ്ങളിൽ സിപിഐ എം  പ്രഭാഷണ പരിപാടി നടത്തുമെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.    27 മുതൽ ജൂൺ അഞ്ച്‌  വരെ ‘നവകേരള സദസ്സുകൾ' സംഘടിപ്പിച്ചായിരിക്കും  പ്രഭാഷണം. വൈകിട്ട്‌ നാലിന്‌  പരിപാടി തുടങ്ങും.
 കേന്ദ്ര-–-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ പൊതുമേഖലയിൽ കേരള റെയിൽ ഡെവലപ്മെന്റ്‌  കോർപ്പറേഷനാണ് 63,941 കോടി രൂപ ചെലവിൽ കേരളത്തിന്റെ  സമഗ്രപുരോഗതി ലക്ഷ്യമാക്കി സിൽവർ ലൈൻ പദ്ധതി ആവിഷ്കരിച്ചത്. ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത് ഉമ്മൻചാണ്ടി സർക്കാരായിരുന്നു. ഈ സംയുക്തസംരംഭത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരവും കേന്ദ്ര മന്ത്രിസഭയുടെയും നിതി ആയോഗിന്റെയും അനുമതിയും ലഭിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതം ഉൾപ്പെടെയുള്ള പദ്ധതിയുടെ അന്തിമാനുമതിക്കാണ് കാത്തിരിക്കുന്നത്. സാമൂഹ്യാഘാത പഠനവും സർവേയും  അന്തിമാനുമതി നേടാനാണ്.  കേരളത്തിനും കേന്ദ്രാനുമതി ലഭിക്കേണ്ടതുണ്ട്.  
 ഇന്ത്യയിൽ 21 അതിവേഗ -അർധ–-അതിവേഗ റെയിൽപാതകൾ പണിയുന്നുണ്ട്.  കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഭൂരിപക്ഷവും. മുംബൈ – അഹമ്മദാബാദ്, ഡൽഹി - –-മീററ്റ് എന്നീ പാതകൾ താമസിയാതെ പൂർത്തിയാകും. ഇവിടങ്ങളിലൊന്നും കോൺഗ്രസോ ബിജെപിയോ   സമരം നടത്തുന്നില്ല.  എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനും വികസനം തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയ സമരമാണിത്‌.  
  അതിവേഗ റെയിൽപ്പാതകൾ ആരംഭിക്കാനും ട്രെയിൻ സർവീസ് ആരംഭിക്കാനും കേന്ദ്ര ബജറ്റിൽ നിർദേശമുണ്ട്.  എന്നാൽ, കേന്ദ്ര ധനമന്ത്രിയുടെ പാർടിക്കാർ  അതിനെതിരെ സമരം നടത്തുകയാണ്.  കേന്ദ്ര മന്ത്രിസഭയിലെ ഒരു സഹമന്ത്രി ബജറ്റ് പദ്ധതി നിർദേശത്തിനെതിരെയാണ് പരസ്യവിമർശം നടത്തുന്നത്.  കൂട്ടുത്തരവാദിത്തമുള്ള മന്ത്രിസഭയ്ക്ക് യോജിച്ച നടപടിയല്ല ഇത്.  ഗെയിൽ പൈപ്പ്‌ ലൈൻ,  ദേശീയപാതാ വികസനം, പവർ ഹൈവേ തുടങ്ങിയ എല്ലാ വികസനപദ്ധതികളെയും തടസ്സപ്പെടുത്തുന്ന സമീപനമായിരുന്നു യുഡിഎഫിന്റേത്‌. 
  2021ലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ  കെ -റെയിൽ പദ്ധതി ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌.   അത് നടപ്പാക്കാൻ  സർക്കാരിന് പ്രതിബദ്ധതയുണ്ട്.  വാഗ്ദാനം നിറവേറ്റണമെന്ന് ജനങ്ങൾക്ക് ആഗ്രഹവുമുണ്ട്.  
കേരളം ഏറ്റവും കൂടുതൽ കേന്ദ്ര അവഗണന നേരിടുന്ന മേഖല റെയിൽ വികസനമാണ്.  റെയിൽവേ സോൺ, കോച്ച് ഫാക്ടറി, ശബരി റെയിൽപാത, തലശേരി-–-മൈസൂർ റെയിൽപാത, റെയിൽവേ സ്റ്റേഷനുകളുടെ വികസനം എന്നീ ആവശ്യങ്ങളെല്ലാം അവഗണിക്കപ്പെട്ടു. 
 കേരളത്തിന്റെ സമഗ്രപുരോഗതിക്ക് സഹായകരമാണ് കെ- റെയിൽ പദ്ധതി. ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക്  ‘പൊന്നുംവില' നൽകുന്ന നഷ്ടപരിഹാര പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചത്. 
വികസന സംവാദമാണ് പ്രഭാഷണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. പ്രഭാഷണപരിപാടികളിൽ മുഴുവനാളുകളും   പങ്കെടുക്കണമെന്ന് എം വി ജയരാജൻ  അഭ്യർഥിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top