കണ്ണൂർ
വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ റെക്കോഡിട്ട് മലയാളി താരം. ഓസ്ട്രേലിയയിൽ ബാങ്ക് ജീവനക്കാരനായ കണ്ണൂർ താണ സ്വദേശി മുഹമ്മദ് മുഹസിൻ ആണ് ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്തെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചത്.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കീഴിലുള്ള സിഡ്നി മോർണിങ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ഡിവിഷൻ മൂന്ന് മത്സരത്തിലാണ് ആസിഫ് മുഹസിന്റെ അഭിമാനനേട്ടം. സിഡ്നിയിലെ വയറ്റ് പാർക്ക് ഗ്രൗണ്ടിൽ മലബാർ യുണൈറ്റഡ് ക്ലബ്ബിനു കളിച്ച ആസിഫ്, ഫൈൻ ലെഗ്സ് ക്ലബ്ബിനെതിരെയുള്ള 50 ഓവർ മത്സരത്തിൽ ഓപ്പണിങ് ബാറ്റ്സ്മാൻ ആയാണ് ഇറങ്ങിയത്. 273 റൺസ് ആണ് ഔട്ട് ആവാതെ അടിച്ചെടുത്തത്. 20 സിക്സും 21 ഫോറും അടങ്ങുന്ന ബാറ്റിങ് പ്രകടനത്തിലൂടെയാണ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്. അസോസിയേഷന്റെ 92 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇത്.
ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച പട്ടികയിൽനിന്നും വിൽ പുകോവ്സ്കിയെയാണ് ആസിഫ് മൊഹ്സിൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഓസ്ട്രേലിയൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരമാണ് വിൽ പുകോവ്സ്കി. മുമ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് മാത്രം കളിച്ചിരുന്ന ആസിഫ് മൂന്നുവർഷം മുമ്പു മാത്രമാണ് ക്ലബ് തലത്തിൽ ഡിവിഷൻ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്.
കണ്ണൂർ മുഴത്തടം ജിഫ് ഹൗസിൽ റിട്ട. എൻജിനിയർ ബീരാൻകുട്ടിയുടെയും റസിയയുടെയും മകനാണ് ആസിഫ് മൊഹ്സിൻ. കോമൺവെൽത്ത് ബാങ്ക് ജീവനക്കാരനായ ആസിഫ് മൊഹ്സിൻ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലാണ് താമസം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..