03 April Friday

പിടിയിലായ ക്വട്ടേഷൻ സംഘത്തിന്‌ കോൺഗ്രസ്‌ നേതാവുമായി അടുത്ത ബന്ധം

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020
കണ്ണൂർ
കണ്ണൂരിൽ കഴിഞ്ഞ ദിവസം പിടിയിലായത്‌ കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ബന്ധമുള്ള ക്വട്ടേഷൻ സംഘം. നഗരത്തിലെ വ്യാപാരികളുടെ പണമിടപാട്‌ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്ന സംഘത്തിലെ അംഗങ്ങൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്‌. കഴിഞ്ഞദിവസം പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ബലപ്രയോഗത്തിലൂടെയാണ്‌ കീഴ്‌പ്പെടുത്തിയത്‌. 
കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത്  ചൊവ്വാഴ്ച വൈകിട്ടാണ്‌ ക്വട്ടേഷൻ സംഘം പിടിയിലായത്‌. കക്കാട് കൊയിലേരിയൻ ഹൗസിൽ കെ വിഷ്ണു (25), അരിമ്പ്രയിലെ മൊട്ടമ്മൽ ഹൗസിൽ എം നൗഫൽ (28), വി വി ഷമിം (38) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സംഘം ചേർന്ന് ഒരാളെ തടഞ്ഞുവച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ്‌ പൊലീസെത്തിയത്‌. കണ്ണൂരിലെ വ്യാപാരിയിൽനിന്ന്‌ പണം വാങ്ങിയെടുക്കാനുള്ള ക്വട്ടേഷനെടുത്താണ്‌ ഇവരെത്തിയത്‌. ജനങ്ങൾ അറിയിച്ചതിനെതുടർന്നാണ്‌ ടൗൺ എസ്‌ഐ ബി എസ്‌ ബാവിഷിന്റെ നേതൃത്വത്തിൽ പൊലീസ്‌ എത്തിയത്‌. ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചതോടെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. 
ജനങ്ങൾ കൂടിയതോടെ തക്‌ബീർ വിളിച്ച്‌ വിഷയം മാറ്റാനും ഇവർ ശ്രമിച്ചിരുന്നു. വിഷയം മാറ്റി ജനങ്ങളുടെ പിന്തുണയോടെ രക്ഷപ്പെടാനായിരുന്നു നീക്കം. ജില്ലയിൽ ക്രിമിനൽ സംഘങ്ങളെ തീറ്റിപ്പോറ്റുന്ന പ്രമുഖ കോൺഗ്രസ്‌ നേതാവിന്റെ സന്തത സഹചാരിയാണ്‌ പിടിയിലായ നൗഫൽ. മുസ്ലിം യൂത്ത്‌ ലിഗിന്റെ സജീവ പ്രവർത്തകനായ ഇയാൾ മുൻ മയ്യിൽ പഞ്ചായത്ത്‌ ട്രഷററുമായിരുന്നു. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിനിടെ അരിമ്പ്രയിൽ സിപിഐ എം പ്രവർത്തകനെ അക്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്‌. കണ്ണൂർ ഡിസിസി ഓഫീസലെ നിത്യ സന്ദർശകൻ കൂടിയായ ഇയാൾ നഗരത്തിൽ നടക്കുന്ന പണമിടപാടുകളിലെയും ക്വട്ടേഷനെടുത്താണ്‌ പണമുണ്ടാക്കുന്നത്‌. കൊടുപ്പിക്കുന്ന പണത്തിന്റെ നിശ്‌ചിത ശതമാനമാണ്‌ ക്വട്ടേഷൻ ഉറപ്പിക്കുന്നത്‌.  മയക്കുമരുന്ന്‌ വിൽപനയും സംഘത്തിനുണ്ട്‌. ചൊവ്വാഴ്‌ച പിടിയിലാകുമ്പോഴും സംഘം ലഹരിയിലായിരുന്നു.
പ്രധാന വാർത്തകൾ
 Top