21 October Monday

ഒമ്പതിടത്തുകൂടി കായിക വകുപ്പിന്റെ ഫിറ്റ്‌നസ്‌ സെന്റർ

പ്രത്യേക ലേഖകൻUpdated: Saturday Aug 24, 2019

കണ്ണൂർ

സംസ്ഥാനത്ത്‌  ഒമ്പതിടത്തുകൂടി കായികവകുപ്പിന്റെകീഴിൽ ഫിറ്റ്‌നസ്‌ സെന്റർ വരുന്നു.  കാസർകോട്‌,  കണ്ണൂരിലെ മട്ടന്നൂർ, വയനാട്‌, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലാണ്‌ പുതുതായി ഫിറ്റ്‌നസ്‌ സെന്റർ സ്ഥാപിക്കുന്നത്‌.  കായികവകുപ്പ്‌ ഡയറക്ടറേറ്റിന്റെ സ്‌റ്റേഡിയമുണ്ടെങ്കിൽ  അവിടെയാണ്‌ ഫിറ്റ്‌നസ്‌ സെന്റർ  നിർമിക്കുക. ഇത്തരം സ്‌റ്റേഡിയങ്ങൾ ഇല്ലാത്തിടത്ത്‌  സ്ഥലം കണ്ടെത്തും. ഇതോടെ എറാണാകുളം ഒഴികെയുള്ള ജില്ലകളിൽ ഫിറ്റ്‌നസ്‌ സെന്ററാവും. 
    50 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ്‌ ഇവിടെ സ്ഥാപിക്കുക. വിദേശത്തുനിന്ന്‌  ഉപകരണങ്ങൾ ഇറക്കുമതി ചെയ്യും.  പൊതുജനങ്ങൾക്ക്‌ മിതമായ നിരക്കിൽ ഫിറ്റ്‌നസ്‌ സെന്റർ പ്രയോജനപ്പെടുത്താം. കായിക താരങ്ങൾക്ക്‌ സൗജന്യമായി  ഉപയോഗിക്കാം. കായികതാരങ്ങൾക്കുമാത്രമായി   ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലും കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനിലും ഫിറ്റ്‌നസ്‌ സെന്റർ  സ്ഥാപിക്കും. 
നിലവിൽ എട്ടിടങ്ങളിലാണ്‌ ഫിറ്റ്‌നസ്‌ സെന്ററുള്ളത്‌.  കണ്ണൂർ മുണ്ടയാട്‌, കോഴിക്കോട്‌ വി കെ കെ മേനോൻ ഇൻഡോർ സ്‌റ്റേഡിയം, തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയം, കൊല്ലം ഹോക്കി സ്‌റ്റേഡിയം, തിരുവനന്തപുരം ജിമ്മി ജോർജ്‌ ഇൻഡോർ സ്‌റ്റേഡിയം, പിരപ്പൻകോട്‌ സ്വിമ്മിങ്‌പൂൾ, വട്ടിയൂർക്കാവ്‌ ഷൂട്ടിങ്‌ റേഞ്ച്‌, ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയം എന്നിവിടങ്ങളിൽ. ഇതിൽ മുണ്ടയാട്‌, ആറ്റിങ്ങൽ, ജിമ്മി ജോർജ്‌ ഇൻഡോർ സ്‌റ്റേഡിയം എന്നിവിടങ്ങളിലുള്ള ഫിറ്റ്‌നസ്‌ സെന്ററിന്റെ ഉദ്‌ഘാടനം കഴിഞ്ഞു. ബാക്കിയുള്ളവ പ്രവർത്തനസജ്ജമായി.
പ്രധാന വാർത്തകൾ
 Top