16 November Saturday

കണ്ണൂർ വിജിലൻസ്‌ യൂണിറ്റ്‌ ഓഫീസ്‌ മന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്‌ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പളളി എന്നിവർ സമീപം.

 കണ്ണൂർ

വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്‌ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റ്‌ ഓഫീസ്‌ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. താവക്കരയിൽ  ഡിഐജി ഓഫീസിന്‌ സമീപം രണ്ടുകോടി രൂപ ചെലവിലാണ്‌ കെട്ടിടം പണിതത്‌. കണ്ണൂരിൽ വിജിലൻസ്‌ യൂണിറ്റിന്‌ അമ്പതുവർഷം തികയുന്ന വേളയിലാണ്‌ സ്വന്തമായി ഓഫീസ്‌ മന്ദിരം യാഥാർഥ്യമാകുന്നത്‌.  
പല കാരണങ്ങളാൽ മുടങ്ങിയ കെട്ടിട നിർമാണം ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത്‌ അഭിമാനകരമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ തിരുവനന്തപുരം, പത്തനംതിട്ട, വയനാട്‌, മലപ്പുറം ഒഴികെയുള്ള  വിജിലൻസ്‌ യൂണിറ്റുകൾക്ക്‌ സ്വന്തം ആസ്ഥാന മന്ദിരമായി. തിരുവനന്തപുരത്ത്‌ വിജിലൻസ്‌ സമുച്ചയം നിർമിക്കാൻ 75 സെന്റ്‌ സ്ഥലം അനുവദിച്ചു. മലപ്പുറത്ത്‌ കെട്ടിട നിർമാണം പൂർത്തിയായി വരുന്നു. വയനാട്ടിൽ കെട്ടിടത്തിനായി ഭൂമി കൈമാറാനുള്ള നടപടി അവസാനഘട്ടത്തിലാണ്‌. സംസ്ഥാനത്തെ മുഴുവൻ യുണിറ്റുകൾക്കും സ്വന്തം ആസ്ഥാന മന്ദിരം ഒരുക്കും. 
ചടങ്ങിൽ  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. റെക്കോഡ്‌ വേഗത്തിൽ നിർമാണം പൂർത്തിയാക്കിയ കരാറുകാർക്കും മേൽനോട്ടം വഹിച്ച എൻജിനിയർമാർക്കും  മന്ത്രി ഇ പി ജയരാജൻ ഉപഹാരം നൽകി.  പ്രളയ ദുരിതാശ്വാസനിധിയിലേക്ക്‌ വിജിലൻസ്‌ ഉദ്യോഗസ്ഥർ സമാഹരിച്ച ആദ്യഗഡു ഡയറക്ടർ അനിൽകാന്ത്‌ മുഖ്യമന്ത്രിയെ ഏൽപ്പിച്ചു.
 മന്ത്രി കെ കെ ശൈലജ, കെ കെ രാഗേഷ്‌ എംപി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌, വിജിലൻസ്‌ ഉത്തരമേഖലാ എസ്‌പി പി സി സജീവൻ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത്‌ കെട്ടിട വിഭാഗം സൂപ്രണ്ടിങ്‌ എൻജിനിയർ സൈജമോൾ എൻ ജേക്കബ്  റിപ്പോർട്ട്‌ അവതരിപ്പിച്ചു.
സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ, കണ്ണൂർ ഡിഐജി കെ സേതുരാമൻ എന്നിവരും സന്നിഹിതരായി.  വിജിലൻസ്‌ ഡയറക്ടർ അനിൽകാന്ത്‌ സ്വാഗതവും ഐജി എച്ച്‌ വെങ്കിടേഷ്‌ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top