14 July Tuesday

ജാഗ്രതാ മുന്നറിയിപ്പുമായി പൊലീസ്‌ റൂട്ട്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

കോവിഡ്‌ 19 രോഗപ്രതിരോധത്തിനുള്ള ജാഗ്രതാ മുന്നറിയിപ്പ്‌ ജനങ്ങളിലെത്തിക്കാൻ കണ്ണൂർ നഗരത്തിൽ നടന്ന റൂട്ട്‌മാർച്ച്

കണ്ണൂർ
കോവിഡ്‌ 19 രോഗപ്രതിരോധത്തിനുള്ള ജാഗ്രതാ മുന്നറിയിപ്പ്‌ ജനങ്ങളിലെത്തിക്കാൻ ജില്ലയിലെ പ്രധാന നഗരങ്ങളിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി. അനാവശ്യമായി വീട്ടിൽനിന്ന്‌ പുറത്തിറങ്ങുന്നവരെയും നഗരങ്ങളിലും മറ്റും ചുറ്റിക്കറങ്ങുന്നവരെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായിരുന്നു റൂട്ട്‌ മാർച്ച്‌. 
അടച്ചിടൽ നിർദേശം ലംഘിച്ച്‌ കഴിഞ്ഞദിവസം നിരവധിപേർ നഗരങ്ങളിലും മറ്റും എത്തിയിരുന്നു. സർക്കാർ നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നതിന്റെ മുന്നറിയിപ്പായിരുന്നു റൂട്ട്‌ മാർച്ച്‌.
കണ്ണൂർ നഗരത്തിൽ ജില്ലാ പൊലീസ്‌ മേധാവി ജി എച്ച്‌ യതീഷ്‌ചന്ദ്രൻ, അഡീഷൻ എസ്‌പി പ്രജീഷ്‌ തോട്ടത്തിൽ, ഡിവൈഎസ്‌പിമാരായ പി പി സദാനന്ദൻ, പ്രദീപ്‌കുമാർ, അബ്‌ദുൾ കരീം എന്നിവർ നേതൃത്വം നൽകി. കണ്ണൂർ പഴയ ബസ്‌സ്‌റ്റാൻഡിൽനിന്ന്‌ തുടങ്ങി കണ്ണൂർ നഗരം ചുറ്റി കാൾടെക്‌സിൽ സമാപിച്ചു. തലശേരി ടൗണിൽ ഡിവൈഎസ‌്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു റൂട്ട‌്മാർച്ച‌്. 
പയ്യന്നൂരിൽ സിഐ എ വി ജോൺ, എസ്‌ഐ ശ്രീജിത്ത്‌ കോടേരി എന്നിവർ നേതൃത്വം നൽകി. ഇരിട്ടിയിൽ സജേഷ്‌ വാഴാളപ്പിൽ, സിഐ കുട്ടികൃഷ്‌ണൻ, എസ്‌ഐ ബാലകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി. 
അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കുന്നതിന്‌ പൊലീസ്‌ ബുധനാഴ്‌ച ജാഗ്രതയോടെയാണ്‌ നീങ്ങിയത്‌. തിരിച്ചറിയൽ കാർഡ്‌, സത്യവാങ്‌മൂലം എന്നിവയില്ലാതെ യാത്ര ചെയ്‌തവർക്കെതിരെ നടപടിയെടുത്തു. ഇരുചക്രവാഹനങ്ങളിൽ ഒന്നിലധികംപേർ സഞ്ചരിക്കുന്നത്‌ വിലക്കി. പ്രധാന റോഡുകളിൽ ബാരിക്കേഡും ഉയർത്തിയിരുന്നു. പുതിയതെരുവിൽ ഡിവൈഎസ്‌പി പ്രേമരാജനും ചക്കരക്കല്ലിൽ സിഐ എ വി ദിനേശനും നേതൃത്വം നൽകി.
 
പ്രധാന വാർത്തകൾ
 Top