27 May Wednesday
ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌

ലക്ഷ്യം സമൃദ്ധി, ക്ഷേമം

പ്രത്യേക ലേഖകൻUpdated: Tuesday Mar 24, 2020

കണ്ണൂർ

ജില്ലയുടെ സമൃദ്ധി ലക്ഷ്യമിട്ട്‌  ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മേഖലകളിൽ മുന്നേറ്റം ഉറപ്പാക്കുന്നതിന്‌ ജില്ലാ പഞ്ചായത്ത്‌  ബജറ്റ്‌. നിലവിലുള്ള  ജനക്ഷേമ പദ്ധതികൾ തുടരുന്നതിനൊപ്പം  വ്യത്യസ്‌ത മേഖലകളിലേക്ക്‌ നൂതന പദ്ധതികളുമായി കടന്നുചെല്ലുകയാണ്‌ ജില്ലാ പഞ്ചായത്ത്‌. പ്രളയവും കാലാവസ്ഥാ വ്യതിയാനവും പകർച്ചവ്യാധികളും അതിജീവിക്കാനുള്ള കരുത്തും ബജറ്റ്‌ പ്രകടിപ്പിക്കുന്നു.
  നടപ്പാക്കേണ്ട പദ്ധതികളുടെ മുൻഗണനാ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്‌. 43 പദ്ധതികളാണ്‌  മുൻഗണനാ പട്ടികയിലുള്ളത്‌. പദ്ധതിയുടെ ഘടനയും  ആവശ്യമായ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്‌. 144,39,42,500 രൂപ വരവും 136,21,18,000 രൂപ ചെലവും  8,18,24,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി പി ദിവ്യയാണ്‌ അവതരിപ്പിച്ചത്‌.   
 പ്രസിഡന്റ്‌ കെ വി സുമേഷ്‌ അധ്യക്ഷനായി.  കാരായി രാജൻ, തോമസ്‌ വർഗീസ്‌, വി കെ സുരേഷ്‌ബാബു, കെ പി ജയബാലൻ, സുമിത്ര ഭാസ്‌കരൻ, ടി ടി റംല, കെ ശൊഭ,  ജോയി കൊന്നക്കൽ, പി പി ഷാജിർ, അൻസാരി തില്ലങ്കേരി, ആർ അജിത, കെ നാണു, അജിത്ത്‌ മാട്ടൂൽ, കെ പി  ചന്ദ്രൻ, മാർഗരറ്റ്‌ ജോസ്‌,  എം സി മോഹനൻ, സെക്രട്ടറി വി ചന്ദ്രൻ  എന്നിവർ സംസാരിച്ചു. കോവിഡ്‌ –-19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശം കർശനമായി പാലിച്ചാണ്‌ ബജറ്റ്‌ യോഗം ചേർന്നത്‌.
പ്രധാന പദ്ധതികൾ 
• കർഷകർക്ക്‌ ഇടനിലക്കാരില്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള വെജിറ്റബിൾ മാൾ. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തി.
 • പശു, പോത്ത്‌ കന്നുകുട്ടികൾ കർഷകന്‌ ലഭ്യമാക്കുന്നതിന്‌ 15 ലക്ഷം രൂപയുടെ കിടാരി പാർക്ക്‌.
 • ദുരന്ത രക്ഷാപ്രവർത്തനത്തിന്‌ റബർ ഡിങ്കികൾ, റോപ്പുകൾ, പോർട്ടബിൾ പമ്പുകൾ, ഒബി എൻജിൻ എന്നിവ വാങ്ങുന്നതിന്‌ 36 ലക്ഷം രൂപ.
• ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഷെൽട്ടർ നിർമാണത്തിന്‌ പഞ്ചായത്തുകൾക്ക്‌ ഒരു കോടി രൂപ.
 • വയോ ക്ലബ്ബുകൾ രൂപീകരിക്കുന്നതിനും വയോജന വിശ്ര കേന്ദ്രങ്ങൾ നിർമിക്കാനും 30 ലക്ഷം രൂപ. 
