18 September Saturday

ജീവിതത്തിലേക്ക്‌ 
കൈപിടിച്ചത്‌ 
‘കേരളത്തിന്റെ സൈന്യം’

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021
തലശേരി
തകർന്ന തോണിക്കൊപ്പം ജീവനും കടലെടുക്കുമെന്ന്‌ ആശങ്കപ്പെട്ടവരെ ജീവിതത്തിലേക്ക്‌ പിടിച്ചുയർത്തി ഗോപാലപ്പേട്ടയിലെ മത്സ്യത്തൊഴിലാളികൾ. കാറ്റും കോളും നിറഞ്ഞ കടലിൽ സഹായത്തിനായി പ്രതീക്ഷയോടെ ഉയർന്ന കൈകളെ അവർ ചേർത്തുപിടിച്ചു. തോണിയും വലയും എൻജിനും നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്‌  പെട്ടിപ്പാലത്തെ ഷംസുദ്ദീനും കൊല്ലം സ്വദേശികളായ പ്രഭാകരനും കുഞ്ഞാലിയും. തൊഴിലാളികളെ  കരയിൽ എത്തിച്ചത്‌ ‘ലക്ഷ്‌മി’  എന്ന തോണിയിലാണ്‌. തീരത്തോട്‌ ചേർന്ന്‌ തിരമാല കനത്തതോടെ തീരദേശ പൊലീസിനെ അറിയിച്ചു. ഇതിനിടെ തോണി ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തീരദേശ പൊലീസിന്റെ സാന്നിധ്യവും തുണയായി.   ‘ആശങ്കയുടെ നിമിഷങ്ങളായിരുന്നു അതെന്ന്‌ രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഗോപാലപ്പേട്ടയിലെ ജയചന്ദ്രൻ പറഞ്ഞു. രക്ഷയ്‌ക്കായി കമ്പക്കയർ ചാടികൊടുത്ത്‌ പ്രായമായ രണ്ടുപേരെയാണ്‌ ആദ്യം രക്ഷിച്ചത്‌. തോണിയിൽ പിടിച്ചിരുന്ന ഷംസുദ്ദീനെ പ്രയാസപ്പെട്ടാണ്‌ കരയ്‌ക്കെത്തിച്ചത്‌. ബോണി മാർട്ടിൻ, ഷാജി കോട്ടായി, നിധിൻ വേലിക്കോത്ത്‌, കെ പി ശ്രീജിത്ത്‌, കെ വി റനീഷ്‌ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചിലേറെ പേരാണ്‌ രക്ഷാദൗത്യത്തിനിറങ്ങിയത്‌. തീരദേശ സ്‌റ്റേഷനിലെ എസ്‌ഐ ഭാവിഷ്‌, എഎസ്‌ഐ വിനോദ്‌,  ക്ലിറ്റസ്‌ റോച്ച, ഷിനിൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top