02 December Wednesday
6504 പേർ നിരീക്ഷണത്തിൽ

5 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു

പ്രത്യേക ലേഖകൻUpdated: Tuesday Mar 24, 2020
കണ്ണൂർ
ജില്ലയിൽ അഞ്ചുപേർക്കുകൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ പതിനഞ്ചായി. ആശങ്കപ്പെടുത്തുംവിധം രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ജില്ല ഭാഗികമായി അടച്ചു. 177 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിലാണ്‌ അഞ്ചെണ്ണത്തിന്റെ ഫലം പോസിറ്റീവായി കണ്ടത്‌. 148 എണ്ണം നെഗറ്റീവ്. 
24 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. രോഗബാധിതരിൽ ഒരാൾ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും  മറ്റൊരാൾ കളമശേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുമാണ്‌. നേരത്തേ പരിശോധനാഫലം പോസിറ്റീവായി കണ്ട ഒരാൾ തുടർഫലങ്ങൾ നെഗറ്റീവായതിനെ തുടർന്ന്‌ വീട്ടിലേക്കു മടങ്ങി. 
കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6504 ആയി. 31 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും  17 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 24 പേർ തലശേരി ജനറൽ ആശുപത്രിയിലും നിരീക്ഷണത്തിലാണ്‌. വീടുകളിൽ 6432 പേർ.
ഞായറാഴ്‌ച രാവിലെ എട്ടുമുതലുള്ള 24 മണിക്കൂറിനിടെ കണ്ണൂർ വിമാനത്താവളത്തിൽ അഞ്ചുവിമാനങ്ങളിലായെത്തിയ 231 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി. കണ്ണൂർ, തലശേരി, പയ്യന്നൂർ, പഴയങ്ങാടി, കണ്ണപുരം റെയിൽവേ സ്റ്റേഷനുകളിൽ വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വന്ന യാത്രക്കാർക്ക് സ്‌ക്രീനിങ്ങും ലഘുലേഖ വിതരണവും നടത്തി. 
24 മണിക്കൂറിനുളളിൽ 534 യാത്രക്കാരെ സ്‌ക്രീനിങ്ങിന് വിധേയരാക്കി. ഒരാളെ ആശുപത്രിയിലേക്ക് റഫർ ചെയ്തു.  449 പേരെ വീടുകളിൽ ഐസോലേഷന് നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ 1848 ടീമുകൾ  27, 281 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.  
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ നിരീക്ഷണത്തിനായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. തിങ്കളാഴ്ച 10 പേരാണ് പുതുതായി ഐസൊലേഷൻ വാർഡിൽ എത്തിയത്. നിരീക്ഷണത്തിൽ 31 പേരുണ്ട്.  
സർക്കാർ നിർദേശപ്രകാരം കൂടുതൽപേർക്ക് സൗകര്യമൊരുക്കുന്നതിനായി ആശുപത്രിയിലെ ഏഴാം നില പൂർണമായി കൊറോണ ബാധിതർക്കായി മാറ്റിവച്ചു.  ഇവിടെയുള്ള രോഗികളെ വേറെ വാർഡുകളിലേക്ക് മാറ്റി. വാർഡ് 701 മുതൽ 709 വരെയാണ്  കൊറോണ ബാധിതർക്കായി മാറ്റിവയ്‌ക്കുന്നത്. 
മെഡിസിൻ, ഓർത്തോ, സർജറി, നേത്രരോഗം ഉൾപ്പെടെയുള്ള രോഗികളെയാണ്‌  നേരത്തെ ഇവിടെ പ്രവേശിപ്പിച്ചിരുന്നത്‌. 
കൊറോണ പ്രതിരോധവും സുരക്ഷയും ശക്തമാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ യുദ്ധകാലാടിസ്ഥാനത്തിൽ നവീകരണ പ്രവൃത്തികളും ആരംഭിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിലെ പഴയ എല്ലാ കെട്ടിടങ്ങളും അറ്റകുറ്റപ്പണി ചെയ്യും. 
ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിഐടിയു പ്രവർത്തകരടക്കമുള്ള സന്നദ്ധ പ്രവർത്തകരുടെകൂടി സഹായത്തോടെയാണ്‌ പഴയ കെട്ടിടങ്ങൾ പുതുക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top