• നഷ്‌ടത്തിൽ പ്രവർത്തിക്കുന്ന കൈത്തറി സംഘങ്ങളുടെയും പവർലൂം സംഘങ്ങളുടെയും പുനുരുദ്ധാരണത്തിന്‌ 30 ലക്ഷം.
• ജീവനുള്ള മത്സ്യം നേരിട്ട്‌ നൽകാൻ കഴിയുന്ന ലൈവ്‌ ഫിഷ്‌ മാർക്കറ്റുകൾക്ക്‌ 30 ലക്ഷം.
 • താറാവ്‌ കുഞ്ഞുങ്ങളെ വളർത്തി കർഷകർക്ക്‌ വിതരണം ചെയ്യുന്നതിനായി പെരിങ്ങോം–- വയക്കരയിലെ ഡക്ക്‌ ഫാമിന്‌ 10 ലക്ഷം. 
• വർഷം പതിനായിരം തെരുവുനായ്‌ക്കളെ വന്ധീകരിക്കുന്നതിന്‌ പാപ്പിനിശേരിക്ക്‌ പുറമെ പടിയൂരിലും തലശേരിയിലും എബിസി  സെന്റർ. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തി.  
 • ജില്ലാ പഞ്ചായത്തിന്‌ സ്വരാജ്‌ ട്രോഫി നേടിയതിലൂടെ ലഭിച്ച 20 ലക്ഷം രൂപയടക്കം 50 ലക്ഷം രൂപ സമഗ്ര വൃക്കരോഗി സംരക്ഷണ പദ്ധതിക്ക്‌ മാറ്റിവച്ചു. 
• ലേഡി ജിംനേഷ്യത്തിന്‌ 10 ലക്ഷം.
 • സയൻസ്‌ പാർക്കിൽ ഡിജിറ്റൽ ലൈബ്രറി ഒരുക്കുന്നതിന്‌ 25 ലക്ഷം.
• ജില്ലാ പഞ്ചായത്തിന്റെ മുഴുവൻ സ്‌കൂളുകളുടെയും പൂമുഖങ്ങൾ മനോഹരമാക്കും. 
• പഞ്ചായത്തുകളിൽ ടർഫ്‌ കോർട്ടിന്‌ 50 ലക്ഷം.
• ജില്ലാ ആശുപത്രിയിൽ വന്ധ്യതാ ചികിത്സക്കുള്ള ഇൻഫെർട്ടിലിറ്റി ക്ലിനിക്ക്‌.
• ജില്ലയെ സമ്പൂർണ ദന്തശുചിത്വമാക്കും.
• ലൈഫ്‌ പദ്ധതിക്ക്‌ 10.32 കോടി രൂപ.
• ഏഴോത്ത്‌ 3.75 കോടി രൂപയ്‌ക്ക്‌ പട്ടികജാതിക്കാർക്ക് ലൈഫ്‌ പദ്ധതിയിൽ ഫ്‌ളാറ്റ്‌.
• ജില്ലാ ആശുപത്രിയിൽ  വനിതകൾക്ക്‌ 36 മുറികളുള്ള  പേവാർഡ്‌ നിർമിക്കുന്നതിന്‌ 4.5 കോടി. 
തുടരും ജനക്ഷേമ പദ്ധതികൾ
കാർഷിക സ്വയംപര്യാപ്‌ത ഗ്രാമങ്ങൾ, തരിശുരഹിത കൈപ്പാട്‌, പൂകൃഷി, സമ്പൂർണ നെൽകൃഷി,  തേൻ ജില്ല, അഴുക്കിൽനിന്ന്‌ അഴകിലേക്ക്‌, വളപ്പ്‌ കൃഷി,  വിദ്യാഭ്യാസ പദ്ധതികൾ,   ആരോഗ്യമേഖലയിലെ പദ്ധതികൾ, സ്‌നേഹജ്യോതി, സാമൂഹ്യക്ഷേമം, വനിതാവികസനം, സോളാർ, പട്ടികജാതി–-പട്ടികവർഗ വികസനം  തുടങ്ങിയ പദ്ധതികൾ തുടരും. 
