09 December Friday

ലഹരിയൊഴുക്കി, മാഫിയകളെ വളർത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

തലശേരി

ലഹരി മാഫിയാസംഘത്തിന്റെ കണ്ണൂർ ജില്ലയിലെ പ്രധാന കണ്ണിയാണ്‌ തലശേരി ഇരട്ടക്കൊലക്കേസ്‌ പ്രതി നെട്ടൂർ ചിറക്കക്കാവിനടുത്ത മീത്തലെക്കണ്ടി വീട്ടിൽ ജാക്‌സൺ. മുഖ്യപ്രതി പാറായി ബാബുവിന്റെ അളിയനായ ഇയാൾ  കഞ്ചാവും എംഡിഎംഎയുമടക്കമുള്ള ലഹരിവസ്‌തുക്കളുടെ മൊത്തവിതരണത്തിലൂടെ ലഭിക്കുന്ന  വരുമാനം മാഫിയകളെ  വളർത്താനും ആയുധം വാങ്ങാനും ഉപയോഗിച്ചു. 
     ലഹരിക്കെതിരെ സർക്കാരും പൊലീസും എക്‌സൈസും സിപിഐ എമ്മും വർഗ–-ബഹുജന സംഘടനകളും രംഗത്തിറങ്ങിയത്‌ വിൽപ്പനയെ ബാധിച്ചിരുന്നു. ചിറക്കക്കാവ്‌, ചിറമ്മൽ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പലവട്ടം താക്കീതുചെയ്‌തെങ്കിലും ഇയാൾ വിൽപ്പന അവസാനിപ്പിച്ചില്ല. കഞ്ചാവുമായി ധർമടം പൊലീസ്‌ പലതവണ ഇയാളെയും സംഘത്തിൽപ്പെട്ടവരെയും പിടികൂടി. ഇതിനുപിന്നിൽ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന വിരോധത്തിലാണ്‌ ബുധനാഴ്‌ച ഡിവൈഎഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി ഷബിലിനെ ബൈക്കിലെത്തിത്തി മർദിച്ചത്‌. കൊല്ലപ്പെട്ട സിപിഐ എം ബ്രാഞ്ചംഗം ഷെമീറിന്റെ മകനാണ്‌ ഷബിൽ. 
മീൻവിൽപ്പനയുടെ മറവിൽ മംഗളൂരുവിൽനിന്നാണ്‌ ജാക്‌സൺ ലഹരിവസ്‌തുക്കൾ തലശേരിയിലെത്തിക്കുന്നത്‌. മാർക്കറ്റിലേക്ക്‌ മീനെത്തിക്കുന്ന ജാക്‌സന്റെ വാഹനമാണ്‌ കടത്തിനുപയോഗിക്കുന്നത്‌. ലഹരിവിൽപ്പനയിലൂടെ  അര ഡസനോളം വാഹനങ്ങൾ ഇയാൾ സ്വന്തമാക്കി. വീടിന്റെ രണ്ടാംനിലയുടെ നിർമാണം പുരോഗമിക്കുന്നു. ലഹരിവിൽപ്പനക്കായി എന്തിനും തയ്യാറായ മാഫിയാസംഘങ്ങളെയും തീറ്റിപ്പോറ്റി. ഇവരിൽ ചിലരാണ്‌ കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തവർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top