25 May Monday

തെയ്യങ്ങളുമില്ല കൊറോണക്കാലത്ത്‌

പി സുരേശൻUpdated: Friday Mar 27, 2020

കൊറോണ വൈറസ്‌ ബാധയുടെ സാഹചര്യത്തിൽ തെയ്യങ്ങൾ നിലച്ചതോടെ തെയ്യച്ചമയങ്ങൾ ഒതുക്കിവയ്‌ക്കുന്ന രാജീവൻ പെരുവണ്ണാൻ

കണ്ണൂർ

വേനലിൽ കാവുകളിലും ക്ഷേത്രങ്ങളിലും ഉറഞ്ഞാടുന്ന തെയ്യങ്ങളും കൊറോണക്കാലത്ത്‌ ‘ഉൾവലിഞ്ഞു’. മഹാമാരികളെ അകറ്റാൻ വയലുകളിൽ കെട്ടിയാടുന്ന പുതിയ ഭഗവതിയും രംഗത്തില്ല. നാട്ടുപരദേവതയായി അറിയപ്പെടുന്ന പുതിയ ഭഗവതി വയൽതിറയിൽ കുഷ്ഠവും വസൂരിയും അകലുമെന്നാണ് വിശ്വാസം. നാട്ടിൽ സമാധാനവും ശാന്തിയും  ഐശ്വര്യവും വിളയാടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പുതിയ ഭഗവതി കാവുകളിൽനിന്ന് വീടുകളിലേക്ക് എഴുന്നള്ളുന്നതത്രെ. പൂരത്തോടനുബന്ധിച്ചാണ് എഴുന്നള്ളത്ത്. എന്നാൽ, ഈ കൊറോണക്കാലത്ത് പുതിയ ഭഗവതിയടക്കമുള്ള തെയ്യങ്ങൾ ‘ജാഗ്രത’ പാലിക്കുകയാണ്. 
    തെയ്യം സീസണിലാണ് കൊറോണയും എത്തിയത്. ഉത്തര മലബാറിൽ അനുഷ്ഠാന കലയായ തെയ്യം ആസ്വദിക്കാനും ദർശനത്തിനും ആയിരങ്ങളാണ് എത്താറുള്ളത്. കൊറോണ സാഹചര്യത്തിൽ സർക്കാർ നിർദേശം മാനിച്ച് ഉത്തര മലബാറിലെ മുഴുവൻ തെയ്യങ്ങളും മാറ്റി. ഇനി ഈ സീസണിൽ തെയ്യം ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. സെപ്തംബർ അവസാനത്തോടെ തുടങ്ങി മെയ്‌ മാസത്തോടെ സമാപിക്കുന്ന കളിയാട്ടക്കാലം മുടങ്ങിയത് തെയ്യം കലാകാരന്മാരെ ദുരിതത്തിലാഴ്‌ത്തി. വിഷുക്കാല തെയ്യങ്ങളും ഉണ്ടാവില്ല. പൂരോത്സവവും മുടങ്ങി. 
    നാല് പുതിയ ഭഗവതി തിറ, മൂന്ന് തിരുവപ്പന വെള്ളാട്ടം, അഞ്ച് തറവാട്ട് തെയ്യങ്ങൾ എന്നിവ മുടങ്ങിയതായി കയരളം മേച്ചരിയിലെ പി കെ രാജീവൻ പെരുവണ്ണാൻ പറഞ്ഞു. പുതിയ ഭഗവതി തിറയ്ക്ക് ആറ് തെയ്യക്കാരും അഞ്ചുപേർ വാദ്യത്തിനും വേണം. ഇതിനുപുറമെ വെളിച്ചപ്പാട്, അന്തിത്തിരിയൻ, കുട, കൈവിളക്ക് എന്നീ വിഭാഗങ്ങളിലായി ഒരാൾവീതവും ഉണ്ടാവും. വലിയ ക്ഷേത്രങ്ങളിലെ തെയ്യത്തിന് ഇതിലേറെപേർ വേണം. ഇവർക്കെല്ലാം ഈ സീസണിൽ വലിയ നഷ്ടമാണ്. ഇതിനുപുറമെ, തെയ്യക്കാരന് ലഭിക്കുന്ന തൊഴുത് വരവും നിലയ്ക്കുമെന്ന്‌ രാജീവൻ പറഞ്ഞു.
    തെയ്യം, വാദ്യം കലാകാരനായ മനോജ് കമ്പിലിന് ഇങ്ങനെയൊരു സീസൺ ജീവിതത്തിലിതുവരെ ഉണ്ടായിട്ടില്ല. കൊളച്ചേരിമുക്കിൽ ചെണ്ട നിർമിച്ച് നൽകുന്ന കടയിലും പണിയില്ലാതായി. ചെണ്ട റിപ്പേർ, ചെണ്ട പഠനം എന്നിവയെല്ലാം മുടങ്ങി. 
    വണ്ണാൻ, മലയൻ, വേലൻ, പുലയൻ തുടങ്ങിയ പിന്നോക്ക വിഭാഗക്കാരാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. വെളിച്ചപ്പാടന്മാർക്ക് എഴുന്നള്ളത്ത് ഉൾപ്പെടെ നഷ്ടപ്പെട്ടതായി കയരളം കിളിയളത്തെ സഹദേവൻ വെളിച്ചപ്പാട്  പറഞ്ഞു.
പ്രധാന വാർത്തകൾ
 Top