03 December Saturday
ഷെമീർ പതറിയില്ല

ജീവിതത്തിലും അക്രമികൾക്കുമുന്നിലും

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

തലശേരി

ഉച്ചഭക്ഷണം പാതിയിൽ നിർത്തി ബുധനാഴ്‌ച നെട്ടൂർ ഇല്ലിക്കുന്നിലെ വീട്ടിൽനിന്ന്‌ ഇറങ്ങിയതായിരുന്നു പൂവനാഴി ഷെമീർ. അപ്പോഴും,  മരണം തൊട്ടരികെയുണ്ടെന്ന്‌ ഈ യുവാവ്‌ ഓർത്തിട്ടുണ്ടാകില്ല. മകൻ ഷെബിലിനെ മർദിച്ചതറിഞ്ഞ്‌ സഹകരണ ആശുപത്രിയിലെത്തിയ ഷെമീറിനെ, സംസാരിക്കാനുണ്ടെന്നു പറഞ്ഞ്‌ വിളിച്ചിറക്കിയാണ്‌ ആശുപത്രിക്കു മുന്നിലിട്ട്‌ കുത്തിവീഴ്‌ത്തിയത്‌. ലഹരിസംഘത്തിലെ ഒരാളുടെ ഉടുമുണ്ട്‌ പറിച്ചെടുത്താണ്‌ കുത്തേറ്റഭാഗം ഷെമീർ കെട്ടിയത്‌. കുത്ത്‌ മാരകമായതിനാൽ ജീവൻ മറഞ്ഞു.
വിദ്യാർഥികളായ മക്കളും ഭാര്യയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ നട്ടെല്ലായിരുന്നു സിപിഐ എം നെട്ടൂർ ബ്രാഞ്ചംഗമായ ഷെമീർ. ജീവിതത്തിൽ ഒരിക്കലും പതറാതിരുന്ന ഷെമീർ ചെറുപ്പത്തിലേ വാർപ്പു പണിയെടുത്താണ്‌ കുടുംബം പോറ്റിയത്‌. പുതിയ ബസ്‌സ്‌റ്റാൻഡിലെ  പഴം മാർക്കറ്റിൽ 22 വർഷമായി ചുമട്ടുജോലിയാണ്‌. പുലർച്ചെ അഞ്ചിന്‌ ആരംഭിക്കുന്ന പണി ഉച്ചയോടെ തീരും. പിന്നീട്‌ പൊതുപ്രവർത്തനത്തിൽ സജീവമാകും.ഷെമീറിന്റെ നേതൃത്വത്തിലാണ്‌ ചിറമ്മലിൽ  സ്ഥിരമായി പൊതുസ്ഥലം ശുചീകരിക്കുന്നത്‌. 
ഐആർപിസി സാന്ത്വനപരിചരണത്തിന്റെ ഭാഗമായി രോഗികളെയും കിടപ്പിലായവരെയും സന്ദർശിച്ച്‌ ആശ്വാസം പകരാനും സജീവമായി. സിപിഐ എം തലശേരി നോർത്ത്‌ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. എന്തു പ്രശ്‌നമുണ്ടായാലും ആശ്രയിക്കാവുന്ന, കൂടെനിൽക്കുന്ന സഖാവാണ്‌ ഷെമീറെന്ന്‌  സ്‌റ്റാൻഡിലെ ഗുഡ്‌സ്‌ ഓട്ടോ ഡ്രൈവർ അൽത്താഫ്‌ പറഞ്ഞു. പ്രയാസവുമായി ആരുവന്നാലും സഹായിക്കും. 
പാർടി ഓഫീസ്‌ എന്ന സ്വപ്നം
ചിറമ്മലിൽ പാർടി ഓഫീസ്‌ എന്നത്‌ ഷെമീറിന്റെ  സ്വപ്‌നമായിരുന്നു. തറവാട്ടുവീടിനടുത്ത്‌ ഓഫീസിനായി മൂന്നു സെന്റ്‌ സ്ഥലമെടുത്ത്‌ ശിലയിടലും നടത്തിയതാണ്‌. 
നായനാർ സ്‌മാരക മന്ദിര നിർമാണക്കമ്മിറ്റി ട്രഷറർകൂടിയായിരുന്നു. ശിലയിടലിനുശേഷം 40,000 രൂപ നിർമാണത്തിന്‌ ശേഖരിച്ചിരുന്നു. സ്വന്തമായി വീടില്ലെങ്കിലും പാർടിക്കൊരു ആസ്ഥാനമെന്നതായിരുന്നു ഈ തൊഴിലാളിയുടെ സ്വപ്‌നം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top