04 June Thursday

ബിജെപി ജില്ലാ പ്രസിഡന്റ്‌: വഴങ്ങാതെ ആർഎസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020
കണ്ണൂർ
ആർഎസ്‌എസ്‌ നിർദേശിച്ചയാളെ  തള്ളി എൻ ഹരിദാസനെ ബിജെപി ജില്ലാ പ്രസിഡന്റാക്കിയതിൽ സംഘപരിവാർ നേതൃത്വത്തിന്‌ അതൃപ്‌തി. കാസർകോട്ടെ രവീശതന്ത്രി കുണ്ടാറെപ്പോലെ  പരസ്യപ്രതികരണത്തിന്‌ ആരും തയാറല്ലെങ്കിലും ആർഎസ്‌എസ്സിലെ പ്രബലവിഭാഗം ഇടഞ്ഞുനിൽകുകയാണ്‌. സംസ്ഥാന സെൽ കൺവീനർ കെ രഞ്ജിത്തിനെ പ്രസിഡന്റാക്കാനാണ്‌ ആർഎസ്‌എസ്‌ താൽപര്യം. എതിർപ്പ്‌ ശക്തമായപ്പോൾ  ഒത്തുതീർപ്പെന്ന നിലയിൽ സി സദാനന്ദന്റെ പേരും പരിഗണിച്ചിരുന്നു. 
തങ്ങളുടെ നിലപാട്‌ പാടേതള്ളി വി മുരളീധര പക്ഷം കണ്ണൂരിൽ എൻ ഹരിദാസനെ അടിച്ചേൽപിച്ചതാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തെ ചൊടിപ്പിച്ചത്‌. കെ രഞ്ജിത്തിനെതിരെ മഹളാമോർച്ച നേതാവിന്റെ ആരോപണം വന്നപ്പോൾ എതിർവിഭാഗത്തിനൊപ്പം നിന്നതും നിയുക്ത പ്രസിഡന്റിനെതിരായ നീക്കത്തിനുപിന്നിലുണ്ട്‌. 
നേരത്തെ പി കെ കൃഷ്‌ണദാസുമായി അടുപ്പം പുലർത്തിയ ഹരിദാസ്‌ അടുത്തകാലത്താണ്‌ മറുകണ്ടം ചാടിയത്‌. കെ കെ വിനോദ്‌കുമാർ, വി രത്‌നാകരൻ എന്നിവരടങ്ങുന്ന വിഭാഗമാണ്‌ ഹരിദാസനുവേണ്ടി തുടക്കം മുതൽ ചരടുവലിച്ചത്‌. മണ്ഡലം പ്രസിഡന്റുമാരുടെയും ജില്ലാ ഭാരവാഹികളുടെയും യോഗത്തിൽ ഭൂരിപക്ഷവും കെ രഞ്ജിത്തിന്‌ അനുകൂലമായിരുന്നു. എൻ ഹരിദാസായിരുന്നു തൊട്ടുപിന്നിൽ. മുരളീധര വിഭാഗത്തിന്റെ ശക്തമായ എതിർപ്പാണ്‌ കാര്യങ്ങൾ കീഴ്‌മേൽമറിച്ചത്‌. ഇതിനിടെ ആർഎസ്‌എസ്‌ നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള നീക്കം മുരളീധരപക്ഷം ആരംഭിച്ചിട്ടുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top