21 May Tuesday

ജില്ലാ ലൈബ്രറി കൗണ്‍സിലിന് 5.6 കോടിയുടെ ബജറ്റ്

സ്വന്തം ലേഖകന്‍Updated: Friday Apr 26, 2019
കണ്ണൂർ
ജില്ലാ ലൈബ്രറി കൗൺസിലിന് 5.6 കോടി രൂപയുടെ ബജറ്റ്. ജില്ലയിലെ 945 ലൈബ്രറികളുടെ വികസനത്തിനുള്ള പദ്ധതി പ്രവർത്തനങ്ങൾക്ക്  ശിൽപശാലയിൽ രൂപരേഖയായി.
തെരഞ്ഞെടുത്ത നൂറ് ലൈബ്രറികളിൽ ഗണിത ക്ലിനിക്ക് ആരംഭിക്കും. ഗ്രന്ഥശാലകൾക്ക് അലമാര, പബ്ലിക് അഡ്രസ്സ് സിസ്റ്റം എന്നിവ വിതരണം ചെയ്യും.  അക്ഷരായനം കലാജാഥ,  ശിൽപശാല, ഫിലിം ഫെസ്റ്റ്, വനിതാ വേദി  അംഗങ്ങൾക്ക‌് തൊഴിൽ പരിശീലനം, വായനമത്സരം, ബാലകലോത്സവം      ലൈബ്രേറിയന്മാർക്കും വായനശാലാ ഭാരവാഹികൾക്കും പരിശീലനം എന്നിവ സംഘടിപ്പിക്കും.  ഊർജ ഗ്രാമം, ലഹരി വിമുക്ത ഗ്രാമം, ഭരണഘടനയും സമൂഹവും ക്ലാസ് എന്നിവയും സംഘടിപ്പിക്കും.
ലൈബ്രറികളിൽ വനിതാ വേദി, ബാലവേദി, യുവജന വേദി, വയോജന വേദി എന്നിവ രൂപീകരിച്ച് വിവിധ കൗൺസിലുകൾ രൂപീകരിക്കും. ബാലവേദി ലിറ്റിൽ തീയേറ്റർ കരിയർ ഗൈഡൻസ് സെന്റർ, താലൂക്ക് റഫറൻസ് ലൈബ്രറി അക്കാദമിക‌് സ്റ്റഡി സെന്റർ, മോഡൽ വില്ലേജ് ലൈബ്രറി, ജയിൽ ലൈബ്രറി, ഹോസ്പിറ്റൽ ലൈബ്രറി, സ്മാർട്ട് ഇ റീഡിങ‌് റൂം, വനിതാവയോജന പുസ്തക വിതരണപദ്ധതി എന്നിവക്കും ഫണ്ട് നീക്കിവച്ചിട്ടുണ്ട്. ലൈബ്രറികൾക്ക് പ്രവർത്തന ഗ്രാന്റിന്  ഒരു കോടി രൂപയും നീക്കിവച്ചു. ഹെർമിറ്റേജ് ലൈബ്രറി, ജില്ലാതാലൂക്ക്  ഓഫീസ് ആധുനികവൽക്കരണം , ജൈവപച്ചക്കറി കൃഷി പ്രോത്സാഹനം, പച്ചക്കറി ത്തോട്ട നിർമാണം, നാടകകളരി, ഗുരുസംഗമം, ട്രൈബൽ ലൈബ്രറി, സാന്ത്വനപരിപാലനം, വനിതാ കമ്മീഷൻ നേതൃത്വത്തിൽ കൗൺസലിങ് കേന്ദ്രം എന്നിവയും ലൈബ്രറികൾ മുഖേന നടപ്പാക്കും. ഇതിന് പുറമെ കെട്ടിട ഗ്രാന്റ്, കുട്ടികളുടെ ലൈബ്രറി എന്നിവ നിർമിക്കുന്നതിനും ഫണ്ട് നീക്കിവച്ചു. 
  ജില്ലാ ലൈബ്രറി ഹാളിൽ  ശിൽപശാല  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കവിയൂർ രാജഗോപാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ ബൈജു പദ്ധതി  രേഖയും വൈസ് പ്രസിഡന്റ് എം മോഹനൻ ബജറ്റും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ജയബാലൻ, വി കെ സുരേഷ് ബാബു, പി കെ ഗോവിന്ദൻ, വൈക്കത്ത് നാരായണൻ, സി സോമൻ, ടി വി നാരായണൻ, എ ശ്രീധരൻ, ഇ കെ സിറാജ്, കെ ജയരാജൻ, കെ ദിനേശൻ, വി എൻ ഗോപി തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top