16 September Monday
മത്സ്യകൃഷി

2.81 കോടിയുടെ നഷ്ടം

സ്വന്തം ലേഖികUpdated: Saturday Aug 24, 2019

കണ്ണൂർ 

പ്രളയത്തിൽ ജില്ലയുടെ മത്സ്യകൃഷി മേഖലയ്‌ക്ക്‌ കോടികളുടെ നഷ്ടം. ഫിഷറീസ്‌ വകുപ്പ്‌ തയ്യാറാക്കിയ  പ്രാഥമികകണക്ക്‌ പ്രകാരം 2.81 കോടിയുടെ നഷ്ടമാണുണ്ടായത്‌.  വിശദമായ കണക്കെടുക്കും ക്രോഡീകരണവും പുരോഗമിക്കുകയാണ്‌. 
കൃഷിയിടത്തിൽ വെള്ളം കയറിയും ബണ്ടുകൾ  പൊട്ടിയുമാണ്‌ ഭൂരിഭാഗം കൃഷിയും നശിച്ചത്‌. നെല്ലു മീനും പദ്ധതിയിൽ 18 യൂണിറ്റുകളിലായി 85 ഹെക്ടറിൽ  79.7ലക്ഷം രൂപയുടെ  നഷ്ടമാണുണ്ടായത്‌.  98 ഹെക്ടർ ചെമ്മീൻ കൃഷി നശിച്ചതിൽ 86.5 ലക്ഷം രൂപയാണ്‌ നഷ്‌ടം കണക്കാക്കുന്നത്‌. പട്ടുവം, കടമ്പൂർ, ആന്തൂർ, ധർമടം, പിണറായി, രാമന്തളി, മാടായി, ചെറുകുന്ന്‌ ,തലശേരി,  കുഞ്ഞിമംഗലം എന്നിവിടങ്ങളിലാണ്‌ ചെമ്മീൻ കൃഷി നശിച്ചത്‌. 
ഓരുജല മത്സ്യപരിപാലനത്തിൽ 71,000 രൂപയുടെയും ശുദ്ധജലമത്സ്യപരിപാലനത്തിൽ 4.75 ലക്ഷം രൂപയുടെയും നഷ്ടമുണ്ട്‌. ഓരുജല കൂട്‌കൃഷിയിൽ 9.2 ലക്ഷവും മത്സ്യകൃഷിയിൽ 28.73 ലക്ഷവുമാണ്‌ നഷ്ടം. 22.28 ലക്ഷംരൂപയുടെ ഞണ്ടുകളാണ്‌ നശിച്ചത്‌. നാടൻ മത്സ്യകൃഷിയിൽ 20000 രൂപയുടെ നഷ്ടമുണ്ട്‌. ഗിഫ്‌റ്റ്‌ (തിലാപ്പിയ) മത്സ്യകൃഷി 3.4 ലക്ഷവും കരിമീൻ വിത്തുൽപാദനത്തിൽ 1.32 ലക്ഷവുമാണ്‌ നഷ്ടം കണക്കാക്കുന്നത്‌. 
കുറുമാത്തൂർ, കുന്നോത്തുപറമ്പ്‌, കുഞ്ഞിമംഗലം, ശ്രീകണ്‌ഠപുരം പ്രദേശങ്ങളിലെ ആസാം വാള കൃഷിയിൽ 1.22 ലക്ഷം രൂപയാണ്‌ നഷ്‌ടം.   
78 ലക്ഷമാണ്‌ കാർപ്‌ കൃഷിയിലെ നഷ്ടം. പായം,  ഇരിട്ടി, പടിയൂർ, ചൊക്ലി, കുഞ്ഞിമംഗലം, ചെറുപുഴ മേഖലകളിലാണ്‌ കാർപ്‌ കൃഷി കൂടുതലായുള്ളത്‌. കതിരൂർ,  കൊളച്ചേരി പഞ്ചായത്തുകളിലായി 4.15 ലക്ഷത്തിന്റെ അലങ്കാരമത്സ്യകൃഷിയാണ്‌ നശിച്ചത്‌.
പ്രധാന വാർത്തകൾ
 Top