29 February Saturday

കാക്കാ, പൂച്ച, സിന്ദൂര വർത്താനം ഇവിടെ വേവൂല

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

പെരുമ്പ‌് മുസ്ലിം ജമാഅത്ത‌് പള്ളി കമ്മിറ്റി ഭാരവാഹികൾ കണ്ടോത്ത‌് കൂർമ്പ ഭഗവതിക്ഷേത്ര ഉത്സവത്തിനുള്ള അരിയുമായിയെത്തിയപ്പോൾ.

പയ്യന്നൂർ
കാക്കാ, പൂച്ച,  സിന്ദൂര വര്‍ത്തമാനം പറയുന്നവരുടെ ശ്രദ്ധക്ക്‌. നിങ്ങളുടെ വേർതിരിവിന്റെ വർത്തമാനം ഇവിടെ വേവുകയില്ല എന്ന്‌ തെളിയിക്കുകയാണ്‌ കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ കളിയാട്ടങ്ങളും ഉറൂസുകളും.  പള്ളിയുടെ മിനാരത്തിന് നേരെ ചങ്ങലാട്ട കാണിച്ച് കാവിൽ അന്തിത്തിരി വെളിച്ചം പകരുന്ന അന്തിത്തിരിയൻമാരുള്ള നാട്ടിൽ ഇതാ ഒടുവിലൊരുദാഹണം കൂടി. കണ്ടോത്ത് ശ്രീ കൂർമ്പാ ഭഗവതി ക്ഷേത്ര നവീകരണ കലശ മഹോത്സവത്തിന്റെയും കളിയാട്ടത്തിന്റെയും ഭാഗമായുള്ള   അന്നദാനത്തിന്  അരി നൽകുന്നത്‌   പെരുമ്പ ജമാഅത്ത്  പള്ളി കമ്മറ്റിയാണ്‌. നിസ്ക്കാരത്തഴമ്പിൽ മഞ്ഞൾക്കുറിയെഴുതുന്ന ഉത്തരകേരളത്തിലെ മാപ്പിളമാർ മിക്ക ക്ഷേത്രോത്സവങ്ങളിലും സജീവമാണെന്ന്‌ തെളിയിക്കുകയാണ്‌ ശനിയാഴ്‌ച നടന്ന ഈ ചടങ്ങും. പെരുമ്പ  മുസ്ലിം ജമാഅത്ത‌് പള്ളികമ്മിറ്റി ഭാരവാഹികൾ  10 ചാക്ക‌് അരിയുമായാണ്‌ ക്ഷേത്രത്തിലെത്തിയത‌്. ക്ഷേത്രം അന്തിത്തിരിയന്റെ നേതൃത്വത്തിൽ ഇവരെ  സ്വീകരിച്ചു.  തുടർന്ന‌് ജമാഅത്ത‌് ഭാരവാഹികളായ അസിനാർ ഹാജി,  എസ‌് അഷറഫ‌്,  മുജീബ‌് റഹ്‌മാൻ,  കെ ഖലീൽ എന്നിവർ  സംഘാടകസമിതി ചെയർമാൻ കെ പവിത്രൻ,  കൺവീനർ പി പുരുഷോത്തമൻ എന്നിവർക്ക‌് അരിച്ചാക്ക‌് കൈമറി.  12 ദിവസം നീളുന്ന ഉത്സവത്തിനെത്തുന്ന പതിനായിരങ്ങൾക്കാണ‌് ഭക്ഷണം നൽകുന്നത‌്. 
 
 
പ്രധാന വാർത്തകൾ
 Top