മുൻഗണനാ പട്ടികയിലുള്ള പദ്ധതികൾ
• മുത്താറി, ചോളം, ചാമ തുടങ്ങിയ ധാധ്യങ്ങളുടെ കൃഷി  പ്രോ ത്സാഹിപ്പിക്കും.
• വന്യമൃഗ ശല്യം തടയുന്നതിനുള്ള ജൈവവേലി നിർമാണത്തിന്‌  ജില്ലാ ഫാമുകളിൽനിന്ന്‌ ചെത്തി, കൊടുവേലി  ചെടികളുണ്ടാക്കി വിതരണംചെയ്യും.  
• സ്‌കൂൾ പച്ചക്കറി കൃഷിക്ക്‌ പ്ലാസ്‌റ്റിക്‌ ഗ്രോബാഗിന്‌ പകരം കോൺക്രീറ്റ്‌, മൺ ചട്ടികൾ നൽകും. ജില്ലാ പഞ്ചായത്ത്‌ ഓഫീസിന്റെ ടെറസ്സിൽ മാതൃകാ പച്ചക്കറിത്തോട്ടം നിർമിക്കും.  
• വിദ്യാർഥികൾക്ക്‌ ഗോശ്രീ, അജശ്രീ ക്ലബ്ബുകൾ രൂപീകരിച്ച്‌ പശുക്കുട്ടികളെയും ആട്ടിൻകുട്ടികളെയും  വിതരണം ചെയ്യും. ജില്ലാകേന്ദ്രത്തിൽ ആഴ്‌ചച്ചന്തകൾ സജ്ജമാക്കും.
• പഞ്ചായത്തുകൾക്ക്‌ ജനകീയ ഹോട്ടലുകൾ തുടങ്ങാൻ സഹായം.
• ഇക്കോ ഫ്രാൻഡ്‌ലി നാപ്‌കിൻ നിർമാണ പരിശീലനത്തിന്‌ അഞ്ച്‌ ലക്ഷം.
 • വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഹാൻഡ്‌ വാഷ്‌ സെന്ററുകൾ.
 • കർഷകരുടെ വീടുകളിലെത്തി വളർത്തുമൃഗങ്ങളെ പരിശോധിക്കുന്നതിന്‌ ആംബുലേറ്ററി പദ്ധതി.
 • അഴുക്കിൽനിന്ന് അരങ്ങിലേക്ക്‌ പദ്ധതി വിപുലീകരിക്കും . 
പ്രവാസികളുടെ  ഗ്രൂപ്പുകളുടെ സംരംഭത്തിന്‌ ഇൻസെന്റീവ്‌.
• സർക്കാർ–- എയ്‌ഡഡ്‌ സ്‌കൂളുകളിൽ  ഭരണഘടനാ സാക്ഷരതാ  പരിപാടി. 
• ദുരന്തങ്ങൾ കടന്നുവരുന്നവഴി  മുൻകൂട്ടി കണ്ട്‌ ഇടപെടാൻ മൊബൈൽ ആപ്പ്‌.
 • ജില്ലാ ആയുർവേദാശുപത്രിയിൽ വന്ധ്യതാ ചികിത്സയിലൂടെ ഗർഭിണികളാകുന്ന സ്‌ത്രീകൾക്ക്‌ കിടത്തിച്ചികത്സ നടത്താൻ പ്രസൂതി ബ്ലോക്ക്‌.
• പൊതു ഇടങ്ങളിൽ ഹെൽത്ത്‌ പാർക്ക്‌. 
• ഹൈസ്‌കൂളുകളിൽ കൗൺസലിങ്ങിന്‌ പ്രത്യേക റൂം. 
• ആറളം ഫാം ഹൈസ്‌കൂളിൽ  പ്ലസ്‌ടു കോംപ്ലക്‌സ്‌.
പ്രധാന വാർത്തകൾ
 Top