11 April Sunday

പുതിയ മമ്പറം പാലം മുഖ്യമന്ത്രി നാടിന്‌ സമര്‍പ്പിച്ചു പ്രതിസന്ധികള്‍ വികസനത്തിന്‌ തടസ്സമായില്ല‌‌: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Feb 27, 2021

മണക്കായി കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു

മമ്പറം
സംസ്ഥാനത്ത്‌ പല പ്രതിസന്ധികൾ ഉണ്ടായപ്പോഴും വികസന പ്രവർത്തനങ്ങൾ സ്‌തംഭിക്കരുതെന്ന കാഴ്‌ചപ്പാടാണ്‌ സർക്കാർ സ്വീകരിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  മമ്പറം‌ പുതിയ പാലത്തിന്റെ ഉദ്‌ഘാടനം ഓൺലൈനിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 
പ്രളയം, കോവിഡ്‌ തുടങ്ങിയ പ്രതിസന്ധികൾ നേരിട്ടപ്പോഴും അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ ശ്രദ്ധ കുറച്ചില്ല‌. മമ്പറം പുതിയ പാലത്തിനുവേണ്ട നടപടികൾ നേരത്തേ തുടങ്ങിയെങ്കിലും എൽഡിഎഫ്‌ സർക്കാർ വന്നശേഷമാണ്‌ അപ്രോച്ച്‌ റോഡിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുത്തത്‌. ജലപാത കടന്നുപോവുന്നതിനാൽ രൂപരേഖ മാറ്റുന്നതിനും കാലതാമസം ഉണ്ടായി. ജനങ്ങളുടെ ദീർഘകാല ആവശ്യമാണ്‌ നിറവേറിയത്‌. നാട്ടുകാർക്ക്‌ ‌ മാത്രമല്ല ഇതിന്റെ പ്രയോജനം. കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ മറ്റു ജില്ലയിൽനിന്നുള്ളവർക്ക്‌ എത്തിച്ചേരുന്നതിനും പാലം പ്രയോജനപ്പെടുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
നടക്കില്ലെന്നു കരുതിയ പല പദ്ധതികളും ഈ സർക്കാർ നടപ്പാക്കി. പൊതുമരാമത്ത്‌ വകുപ്പ്‌ മുഖേന മാത്രം 20,000 കോടി രൂപയുടെയും കിഫ്‌ബി വഴി 10,000 കോടി രൂപയുടെയും വികസന പ്രവർത്തനങ്ങളാണ്‌ നടപ്പാക്കിയതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
  ഉത്സവ പ്രതീതിയോടെയാണ്‌ നാട്ടുകർ ഉദ്‌ഘാടന പരിപാടിയിൽ പങ്കാളികളായത്‌. പാലത്തിലൂടെ ആദ്യയാത്രയ്ക്ക് വാഹനങ്ങളുടെ നീണ്ട നിര കാത്തുനിന്നു. കുട്ടികളുമായി കാറിൽ എത്തിയും പാലത്തിന് മുകളിലൂടെ നടന്നും സെൽഫി എടുത്തും ചെണ്ടമേളവുമൊക്കെയായി  ജനങ്ങൾ ആഘോഷിച്ചു. കണ്ണൂർ–- കൂത്തുപറമ്പ്‌ റോഡിൽ അഞ്ചരക്കണ്ടി പുഴയ്‌ക്ക്‌ കുറുകെയാണ്‌ മമ്പറം പാലം‌. ധർമ്മടം മണ്ഡലത്തിലെ പെരളശേരി, വേങ്ങാട്‌ പഞ്ചായത്തുകളെയാണ്‌ പാലം ബന്ധിപ്പിക്കുന്നത്‌. പാലത്തിനായി നബാർഡ്‌ ആർഐഡിഎഫ്‌ 22 സ്‌കീമിൽ ഉൾപ്പെടുത്തി 13.40 കോടി രൂപ ചെലവിലാണ്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി നിർമാണം പൂർത്തിയാക്കിയത്‌. 
മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌‌ പി പി ദിവ്യ നാട മുറിച്ചു പാലം തുറന്നുകൊടുത്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ശിലാഫലകം അനാച്ഛാദനംചെയ്‌തു. ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്‌, തലശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌‌ സി പി അനിത, എടക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌‌ പി കെ പ്രമീള,  പഞ്ചായത്ത്‌ പ്രസിഡന്റുമാരായ‌ കെ ഗീത,  എ വി ഷീബ, എടക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌‌ കെ പി ബാലഗോപാലൻ,  പി കെ മിനി, സി രാജേഷ് ചന്ദ്രൻ,  കമലാക്ഷൻ പാലേരി, സി ചന്ദ്രൻ, മുരിക്കോളി പവിത്രൻ, പി കെ ഇന്ദിര, കെ കെ പ്രജിത്ത്, കെ കെ നാരായണൻ, കെ ശശിധരൻ, മമ്പറം ദിവാകരൻ, മാമ്പ്രത്ത് രാജൻ, എൻ പി താഹിർ, കെ കെ ജയപ്രകാശ്, കെ മുകുന്ദൻ, ടി ഭാസ്കരൻ, ഹരീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top