28 February Sunday

മനംനിറയെയുണ്ട്‌ നിറം മങ്ങാത്ത ഫ്രെയിമുകൾ

സ്വന്തം ലേഖകൻUpdated: Sunday Jan 24, 2021
തലശേരി
മങ്ങിയ കാഴ്‌ചക്കിടയിലും വെള്ളിത്തിരയിലെ നിറമുള്ള ഫ്രെയിമുകളാണ്‌ ഗോപാലൻ ബലാരത്തിന്റെ മനസ്സുനിറയെ. 74ാം വയസ്സിലും സിനിമയെ സ്വപ്‌നംകാണുകയാണ്‌ ഈ ചൊക്ലിക്കാരൻ. തമിഴ്‌–-മലയാളം സിനിമകളിൽ സാന്നിധ്യമറിയിച്ചെങ്കിലും അഭ്രപാളിയിൽ തെളിയാതെപോയ പേരുകളിലെന്നാണ്‌ ഗോപാലന്റേത്‌. 
ദശാവതാരം ഫെയിം രവികുമാർ എന്ന സലീമാണ്‌ ചൊക്ലി സ്വദേശി ഗോപാലൻ ബലാരത്ത‌് എന്ന ഗോപാൽജിക്ക‌് മദിരാശി സിനിമാലോകത്തേക്ക‌് വഴിതുറന്നത‌്.
1975 ജനുവരി ഒമ്പതിന്‌ മാഹിയിൽനിന്ന്‌ മദിരാശി മെയിലിൽ കയറുമ്പോൾ സിനിമ മാത്രമായിരുന്നു മനസ്സിൽ. തെലുങ്കിലും തമിഴിലും തിളങ്ങിനിന്ന ചൊക്ലിക്കാരൻ സലീമിനൊപ്പമായതിനാൽ അധികം അലയേണ്ടിവന്നില്ല. 
ശശികുമാറിന്റെ ‘നാരദൻ കേരളത്തിൽ’ സിനിമയിൽ അസിസ്‌റ്റന്റായാണ്‌ തുടക്കം. അടൂർ ഭാസിയും കൊച്ചിൻ ഹനീഫയും അഭിനയിച്ച ആദ്യസിനിമ കൊട്ടകയിലെത്തിയില്ല. കമലഹാസനും ശ്രീദേവിയും മുഖ്യവേഷത്തിലെത്തിയ ആർ സി ശക്തിയുടെ "മനവിൽ ഇത്തിനെ നിറങ്ങ'ളാണ്‌ ആദ്യം റിലീസ്‌ ചെയ്‌ത പടം. തമിഴ്‌ സിനിമകൾക്ക്‌ പിറകെ എ ബി രാജ്‌ സംവിധാനം ചെയ്‌ത "ആക്രോശ'ത്തിലും സഹായിയായി.
ഏറെ പ്രതീക്ഷയോടെയാണ്‌ സ്വന്തം സിനിമ ‘മാനിഫെസ്‌റ്റോ’ കോഴിക്കോടിനടുത്ത്‌ ചിത്രീകരണം തുടങ്ങിയത്‌. സുകുമാരൻ, മുകേഷ്‌, ജലജ, ബാലൻ കെ നായർ തുടങ്ങി അക്കാലത്തെ പ്രധാനതാരങ്ങളായിരുന്നു അഭിനേതാക്കൾ. 
ചിത്രീകരണം പൂർത്തിയാക്കാനായില്ല. ചൊക്ലി സ്വദേശി സുബൈറിനെ നായകനാക്കി സംവിധാനംചെയ്‌ത രണ്ടാമത്തെ ചിത്രവും പെട്ടിയിലായി.
സിനിമയോട്‌ സലാംപറഞ്ഞതോടെ പല ജീവിതവേഷങ്ങൾ കെട്ടി. 
ചൊക്ലി കാഞ്ഞിരത്തിൻകീഴിൽ വർണന സ്‌റ്റഡിയോ നടത്തുന്ന ജ്യേഷ്‌ഠന്റെ മകൻ ശ്രീജിത്തിനൊപ്പമാണിപ്പോൾ താമസം. 
സാംസ്‌കാരിക വകുപ്പിന്റെ പെൻഷനുണ്ട്‌. വിജയിച്ചവരുടെ മാത്രമല്ല, പരാജയപ്പെട്ടവരുടെ കഥകൂടിയാണ്‌ സിനിമയുടേതെന്ന്‌ ഓർമിപ്പിക്കുന്നതാണ്‌ ഗോപാലന്റെ അനുഭവം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top