28 October Thursday
40 റൗണ്ട്‌, 16 കിലോമീറ്റർ

പായും പുലിയാണ്‌ ഡിജിപി

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാങ്ങാട്ടുപറമ്പ് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ‘റൺ വിത്ത്‌ ഡിജിപി’യിൽ പങ്കാളിയായപ്പോൾ

തളിപ്പറമ്പ്‌
മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാലാ സിന്തറ്റിക്‌ ട്രാക്കിൽ ഒന്നരമണിക്കൂറിൽ 40 റൗണ്ട്‌ ഓടി പൂർത്തിയാക്കി കരുത്ത്‌ തെളിയിച്ച്‌ ഡിജിപിയും സംഘവും. നിരവധി മീറ്റ്‌ റെക്കോഡുകൾ പിറന്ന അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിൽ വ്യാഴാഴ്‌ച നടന്ന ‘റൺ വിത്ത്‌ ഡിജിപി’ പരിപാടിയിലാണ്‌ 16 കിലോമീറ്റർ ഓടിയത്‌.  ഉന്നത പൊലീസ് ഉദ്യോഗസ്ഥരും 26 സ്റ്റുഡന്റ്‌ പൊലീസ് കാഡറ്റുകൾ ഉൾപ്പെടെ 34 പേരാണ് പരിപാടിയിൽ പങ്കാളിയായത്‌. 400 മീറ്റർ ട്രാക്കിൽ ഒന്നരമണിക്കൂർ മാത്രമെടുത്താണ്‌  40 റൗണ്ട്‌ പൂർത്തിയാക്കിയത്‌. ആവേശത്തോടെ മുൻനിരയിലുണ്ടായിരുന്ന യുവതലമുറയിലെ പല കരുത്തരും കിതച്ച് പിന്മാറിയപ്പോഴും  തളരാതെ, കൂളായി പൊലീസ് മേധാവി ഓട്ടം പൂർത്തിയാക്കി. ഓരോ റൗണ്ട് പിന്നിടുമ്പോഴും കൂടെയുള്ളവരെ പ്രോത്സാഹിപ്പിച്ചും ആവേശം പകർന്നുമാണ് അനിൽകാന്ത് മുന്നേറിയത്. 
 ഡിജിപിയോടൊപ്പം ആറുപേർ 40 റൗണ്ട് പൂർത്തിയാക്കി.  ജനങ്ങളിൽനിന്നും നേരിട്ട് പരാതി സ്വീകരിക്കുന്നതിന് കണ്ണൂരിലെത്തിയ പൊലീസ് മേധാവി മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ആസ്ഥാനത്താണ് രാത്രി തങ്ങിയത്. പതിവായി ഒന്നരമണിക്കൂർ ഓടുന്നയാളാണ്‌ ഡിജിപി.  ഈ പശ്‌ചാത്തലത്തിലാണ്‌ ഉദ്യോഗസ്ഥരുൾപ്പെടെ ചേർന്ന്‌  ഓട്ടം ഒരുക്കിയത്. പൊലീസ് ആസ്ഥാനത്തിന് സമീപത്തുള്ള സർവകലാശാല സിന്തറ്റിക്‌ ട്രാക്കിൽ രാവിലെ ആറുമണിക്ക് തന്നെ പൊലീസ് മേധാവി എത്തിയിരുന്നു.
ഉത്തരമേഖലാ ഐജി അശോക് യാദവ്, കണ്ണൂർ റേഞ്ച് ഡിഐജി കെ സേതരാമൻ, സിറ്റി പൊലീസ്  കമീഷണർ ആർ ഇളങ്കോ, റൂറൽ എസ്‌പി  നവനീത് ശർമ, അത്‌ലറ്റുകളായ ജ്യോത്സന ക്രിസ്റ്റി ജോസ്, മരിയ ജോസ് എന്നിവർ ഓടാൻ ഡിജിപിയോടൊപ്പം ഉണ്ടായിരുന്നു. സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകൾ തെയ്യത്തിന്റെ ഛായാചിത്രം സമ്മാനിച്ചാണ് യാത്രയാക്കിയത്. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top