05 February Sunday

ഡൽഹിയിൽ മുഴങ്ങും 
കണ്ണൂരിന്റെ പെൺമേളം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ ശിങ്കാരിമേളം അവതരിപ്പിക്കാനെത്തിയ 
കണ്ണൂരിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍

കണ്ണൂർ
റിപ്പബ്ലിക് ദിന പരേഡിൽ  ശിങ്കാരിമേളവുമായി കണ്ണൂരിലെ കുടുംബശ്രീ വനിതകൾ  കർത്തവ്യപഥിനെ ത്രസിപ്പിക്കും.   ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും'  കേന്ദ്ര പ്രമേയമാക്കി  കേരളം അവതരിപ്പിക്കുന്ന ടാബ്ലോയിൽ  ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശേരി പഞ്ചായത്തുകളിൽനിന്നുള്ള വനിതകളാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്.  ടാബ്ലോയുടെ ​ഗ്രൗണ്ട് എലമെന്റായാണ് മേളം അവതരിപ്പിക്കുന്നത്. കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സപ്തവർണ ശിങ്കാരിമേള സംഘത്തിലെ സിന്ധു ബാലകൃഷ്ണൻ, ജോഷിന അശോകൻ, രമിത രതീഷ്, ശൈലജ രാജൻ, ബാലജ പ്രമോദ്, രജനി സോമൻ, ലസിത വരദൻ, സജിത അരവിന്ദ്, വിജിന രാജീവൻ,  വനജ ബാലൻ, ലീല ചന്ദ്രൻ, ഓമന പ്രദീപൻ എന്നിവർ ഡൽഹിയിലെ രാഷ്ട്രീയ രംഗശാല ക്യാമ്പിൽ പരിശീലനത്തിലാണ്. 
വനശോ സ്വയം തൊഴിൽ പദ്ധതിയുടെ  ഭാ​ഗമായി 2011 ലാണ്  ഇവർ ശിങ്കാരിമേളം പഠിക്കാനാരംഭിച്ചത്.  ഇലത്താളം, വലന്തല, ഉരുട്ട് ചെണ്ട എന്നിവയാണ് ശിങ്കാരിമേളത്തിലെ വാദ്യോപകരണങ്ങൾ.  കേരളത്തിലുടനീളവും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലും ശിങ്കാരിമേളം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും രാജ്യതലസ്ഥാനത്ത് ആദ്യമാണ്. 
കേരളം ഒരുക്കുന്ന  ടാബ്ലോയുടെ അവസാന ഘട്ട പ്രവർത്തനങ്ങൾ രാഷ്ട്രീയ ​രംഗശാലയിൽ  പുരോ​ഗമിക്കുകയാണ്‌.  സാധാരണക്കാരായ പ്രാദേശിക വനിതകളുടെ  കൂട്ടായ്മയും പ്രവർത്തനങ്ങളും സമൂഹവികസനത്തിനും   രാജ്യപുരോ​ഗതിക്കും എങ്ങനെ നേട്ടമാകുന്നു എന്നതാണ് കേരളം ടാബ്ലോയിൽ പ്രദർശിപ്പിക്കുന്നത്. 
96-ാം വയസ്സിൽ  നാലാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് 2020 ലെ നാരീശക്തി പുരസ്കാര ജേതാവായ കാർത്യായനിയമ്മയെ ട്രാക്ടർ ഭാ​ഗത്തും  മികച്ച പിന്നണി ​ഗായികയ്ക്കുളള  ദേശീയപുരസ്‌കാരം നേടിയ ആദ്യ ആദിവാസി ​ വനിതയായ നഞ്ചിയമ്മയെ ട്രെയ്ലർ ഭാഗത്തും അവതരിപ്പിച്ചാണ് ടാബ്ലോയിൽ സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യം പ്രതീകവൽക്കരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top