07 December Tuesday
വഖഫ്‌ മണ്ണിൻെറ ഖബറിടം

കീശ വീർപ്പിക്കാൻ ഖബറിടം മാന്തുന്നവർ

പി സുരേശൻUpdated: Sunday Oct 24, 2021

ഖബർസ്ഥാൻ കൈയേറി നിർമിച്ച മാലിന്യ പ്ലാന്റ്‌

കണ്ണൂർ

വഖഫ്‌ ഭൂമിയിലെ മറ്റ്‌ സ്വത്തുക്കൾക്കൊപ്പം ഖബറിടവും കൈയേറിയെന്നത്‌ വിശ്വാസികൾക്ക്‌  പൊറുക്കാനാവില്ല. വിശുദ്ധമായി കരുതുന്ന ഭൂമിയും വഖഫ്‌ സ്വത്ത്‌ സ്വന്തമാക്കിയവരുടെ കൈകളിലെത്തി. ഇവിടെ മാലിന്യ പ്ലാന്റ്‌ സ്ഥാപിക്കുകയെന്ന നിന്ദ്യമായ നടപടിക്കും അധികാരം കൈയാളിയവർ മുതിർന്നു. മുൻകാല രേഖകൾ അനുസരിച്ച്‌ ഖബർസ്ഥാന്‌  56.06 ഏക്കർ ഭൂമിയുണ്ടായിരുന്നു. 1997ൽ ഭൂമിയുടെ വിസ്‌തീർണം 25.81 ഏക്കർ ആയി.  ഈ കാലയളവിൽ നഷ്‌ടപ്പെട്ടത്‌ 30.25 ഏക്കറാണ്‌. മാലിന്യപ്ലാന്റും മറ്റും സ്ഥാപിച്ചതോടെ ഭൂമി വീണ്ടും കുറഞ്ഞു.
തളിപ്പറമ്പ്‌ ജുമാഅത്ത്‌ പള്ളി പരിധിയിൽ താമസിക്കുന്നത്‌ 27,000 ഇസ്ലാം മതവിശ്വാസികളാണ്‌. ഇവരിൽ 45 ശതമാനം 40 വയസ്സിന്‌  മുകളിലുള്ളവരാണ്‌. ഖബറടക്കുന്നതിന്‌  ഒരാൾക്ക്‌ 45 ചതുരശ്ര അടി സ്ഥലം വേണമെന്നാണ്‌ കണക്ക്‌. 
ഒരു ഏക്കറിൽ 962 പേരെ ഖബറടക്കാം. ഇതനുസരിച്ച്‌ 28 ഏക്കർ ജമാഅത്ത്‌ പള്ളിക്ക് ആവശ്യമാണ്‌. നിലവിലുള്ള ഖബർസ്ഥാനിൽ വലിയഭാഗം ഭൂമിയും തീർന്നു. നാൽപത്‌ വർഷത്തിനകം ഖബർസ്ഥാൻ നിറയും. 
നിലവിലുള്ള ജനസംഖ്യയുടെ 55 ശതമാനം ആളുകൾക്ക്‌ ഖബർസ്ഥാൻ ലഭിക്കാത്ത അവസ്ഥ വരുമെന്ന്‌ വിശ്വാസികൾ ഭയക്കുന്നു.  പുതുതായി എവിടെയും ഖബർസ്ഥാൻ അനുവദിച്ച്‌ കിട്ടാൻ സാധ്യതയില്ല.  
 തളിപ്പറമ്പ്‌ മത്സ്യമാർക്കറ്റ്‌ പള്ളി വഖഫിന്റെ കീഴിലുള്ള പ്രധാന സ്ഥാപനമാണ്‌. മാർക്കറ്റിൽ മാലിന്യ  സംസ്‌കരണ പ്ലാന്റ്‌ നിർമിക്കുന്നതിൽ വൻ ക്രമക്കേടാണ്‌ നടന്നത്‌.  തളിപ്പറമ്പ്‌ നഗരസഭയെയും വഖഫ്‌ ബോർഡിനെയും കബളിപ്പിച്ച്‌ 40 ലക്ഷം രുപയുടെ പ്ലാന്റ്‌ സ്ഥാപിച്ചു. നഗരസഭയിൽ സമർപ്പിച്ച രേഖകൾ പ്രകാരം മാലിന്യ പ്ലാന്റ്‌ സ്ഥാപിച്ചത്‌  തളിപ്പറമ്പ്‌ വില്ലേജിലെ  റീസർവേ നമ്പർ 56/03  സ്ഥലത്താണ്‌. 
എന്നാൽ, ഖബർസ്ഥാനായി മാറ്റിവച്ച  97/02 ഭൂമിയിലാണ്‌ പ്ലാന്റ്‌ പണിതത്‌. പ്ലാന്റ്‌ നിർമാണം വഖഫിന്‌ വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാക്കി.  വഖഫ്‌ കൈകാര്യംചെയ്യുന്നവരുടെ സാമ്പത്തിക താൽപ്പര്യപ്രകാരമായിരുന്നു ടെൻഡർ ഉറപ്പിക്കാതെയുള്ള പ്ലാന്റ്‌ നിർമാണം. 
                (അവസാനിച്ചു).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top