22 October Tuesday

ടാക്സി തൊഴിലാളികൾക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
കണ്ണൂർ
ജില്ലയിലെ ടാക്സി തൊഴിലാളികൾക്കെതിരെ കണ്ണൂർ വിമാനത്താവളത്തിലെ പ്രീപെയ്ഡ്‌ ടാക്സി സർവീസ്‌ കരാറുകാരായ കലിക്കറ്റ്‌ ടൂർസ്‌ ആൻഡ്‌ ട്രാവൽസ്‌ ഉടമ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമാനുസരണം സർവീസ്‌ നടത്താൻ അനുവദിക്കുന്നില്ലെന്നും വാഹനങ്ങൾ വഴിയിൽ തടയുന്നെന്നും  കാണിച്ചാണ്‌ കലിക്കറ്റ്‌ ടൂർസ്‌ ആൻഡ്‌ ട്രാവൽസ്‌ ഉടമ  കോടതിയെ സമീപിച്ചത്‌. എന്നാൽ, ഹർജി ഫയലിൽ സ്വീകരിക്കുകപോലും ചെയ്യാതെ കോടതി തള്ളുകയായിരുന്നു. വിമാനത്താവളത്തിൽ അനുവദിച്ച  പ്രീപെയ്ഡ്‌ ടാക്സികൾ അവിടെനിന്നുള്ള  സർവീസുകൾ മാത്രം നടത്തണമെന്ന്‌ കോടതി നിർദേശിച്ചു. മറ്റു സർവീസുകൾക്ക്‌ ഈ വാഹനം ഉപയോഗിക്കുന്നത്‌ നിയമവിരുദ്ധമാണ്‌. ടാക്‌സി മേഖലയിൽ ജോലിചെയ്യുന്ന മറ്റു തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്താതെ കരാർ വ്യവസ്ഥ പാലിച്ചു മാത്രം സർവീസ്‌ നടത്തണം. ഇതിന്‌ വിരുദ്ധമായി പ്രവർത്തിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.  ജില്ലാ 
മോട്ടോർ തൊഴിലാളി യൂണിയ(സിഐടിയു)നുവേണ്ടി അഡ്വ. ഒ വി മണിപ്രസാദ്‌ ഹാജരായി.ടാക്‌സി തൊഴിലാളികളെ അപമാനിക്കുന്ന വ്യാജ പ്രചാരണങ്ങൾക്കാണ്‌ കോടതി വിധിയിലൂടെ തടയിടാൻ കഴിഞ്ഞതെന്ന്‌ യൂണിയൻ സെക്രട്ടറി വി കെ ബാബുരാജ്‌  പറഞ്ഞു.  കോടതിവിധിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ അനുവദിച്ച 60 ടാക്സികൾ അവിടെനിന്നുള്ള സർവീസ്‌ മാത്രം നടത്തണം. അല്ലാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ അധികൃതർ നിയമ നടപടി സ്വീകരിക്കണം. പ്രസ്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top