28 February Sunday

കെ പി പി നമ്പ്യാർ സ്‌മാരക ഗവേഷണകേന്ദ്രം നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

മാങ്ങാട്ടുപറമ്പ്‌ കെൽട്രോൺ കോമ്പൗണ്ടിൽ നിർമിച്ച കെ പി പി സ്‌മാരക ഗവേഷണകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുന്നു

മാങ്ങാട്ടുപറമ്പ്‌
ലോകപ്രശസ്‌ത ഇലക്ട്രോണിക്‌സ്‌‌ വിദഗ്‌ധനും  കെൽട്രോൺ സ്ഥാപകചെയർമാനുമായ കെ പി പി നമ്പ്യാരുടെ സ്‌മരണയ്‌ക്കായി മാങ്ങാട്ടുപറമ്പ്‌ കെൽട്രോൺ കോമ്പൗണ്ടിൽ നിർമിച്ച  കെ പി പി സ്‌മാരക ഗവേഷണകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. എംപിപി കപ്പാസിറ്റർ ഉൽപാദന കേന്ദ്രത്തിന്റെ  ഉദ്‌ഘാടനവും സൂപ്പർ കപ്പാസിറ്റർ ഉൽപാദന യൂണിറ്റിന്റെ ശിലാസ്ഥാപനവും അദ്ദേഹം ഓൺലൈനായി നിർവഹിച്ചു. 
 കെൽട്രോണിൽ  23.77 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനമാണ് ‌നടന്നത്‌.  രണ്ട് കോടി  രൂപ  ചെലവിൽ  നിർമിച്ച  കെ പി പി  നമ്പ്യാർ സ്മാരക മന്ദിരത്തിനുമുന്നിൽ  അദ്ദേഹത്തിന്റെ  പൂർണകായ പ്രതിമ മന്ത്രി ഇ പി  ജയരാജൻ അനാഛാദനം ചെയ്‌തു.  
തൊഴിൽരഹിതരില്ലാത്ത കേരളം സൃഷ്‌ടിക്കുന്നതിന്‌‌ എൽഡിഎഫ്‌  സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന്‌ മന്ത്രി പറഞ്ഞു. ഇതിനകം ഒന്നരലക്ഷത്തിലധികം പേർക്ക്‌ പിഎസ്‌സിയിലൂടെ മാത്രം ജോലിനൽകിയ സർക്കാരാണിത്‌. താൽക്കാലികക്കാരെ പോലും അർഹതയ്‌ക്കനുസരിച്ചാണ്‌ സ്ഥിരപ്പെടുത്തിയത്‌. 
കെൽട്രോണിലടക്കം പത്ത്‌ വർഷത്തിലധികമായവരെയാണ്‌ സ്ഥിരപ്പെടുത്തിയത്‌. സ്ഥാപനത്തിന്റെ നടത്തിപ്പും മാനുഷിക പരിഗണനയും കണക്കിലെടുത്താണ്‌ നിയമനം നൽകിയത് –- അദ്ദേഹം പറഞ്ഞു. 
ശിൽപി ഉണ്ണി കാനായിയാണ്‌ പ്രതിമ നിർമിച്ചത്‌. കെ പി പി നമ്പ്യാരുടെ ശാസ്ത്രദർശനങ്ങൾ, കെൽട്രോണിന്റെയും ഇലക്ട്രോണിക്‌സിന്റെയും വളർച്ചയുടെ ഘട്ടങ്ങൾ, ശാസ്‌ത്ര ഗ്യാലറി, ഗവേഷണ പരീക്ഷണശാലകൾ എന്നിവയാണ് സ്മാരക മന്ദിരത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. 
ഐഎസ്ആർഒ, സി മെറ്റ്, എൻഎംആർഎൽ എന്നിവയുടെ സാങ്കേതിക സഹകരണത്തോടെ 18 കോടി രൂപ ചെലവിൽ ആരംഭിക്കുന്ന സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്കാണ് ‌തുടക്കമായത്‌.   
രണ്ടുകോടി രൂപ മുതൽമുടക്കിൽ സ്ഥാപിച്ച മെറ്റലൈസ്ഡ് പോളി പ്രൊപ്പലിൻ മോട്ടോർ റൺ കപ്പാസിറ്റർ ഉൽപാദന കേന്ദ്രവും, 1.77 കോടി ചെലവ് വരുന്ന വെയർഹൗസ്, മെറ്റലൈസിങ്‌ പ്ലാന്റ്, ടൂൾ റൂം, ആർ ആൻഡ്‌ ഡി, ഐടി നവീകരണ പദ്ധതികൾക്കും തുടക്കമായി.
കെൽട്രോൺ കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ പി  ജയരാജൻ അധ്യക്ഷനായി. കെൽട്രോൺ ചെയർമാൻ എൻ നാരായണ മൂർത്തി റിപ്പോർട്ട്‌ അവതരിപ്പിച്ചു.  മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി, ടി വി രാജേഷ്‌ എംഎൽഎ, ബ്ലോക്ക്‌ പഞ്ചായത്ത് ‌പ്രസിഡന്റ്‌ പി പി ഷാജിർ, പഞ്ചായത്ത് ‌പ്രസിഡന്റ്‌ ടി ടി ബാലകൃഷ്‌ണൻ , മുഖ്യമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്ടാവ്‌ എം സി ദത്തൻ, വിഎസ്‌ എസ്‌സി ഡയറക്ടർ എസ്‌ സോമനാഥ്‌ തുടങ്ങിയവർ  സംസാരിച്ചു. 
വ്യവസായ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌ സ്വാഗതവും കെൽട്രോൺ മാനേജിങ്‌ ഡയറക്ടർ കെ ജി കൃഷ്‌ണകുമാർ  നന്ദിയും പറഞ്ഞു.   കെ പി പി നമ്പ്യാരുടെ ഭാര്യ ഉമാ നമ്പ്യാരും ചടങ്ങിൽ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top