കൂത്തുപറമ്പ്
അനശ്വര രക്തസാക്ഷികൾ കെ കെ രാജീവനും മധുവും ബാബുവും ഷിബുലാലും റോഷനും സ്മരണകളിൽ നിറഞ്ഞപ്പോൾ കൂത്തുപറമ്പിൽ പോരാട്ടത്തിന്റെ കനൽമുദ്രകൾ ജ്വലിച്ചുയർന്നു. ആയിരങ്ങൾ അണിനിരന്ന റാലിയോടെ ഇരുപത്തിയെട്ടാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം കൂത്തുപറമ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു.
നഗരസഭാ സ്റ്റേഡിയത്തിലെ അനുസ്മരണ യോഗത്തിൽ കെ ധനഞ്ജയൻ അധ്യക്ഷനായി. രക്തസാക്ഷികൾ വെടിയേറ്റുവീണ സ്ഥലങ്ങളിൽനിന്ന് ബന്ധുക്കളും നേതാക്കളും അത്ലറ്റുകൾക്ക് ദീപശിഖ കൈമാറി. ഷിബുലാൽ വെടിയേറ്റുവീണ സ്ഥലത്തുനിന്ന് പി ബാലൻ കൊളുത്തിയ ദീപശിഖ ടി മിഥുൻ ഏറ്റുവാങ്ങി. മധു വെടിയേറ്റുവീണ സ്ഥലത്തുനിന്ന് കെ ലീല കൊളുത്തിയ ദീപശിഖ സി പി അജേഷും ബാബു വെടിയേറ്റുവീണ സ്ഥലത്തുനിന്ന് ടി ബാലൻ കൊളുത്തിയ ദീപശിഖ കെ ഷിബിനയും രാജീവൻ വെടിയേറ്റുവീണ സ്ഥലത്തുനിന്ന് എൻ കെ ശ്രീനിവാസൻ കൊളുത്തിയ ദീപശിഖ എ പി ശ്യാംജിത്തും ഏറ്റുവാങ്ങി. റോഷൻ വെടിയേറ്റുവീണ സ്ഥലത്തുനിന്ന് അമ്മ നാരായണി കൊളുത്തിയ ദീപശിഖ എൻ കെ റിജേഷ് ഏറ്റുവാങ്ങി. തുടർന്ന് തൊക്കിലങ്ങാടിയിൽനിന്നും പുറക്കളത്തുനിന്നും ആരംഭിച്ച റാലിയും രക്തസാക്ഷി സ്തൂപത്തിന് സമീപം സമാപിച്ചു.
അത്ലറ്റുകളും ബാൻഡ് മേളവും റാലിക്ക് അകമ്പടിയായി. അനുസ്മരണ യോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, ട്രഷറർ അരുൺ ബാബു, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, വത്സൻ പനോളി, എം സുരേന്ദ്രൻ, എം ഷാജർ, സരിൻ ശശി തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..