19 September Thursday

പ്രളയം രക്ഷാപ്രവർത്തകർക്ക്‌ നാടിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
കണ്ണൂർ
ജില്ലയിലുണ്ടായ പ്രളയത്തിൽ ജീവൻ പണയംവച്ച്‌  രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും ഏർപ്പെട്ടവർക്ക്‌  നാടിന്റെ ആദരം. ആയിക്കര, അഴീക്കോട്‌, തലായി, കവ്വായി, പുതിയങ്ങാടി, എടക്കാട്‌, മുഴപ്പിലങ്ങാട്‌, എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾ, അഗ്നിരക്ഷാ സേന,  പൊലീസ്‌,  വീ ആർ റെഡി ടീം ശ്രീകണ്‌ഠപുരം, അഡ്വഞ്ചേഴ്‌സ്‌ പുളിങ്ങോം, ഡൈവേഴ്‌സ് യൂണിയൻ, കയാക്കിങ് ടീം, കമ്യൂണിറ്റി റസ്‌ക്യു ടീം, ടെറിട്ടോറിയൽ ആർമി, റവന്യൂ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌, ആർടിഒ, എക്‌സൈസ്‌, സമൂഹ്യനീതി വകുപ്പ്‌, കണ്ണൂർ  കോർപറേഷൻ സെക്രട്ടറി, കുടുംബശ്രീ ജില്ലാ മിഷൻ, കണ്ണൂർ ഐടിഐ നൈപുണ്യ കർമസേന,  ആരോഗ്യ വകുപ്പ്‌, ഫിഷറീസ്‌ വകുപ്പ്‌ എന്നീ വിഭാഗങ്ങളെയാണ്‌ ആദരിച്ചത്‌. വയനാട് പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ വളപട്ടണം സ്വദേശി മെഹനാസിനെയും ആദരിച്ചു.  
തുടർച്ചയായ രണ്ടാം വർഷവും പ്രളയത്തെയും നിപാ വൈറസിനെയും നാം നേരിട്ട രീതി ദേശീയ –- അന്താരാഷ്ട്രതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയെന്ന്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ ഒത്തൊരുമയും ഐക്യവുമാണ് ഇതിനുപിന്നിൽ. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ എല്ലാതലങ്ങളിലുള്ള സഹായവും നമുക്ക് ലഭിച്ചു. കഴിഞ്ഞ വർഷം അണക്കെട്ട്‌ പലതും നിറഞ്ഞതിനെ തുടർന്ന് തുറന്നുവിടേണ്ടി വന്നിരുന്നു. ഇത്തവണ അത്തരമൊരു അവസ്ഥയില്ല. അതിതീവ്ര മഴയാണ് സംസ്ഥാനത്തുണ്ടായത്. മണ്ണിടിച്ചലും ഉരുൾപൊട്ടലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. ആപത്ഘട്ടത്തിൽ നമ്മുടെ യുവത സ്വന്തം ജീവൻ  പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. 
മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാ സേന, പൊലീസ്, കേന്ദ്രസേന, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പങ്കും വലുതാണ്. മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.  മന്ത്രി ഇ പി ജയരാജൻ,   മന്ത്രി കെ കെ ശൈലജ, കെ കെ രാഗേഷ്‌ എംപി, എംഎൽഎമാരായ ജയിംസ്‌ മാത്യു, ടി വി രാജേഷ്‌, എ എൻ ഷംസീർ, സി കൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌, വൈസ്‌ പ്രസിഡന്റ്‌  പി പി ദിവ്യ, സബ് കലക്ടർ ആസിഫ് കെ യൂസഫ്, അസി. കലക്ടർ ഡോ. ഹാരിസ് റഷീദ്, എംഡിഎം ഇ പി മേഴ്‌സി എന്നിവർ സംസാരിച്ചു. കലക്ടർ ടി വി സുഭാഷ്‌ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top