24 July Saturday

അഞ്ചുപേരും ദുബായിൽനിന്ന്‌ വന്നവർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

കണ്ണൂർ

ജില്ലയിൽ പുതുതായി കോവിഡ്‌ 19 സ്ഥിരീകരിച്ച അഞ്ചു പേരും ദുബായിൽനിന്ന്‌ വന്നവർ. പാനൂർ, കൂത്തുപറമ്പ്‌ സ്വദേശികളായ ഇവർ 21ന്‌ രാത്രിയാണ്‌ ഇകെ 532 എമിറൈറ്റ്സെ്‌ എയർലൈൻസിന്റെ വിമാനത്തിൽ ദുബായിൽനിന്ന്‌ പുറപ്പെട്ടത്‌. 22ന്‌ പുലർച്ചെ 2.45ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി. ഒരാൾക്കു പനിയുള്ളതിനാൽ കളമശേരി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മറ്റു നാലു പേരും പ്രത്യേകം പ്രത്യേകം ആംബുലൻസുകളിൽ വീട്ടിലെത്തി ഐസൊലേഷനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്‌ച പരിശോധനാഫലം പോസിറ്റീവാണെന്നു കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പുധകൃതർ നാലുപേരെയും തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുപതിനും നാൽപതിനും ഇടയിൽ പ്രായമുള്ളവരാണ്‌ അഞ്ചുപേരും. വിമാനമിറങ്ങിയതു മുതൽ തികഞ്ഞ ജാഗ്രത പാലിച്ചതിനാൽ ഇവർ മറ്റാരുമായും  സമ്പർക്കം പുലർത്തിയിരുന്നില്ലെന്ന്‌ കലക്ടർ ടി വി സുഭാഷ്‌ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. അതുകൊണ്ട്‌ സഞ്ചാരപഥം പ്രസിദ്ധീകരിക്കേണ്ട ആവശ്യം വരുന്നില്ല. വിമാനത്തിൽ ഇവരടക്കം 28 കണ്ണൂർ സ്വദേശികളാണ്‌ ഉണ്ടായിരുന്നതെന്നു വ്യക്തമായിട്ടുണ്ട്‌. ഇവരെ കണ്ടെത്താൻ നടപടി സ്വീകരിച്ചു.  
ജില്ലയിൽ ഇതിനകം രോഗം സ്ഥിരീകരിച്ച 16 പേരും ഗൾഫിൽനിന്നു വന്നവരാണ്‌. രോഗം ഭേദമായ ഒരാളടക്കം 15 പേർ ദുബായിൽനിന്നു വന്നവർ. ഒരാൾ ഷാർജയിൽനിന്നും. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ്‌ ആവിഷ്‌കരിച്ച എ, ബി, സി പ്ലാനുകൾ നടപ്പാക്കുകയാണെന്ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. ഏതുസാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്ന്‌ കലക്ടർ പറഞ്ഞു.
 77 പേരാണ്‌ നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിലവിലുള്ള സൗകര്യങ്ങൾക്കു പുറമെ 250ഓളം പേരെക്കൂടി പ്രവേശിപ്പിക്കാൻ സൗകര്യമൊരുക്കും. ഇതിനായി രണ്ട്‌ ആശുപത്രികളെ പ്രത്യേകമായി സജ്ജമാക്കും. വീടുകളിൽ 6432 പേരാണ്‌ നീരീക്ഷണത്തിൽ. വീടുകളിൽ ഐസൊലേഷൻ സൗകര്യമില്ലാത്തവർക്കായി ആയിരം  പേർക്കുള്ള കൊറോണ കെയർ സെന്ററുകൾ ഒരുക്കാനുള്ള നടപടികളും ആരംഭിച്ചു.
സ്വകാര്യ ആുെപത്രി അധികൃതരുമായി നേരത്തെ സംസാരിച്ചിരുന്നു. അവർ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ജില്ല അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി  സർക്കാർ നിർദേശിച്ച കാര്യങ്ങൾ കർശനമായി നടപ്പാക്കും. അവശ്യ സർവീസുകൾക്കും അവശ്യം യാത്ര ചെയ്യേണ്ടവർക്കും മാത്രമേ ഇളവുണ്ടാകൂ. ജനങ്ങളെ നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ നിരോധനാജ്ഞ പുറപ്പെടുവിക്കും. 
വീട്ടുസാധനങ്ങൾ വീടുകളിൽ ലഭ്യമാക്കാൻ പരമാവധി ശ്രമിക്കും. സാഹചര്യം മുതലെടുത്ത്‌ അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള ശ്രമങ്ങൾ കർശനമായി തടയുമെന്നും കലക്ടർ വ്യക്തമാക്കി.   ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌, ജില്ലാ മെഡിക്കൽ ഓഫീസർ നാരായണ നായ്‌ക്ക്‌, ജില്ലാ സർവെയ്‌ലൻസ്‌ ഓഫീസർ ഡോ. എം കെ ഷാജ്‌, ഡോ. കെ സി സച്ചിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top