15 October Tuesday
12 പരിശീലകരെ നിയമിച്ചു

കുതിക്കാൻ സ്‌പോർട്‌സ്‌ ഡിവിഷൻ

പ്രത്യേക ലേഖകൻUpdated: Saturday Aug 24, 2019
കണ്ണൂർ
രാജ്യാന്തര താരങ്ങളുടെ കായികക്കളരിയായിരുന്ന  കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനെ പഴയ പ്രതാപത്തിൽ തിരിച്ചെത്തിക്കുന്നതിനുള്ള സർക്കാർ നടപടിയുടെ ഭാഗമായി  12 പരിശീലകരെ  നിയമിച്ചു.  അത്‌ലറ്റിക്‌സിൽ നാലും ഫുട്‌ബോളിലും ബാസ്‌കറ്റ്‌ബോളിലും വോളിബോളിലും രണ്ട്‌ വീതവും ബോക്‌സിങ്ങിലും ഗുസ്‌തിയിലും ഓരോ പരിശീലകരെയുമാണ്‌ നിയമിച്ചത്‌. നിഖില ജോസഫ്‌, സച്ചിൻ ജയിംസ്‌, അജിത്ത്‌ ഇട്ടി വർഗീസ്‌ (അത്‌ലറ്റിക്‌സ്‌),  അഞ്‌ജു പവിത്രൻ, എസ്‌ ആർ അലിഡ(ബാസ്‌കറ്റ്‌ബോൾ), എം ബി സജീവ്‌ (ബോക്‌സിങ്‌), കെ എം രാജേഷ്‌, സജിത്ത്‌ ആന്റോ(ഫുട്‌ബോൾ), കെ പ്രമോദൻ, അശ്വതി സദാശിവൻ (വോളിബോൾ), മനിഷ സമൽ (ഗുസ്‌തി) എന്നിവരാണ്‌  പരിശീലകർ.   
കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷന്റെ ചരിത്രത്തിൽ  ഇത്രയധികം പരിശീലകരെ ഒരുമിച്ച്‌ നിയമിക്കുന്നത്‌ ആദ്യമാണ്‌.  പരിശീലകരുടെ അഭാവം കായിക താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിരുന്നു.  കായിക ഭാരതത്തിന്റെ   അഭിമാനസ്ഥാപനമായ കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള വികസന പ്രവർത്തനങ്ങൾക്കൊപ്പമാണ്‌ പരിശീലകരുടെ നിയമനവും.  സംസ്ഥാന കായിക യുവജന കാര്യാലയമാണ്‌   ഒരു വർഷത്തേക്ക്‌ കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിച്ചത്‌.
കായിക വകുപ്പ് ഏറ്റെടുത്ത സ്‌പോർട്‌സ് ഡിവിഷനെ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനമാണ്‌ നടക്കുന്നത്‌.  അഞ്ചു കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനം പൂർത്തിയാവുകയാണ്‌.  സ്‌പോർട്‌സ് ഡിവിഷൻ ഹോസ്റ്റലിന് രണ്ട് നിലകൂടി പണിതു. ഇതിലൂടെ കുട്ടികൾക്കും ജീവനക്കാർക്കുമായി 20 മുറികൾ  ലഭ്യമായി. 2.64 കോടി രൂപ ചെലവിട്ടുള്ള നിർമാണ പ്രവൃത്തി പൂർത്തിയാവുകയാണ്‌.  1.30 കോടി രൂപ ചെലവിൽ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി ഉടൻ തുടങ്ങും. 
കളിക്കളങ്ങൾ തയ്യാറാക്കുന്നതിലും  പുരോഗതിയുണ്ടായി. സ്‌പോർട്‌സ് ഡിവിഷൻ കുട്ടികൾ പഠിക്കുന്ന കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ  മേൽക്കൂരയോടുകൂടിയ രണ്ട് സിന്തറ്റിക് ബാസ്‌കറ്റ്‌ബോൾ കോർട്ടും രണ്ട് കളിമൺ വോളിബോൾ കോർട്ടും സജ്ജമാവുകയാണ്‌. സ്‌പോർട്‌സ് ഡിവിഷനിൽ ഡയറ്റീഷ്യൻ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കി. കണ്ണൂരിൽ സ്‌പോർട്‌സ് മെഡിസിൻ കേന്ദ്രം ഉടൻ തുടങ്ങും. കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ, മുൻകാല താരങ്ങളുമായി സംവാദം എന്നിവ സംഘടിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top