07 June Sunday

ഒഡിഷ ഗ്രാമങ്ങളിൽ വെളിച്ചമെത്തിച്ച് കെഎസ്ഇബി സംഘം തിരിച്ചെത്തി

പ്രത്യേക ലേഖകൻUpdated: Monday May 27, 2019

കെഎസ്‌ഇബി ദൗത്യസംഘത്തിന‌് മദൻപുർ ഗ്രാമവാസികൾ നൽകിയ യാത്രയയപ്പ‌്

കണ്ണൂർ
ഫോനി ചുഴലിക്കാറ്റ് തകർത്ത ഒഡിഷ ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ച്  കണ്ണൂരിൽനിന്നുള്ള കെഎസ്ഇബി ദൗത്യസംഘം മടങ്ങിയെത്തി. ഭുവനേശ്വറിനടുത്ത  ഖോർദ ജില്ലയിലെ ജാൻലാ, മദൻപുർ, കൈമാട്ടിയ, ജഗഹ‌്സാര  ഗ്രാമങ്ങളിൽ രണ്ടാഴ‌്ചത്തെ മാതൃകാ പ്രവർത്തനത്തിനുശേഷമാണ് സംഘം ഞായറാഴ്ച പുലർച്ചെ ചെന്നൈ വഴിയുള്ള ട്രെയിനിൽ തിരിച്ചെത്തിയത്. ഈ മാസം 11നാണ‌് മാതമംഗലം അസി. എൻജിനിയർ എ വി രവീന്ദ്രന്റെ  നേതൃത്വത്തിലുള്ള 22 അംഗ സംഘം ഒഡിഷയിലേക്കു തിരിച്ചത‌്.
  ചുഴലിക്കാറ്റ‌് ഒഡിഷയിൽ വൻ ദുരന്തമാണ‌് വിതച്ചത‌്. വൈദ്യുതി ലൈനുകൾ പരക്കെ പൊട്ടിവീണതിനാൽ ഗ്രാമങ്ങളും പട്ടണങ്ങളുമുൾപ്പെടെ സംസ്ഥാനത്തെ വലിയൊരു പ്രദേശം ദിവസങ്ങളോളം ഇരുട്ടിലായി. ഇതുമനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ‌് ദൗത്യസംഘം രൂപീകരിക്കാൻ  നിർദേശിച്ചത‌്. വൈദ്യുതിമന്ത്രി എം എം മണിയും ഊർജവകുപ്പ‌്  സെക്രട്ടറിയും കെഎസ‌്ഇബി ചെയർമാനും ദ്രുതഗതിയിൽ ഇതിനാവശ്യമായ നടപടികൾ നീക്കി. സാഹസികമായ ദൗത്യം ഏറ്റെടുക്കാൻ സ്വയംസന്നദ്ധത അറിയിച്ച ജീവനക്കാരെ ഉൾപ്പെടുത്തിയാണ‌് ദൗത്യസംഘം  രൂപീകരിച്ചത‌്. 
പണിയായുധങ്ങളും സുരക്ഷാ ഉപകരണങ്ങളും ഉൾപ്പെടെ എല്ലാവിധ സന്നാഹങ്ങളുമായാണ‌് സംഘം 11ന് യാത്ര തിരിച്ചത്.  കെ പി പ്രകാശന്റെ നേതൃത്വത്തിൽ കരാർ ജീവനക്കാരും ടീമിന്റെ ഭാഗമായി. സബ‌് എൻജിനിയർ  ആശിഷ‌് നാരായണനായിരുന്നു മേൽനോട്ട ചുമതല. കണ്ണൂരിന‌് പുറമെ പാലക്കാട്,  തിരുവനന്തപുരം, തൃശൂർ ജില്ലകളിൽനിന്നും സമാന ദൗത്യസംഘങ്ങൾ വിവിധ ഘട്ടങ്ങളായി ഒഡിഷയിലേക്കെത്തി.  
സ്വകാര്യ ഫ്രാഞ്ചൈസികൾ വൈദ്യുതി വിതരണം നടത്തുന്ന സ്ഥലങ്ങളിലെ കമ്പനി അധികൃതരുടെ മെല്ലെപ്പോക്കും   ആസൂത്രണമില്ലായ്മയും തുടക്കത്തിൽ ദൗത്യ സംഘത്തിന്റെ പ്രവർത്തനം ദുഷ്കരമാക്കിയതായി സംഘാംഗങ്ങൾ പറയുന്നു. ഇത‌് ജോലിയുടെ പുരോഗതിയെയും  ബാധിച്ചു. അവിടത്തെ വൈദ്യുതി ജീവനക്കാരെ തേടിപ്പിടിച്ചും ജോലി ചെയ്യേണ്ട സ്ഥലങ്ങൾ സ്വയം കണ്ടെത്തിയുമാണ് ആദ്യ ദിവസങ്ങളിൽ പ്രവർത്തനം തുടങ്ങിയത്. ചെറിയ സമയത്തേക്ക് ജനറേറ്റർ വാടകയ്ക്ക്  സംഘടിപ്പിച്ചും ഭക്ഷണം സ്വയം പാകം ചെയ്തും കത്തുന്ന വെയിലിൽ  നിശ്ചയദാർഢ്യത്തോടെ ജോലിചെയ്ത ജീവനക്കാർ കേരളത്തിന്റെ അഭിമാനമായി. മുറിക്കകത്തെ 42 ഡിഗ്രിക്കടുത്ത ചൂടും ഇരുട്ടും സൃഷ്ടിച്ച പ്രയാസങ്ങളെ അതിജീവിച്ചായിരുന്നു പ്രവർത്തനം. വെളിച്ചം തിരിച്ചെത്തുമെന്ന് ബോധ്യമായതോടെ  ഗ്രാമീണർ പിന്തുണയുമായെത്തി. വൈദ്യുതി പുനഃസ്ഥാപിച്ചപ്പോൾ  സംഘത്തിന‌് സ‌്നേഹനിർഭര യാത്രയയപ്പാണ് ഗ്രാമവാസികൾ ഒരുക്കിയത്. 
വിജയകരമായി ദൗത്യം പൂർത്തിയാക്കി കേരളത്തിന്റെയും കെഎസ‌്ഇബിയുടെയും യശസ്സുയർത്തിയ സംഘത്തിന‌് അടുത്ത ദിവസം  കണ്ണൂർ വൈദ്യുതി ഭവനിൽ സ്വീകരണം ഒരുക്കുമെന്ന‌് അധികൃതർ അറിയിച്ചു.  
പ്രധാന വാർത്തകൾ
 Top