28 May Thursday

കര്‍ണാടകത്തില്‍നിന്നെത്തിയ 151 പേർ കോവിഡ് കെയര്‍ സെന്ററുകളിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

കണ്ണൂർ

കർണാടകത്തിൽനിന്ന് കൂട്ടുപുഴ അതിർത്തി വഴി ജില്ലയിലെത്തിയ 151 പേരെ 14 ദിവസത്തെ നിരീക്ഷണത്തിനായി ജില്ലയിലെ വിവിധ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റി. ബംഗളൂരു, മൈസൂരു തുടങ്ങി കർണാടകത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള മലയാളികളെയാണ് സെന്ററുകളിൽ താമസിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ എത്തിയ 62 പുരുഷന്മാരും ഒമ്പത് സ്ത്രീകളും, 10 കുട്ടികളുമുൾപ്പടെ 81 പേരെ വൈകിട്ട്‌ വരെ കുന്നോത്ത് സെന്റ്‌ തോമസ് ഹയർസെക്കൻഡറി സ്‌കൂളിൽ താമസിപ്പിച്ചു. രാത്രിയോടെ ഇവരെ രണ്ട്‌ കെഎസ്ആർടിസി ബസ്സുകളിൽ കണ്ണൂരിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. കണ്ണൂർ നഗരത്തിലെ അറഫ ഇന്റർനാഷനൽ, വിചിത്ര, സെന്റോർ തുടങ്ങിയ ഹോട്ടലുകലുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. കണ്ണൂരിലെ ബ്ലൂനെയിൽ, റോയൽ ഒമാർസ്, മലബാർ റസിഡൻസി, ദി റെയിൻബോ സ്യൂട്ട്‌സ് തുടങ്ങിയ വിവിധ ഹോട്ടലുകളും കോവിഡ് കെയർ സെന്ററുകളായി ഏറ്റെടുത്തിട്ടുണ്ട്.  തഹസിൽദാർ വി എം സജീവൻ, ഡെപ്യൂട്ടി തഹസിൽദാർ കെ വി ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റെടുക്കൽ നടന്നത്.
ഇതിനു പുറമെ, കഴിഞ്ഞ ദിവസങ്ങളിലായി എത്തിയ 28 പുരുഷന്മാരും രണ്ടു സ്ത്രീകളും ഒരുകുട്ടിയുമുൾപ്പെടെ 31 പേരെ തളിപ്പറമ്പ്‌ ആയുർവേദാശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 39 പേർ താണ പ്രീമെട്രിക്‌ ഹോസ്റ്റലിലും ഒരാൾ പയ്യാമ്പലം ടിടിഐയിലും നിരീക്ഷണത്തിലുണ്ട്.
 കെയർ സെന്ററുകളിൽ ഭക്ഷണമുൾപ്പടെയുള്ള അവശ്യ വസ്തുക്കളും സൗകര്യങ്ങളും എത്തിച്ചു നൽകുന്നതിനൊപ്പം നിരീക്ഷണത്തിനായി മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തി കടുന്നു വരുന്നവരെ 14 ദിവസം കൊറോണ കെയർ സെന്ററുകളിൽ നിരീക്ഷണത്തിന് വിധേയമാകണം എന്ന നിബന്ധനയോടെയാണ്  പ്രവേശിപ്പിക്കുന്നത്.  സന്നദ്ധരാകാത്തവരെ അതിർത്തിയിൽനിന്ന് തിരിച്ചയക്കും. വരുംദിനങ്ങളിൽ അതിർത്തിയിൽ പരിശോധന കർക്കശമാക്കും.
പ്രധാന വാർത്തകൾ
 Top