30 May Saturday

വരുമാനമില്ലാതെ ക്ഷേത്ര ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

കണ്ണൂർ

കോവിഡ്‌ ജാഗ്രതയിൽ ക്ഷേത്രങ്ങളിൽനിന്ന്‌ ആളുകളൊഴിഞ്ഞതോടെ വരുമാനമില്ലാതെ ജീവനക്കാർ. ആളില്ലാതായതോടെ ക്ഷേത്രങ്ങളിൽ വരവ്‌ കുറഞ്ഞതിനാലാണ്‌ ജീവനക്കാർക്ക്‌ വേതനവും മറ്റും നൽകാനാവാത്തത്‌. 
മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്ര ജീവനക്കാർക്ക്‌ കോവിഡ്‌ ജാഗ്രതയുടെ പശ്‌ചാത്തലത്തിൽ അത്യാവശ്യ ക്ഷേത്രജോലികളും അനുഷ്‌ഠാന പൂജാ കർമങ്ങളുമാണ്‌ ചെയ്യാനുള്ളത്‌. 
    രോഗവ്യാപനം തടയുന്നതിന്‌ ദർശന വിലക്കേർപ്പെടുത്തിയതിനാൽ ക്ഷേത്രങ്ങൾക്ക്‌ വലിയ വരുമാന നഷ്ടമാണ്‌ ഉണ്ടാകുന്നത്‌. വരവില്ലാതെ ചെറിയ തുകപോലും ജീവനക്കാർക്ക്‌ നൽകാൻ ക്ഷേത്രങ്ങൾക്ക്‌ കഴിയില്ല. ക്ഷേത്രങ്ങളിലെ ബി, സി, ഡി ജീവനക്കാർക്ക്‌ പ്രതിമാസ ശമ്പളംപോലും കുടിശ്ശികയാണ്‌. ഒന്നര വർഷത്തെ ശമ്പളമാണ്‌ നിലവിലെ കുടിശ്ശിക. ഇതിന്‌ പുറമെയാണ്‌ പുതിയ പ്രതിസന്ധി. 
    വരുമാനമുള്ള സ്‌പെഷ്യൽ ഗ്രേഡ്‌, എ ഗ്രേഡ്‌ ക്ഷേത്ര ജീവനക്കാർക്കും മാർച്ചിലെ ശമ്പളം ലഭിക്കണമെങ്കിൽ നിലവിലുള്ള ബാങ്ക്‌ സ്ഥിരനിക്ഷേപത്തിൽനിന്ന്‌ പണം പിൻവലിക്കണം. ഇതിന്‌ ദേവസ്വം കമ്മീഷണറുടെ മുൻകൂർ അനുമതി അനുവാദം വാങ്ങണം. 
    സ്‌പെഷ്യൽ, എ, ബി, ബി, സി, ഡി ഗ്രേഡുകളിലായി 7138 ജീവനക്കാരാണ്‌ ആകെയുള്ളത്‌. നിലവിലുള്ള പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌  മലബാർ ദേവസ്വം ബോർഡ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) മന്ത്രിക്ക്‌ നിവേദനം നൽകി. ദേവസ്വം ബോർഡ്‌ ഓഫീസ്‌ നിർമാണത്തിന്‌ സ്വരൂപിച്ച 27 കോടി രൂപയിൽനിന്ന്‌ സർക്കാർ അനുമതിയോടെ എടുത്ത്‌ ബി, സി, ഡി ഗ്രേഡിലെ ജീവനക്കാർക്ക്‌ വേതനമായി നൽകുന്നതിന്‌ നടപടിയെടുക്കണം. മൂന്നു മാസത്തെ കുടിശ്ശിക അനുവദിക്കാൻ ഏകദേശം രണ്ടരക്കോടി രൂപയാണ്‌ ആവശ്യം വരിക. ബോർഡിന്റെ ട്രഷറി അക്കൗണ്ടിൽനിന്ന്‌ ഇതിനായി പണം എടുക്കാൻ സർക്കാർ അനുമതി നൽകിയാൽ മതിയാകും. സർക്കാർ ഗ്രാന്റ്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ എടുത്ത തുക ട്രഷറിയിൽ നിക്ഷേപിക്കാനാകും. ഇതോടൊപ്പം ആചാരസ്ഥാനീയരുടെയും കോലധാരികൾ, വെളിച്ചപ്പാട്‌ എന്നിവരുടെയും പെൻഷനും അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top