29 January Saturday

സിപിഐ എം പാനൂർ ഏരിയാസമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

സിപിഐ എം പാനൂർ ഏരിയാ പൊതുസമ്മേളനം എ എൻ ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

പാനൂർ സിഎച്ച്‌സിയെ താലൂക്കാശുപത്രിയാക്കണം

പാനൂർ
പാനൂർ കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിനെ താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് സിപിഐ എം പാനൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പാനൂരിലെയും പരിസരങ്ങളിലെയും സാധാരണക്കാരുടെ ആശ്രയമായ സിഎച്ച്‌സിയിൽ പരിമിത സൗകര്യമാണുള്ളത്‌. കൂത്തുപറമ്പ്‌ എംഎൽഎയായിരുന്ന കെ കെ ശൈലജയുടെ ഇടപെടലിൽ 2019–-20 ലെ ബജറ്റിൽ 94 കോടി രൂപ ആശുപത്രി സ്ഥലമെടുപ്പിനും കെട്ടിടനിർമാണത്തിനുമായി കിഫ്ബിയിൽനിന്ന്‌ അനുവദിച്ചിട്ടുണ്ട്‌.  ഈ വിഷയത്തിൽ പാനൂർ നഗരസഭ ഉദാസീന നിലപാടിലാണ്‌. ആശുപത്രി വികസനം യാഥാർഥ്യമാക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്നും പ്രമേയത്തിൽ പറഞ്ഞു.
കൂത്തുപറമ്പ്-, തലശേരി മണ്ഡലം കുടിവെള്ള പദ്ധതി ഉടൻ യാഥാർഥ്യമാക്കുക, വി പി സത്യൻ സ്മാരകമായി സ്റ്റേഡിയം നിർമിക്കുക, തലശേരി ഗവ. കോളേജിനെ ഊരച്ചേരി ഗുരുനാഥൻമാർ സ്മാരകമെന്ന്‌ പുനർനാമകരണം ചെയ്യുക; കോളേജിൽ നൂതന കോഴ്സുകൾ ആരംഭിക്കുക, കരിയാട് –-പടന്നക്കര–- -തലശേരി റൂട്ടിലും പാനൂർ –-- കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിലും ഓടിയിരുന്ന കെഎസ്ആർടിസി സർവീസ് പുനഃസ്ഥാപിക്കുക തുടങ്ങിയ  പ്രമേയങ്ങളും  അംഗീകരിച്ചു. 
പൊതുചർച്ചയിൽ 40 പേർ പങ്കെടുത്തു. ചർച്ചയ്‌ക്ക്‌ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്‌ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, എ എൻ ഷംസീർ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, ജില്ലാകമ്മിറ്റിയംഗം കെ കെ പവിത്രൻ എന്നിവർ സംസാരിച്ചു. എൻ അനിൽകുമാർ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
പാനൂർ ബസ്  സ്റ്റാൻഡിന്‌ സമീപം ‘പി കെ കുഞ്ഞനന്തൻ നഗറി’ൽ കൂത്തുപറമ്പ്‌ രക്തസാക്ഷിദിനാചരണത്തിന്റെഭാഗംകൂടിയായി ചേർന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ എൻ ഷംസീർ എംഎൽഎ  ഉദ്ഘാടനം ചെയ്തു. കെ ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്‌, പി ഹരീന്ദ്രൻ, കെ കെ പവിത്രൻ, കിരൺ കരുണാകരൻ, പി പി പ്രഗീഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എം പി ബൈജു സ്വാഗതം പറഞ്ഞു.

കെ  ഇ കുഞ്ഞബ്ദുള്ള  
പാനൂർ ഏരിയാ സെക്രട്ടറി
സിപിഐ എം പാനൂർ ഏരിയാസെക്രട്ടറിയായി കെ ഇ കുഞ്ഞബ്ദുള്ളയെ വീണ്ടും തെരഞ്ഞെടുത്തു. 21 അംഗ ഏരിയാകമ്മിറ്റിയെയും പാനൂർ ‘പി കെ കുഞ്ഞനന്തൻ നഗറിൽ’ നടന്ന സമ്മേളനം തെരഞ്ഞെടുത്തു. ഇ വിജയൻ, എ രാഘവൻ, കെ കെ സുധീർ കുമാർ, വി കെ രാകേഷ്, എം ടി കെ ബാബു, കെ കെ രാജീവൻ, എ ശൈലജ, എൻ അനൂപ്, എ പ്രദീപൻ, പി സരോജിനി, പ്രജീഷ് പൊന്നത്ത്, എൻ അനിൽകുമാർ, കെ പി രാജേഷ്, എ പി ഭാസ്കരൻ, പൊന്നത്ത് കുമാരൻ, എം പി ബൈജു, കെ കെ ശ്രീജ, വി ഉദയൻ, പി മനോഹരൻ, കിരൺ കരുണാകരൻ എന്നിവരാണ് ഏരിയാകമ്മിറ്റിയംഗങ്ങൾ. 13- ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top