03 August Tuesday

ഈ വീട്ടിലായിരുന്നു മടിക്കൈക്കാരുടെ ആദ്യ ചികിത്സാലയം

ഉപേന്ദ്രൻ മടിക്കൈUpdated: Thursday Jun 24, 2021

മടിക്കൈയിലെ ആദ്യചികിത്സാലയമായ പി ചെമ്മരത്തിയുടെ വീട്

നീലേശ്വരം
ഒരു കാലത്ത് മടിക്കൈക്കാരുടെ നാഡിമിടിപ്പളന്നത് ഈ വീട്ടിലായിരുന്നു. പൂമുഖത്തിരുന്ന് ഡോക്ടർ രോഗികളെ പരിശോധിച്ചു. അടുക്കളയിലിരുത്തി  കുത്തിവെപ്പ്. ജനൽ വഴി മരുന്ന് വിതരണം. പടിഞ്ഞാറ്റ മുറി സ്റ്റോർ. പുറത്തെ ചായ്പ് ജീവനക്കാരുടെ താമസ സ്ഥലം. വരാന്തയിൽ നീണ്ട ക്യൂ. 
 മടിക്കൈ പൂത്തക്കാലിലെ പരേതയായ പി ചെമ്മരത്തിയുടെ ഈ വീടായിരുന്നു  മടിക്കൈയിലെ ആദ്യ ആശുപത്രി.  'പൂത്തക്കാൽ റൂറൽ ഡിസ്പെൻസറി' എന്ന പേരിൽ തുടങ്ങിയ  ആതുരാലയം ഇന്ന് ആധുനിക സജ്ജീകരണത്തോടെ കുടുംബാരോഗ്യകേന്ദ്രമായി.
1972ൽ ആരോഗ്യമന്ത്രി എൻ കെ ബാലകൃഷ്ണന്റെ കാലത്താണ്‌ ഇവിടെ ആശുപത്രി ആരംഭിച്ചത്. ആശുപത്രിക്ക്‌ കെട്ടിടം ലഭിക്കാത്ത സാഹചര്യത്തിൽ  മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന കെ വി കുമാരൻ, ഭാര്യ കെ വി ശാരദയുടെപൂത്തക്കാലിലെ വീട് വിട്ടുകൊടുക്കുവാൻ ചെമ്മരത്തി അമ്മയോട്  ആശ്യപ്പെട്ടു. ചെമ്മരത്തി അമ്മയും മറ്റ് നാലു പെൺമക്കളും കെ വി കുമാരന്റെ തലക്കാനത്തുള്ള വീട്ടിലേക്ക് താമസം മാറ്റി. ആറുമാസത്തേക്കാണ് കരാറുണ്ടാക്കിയതെങ്കിലും ആറു വർഷത്തോളം വീട് ഒരു രൂപ വാടകയില്ലാതെ ആശുപത്രിയായി പ്രവർത്തിച്ചു. പിന്നീട് പൂത്തക്കാലിൽ കുടുക്കുവളപ്പിൽ കെ വി അപ്പ അന്തിത്തിരിയൻ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് പുതിയ ആശുപത്രി കെട്ടിടം വന്നത്. ഇവിടെ ജനിച്ചു വളർന്ന രണ്ടു പേർ ഡോക്ടറും ഒരാൾ ഫാർമസിസ്റ്റുമായി ആതുരസേവനത്തിലുണ്ട്. 
ഈ വീട്ടിൽ  താമസിക്കുന്ന ഉമാവതിയുടെ മകൾ കെ വി നിഷ പാലായി ആയുർവേദാശുപത്രിൽ ഡോക്ടറാണ്.മറ്റൊരു മകളായ ശാരദയുടെ മകൾ കെ വി ശ്രീരേഖ ജില്ല ആശുപത്രിയിലെ ഫാർമസിസ്റ്റാണ്.ഇവരുടെ മകൾ കെ നിബിന ചെറുവത്തൂർ പിഎച്ച്സിയിലെ ഡോക്ടറാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top