29 February Saturday
ബിരിയാണിക്ക്‌ 65

ജയിൽ വിഭവങ്ങൾക്ക്‌ ഏകീകൃത വില

എൻ കെ സുജിലേഷ്‌Updated: Friday Jan 24, 2020
കണ്ണൂർ
ജയിൽ വിഭവങ്ങൾക്ക്‌ കേരളത്തിലാകെ ഇനിമുതൽ  എകീകൃത വില. മൂന്ന്‌ സെൻട്രൽ ജയിലടക്കം വിവിധ ജയിലുകളിൽനിന്ന്‌ ഉത്‌പാദിപ്പിക്കുന്ന ചപ്പാത്തിയും ബിരിയാണിയുമടക്കമുള്ള ഭക്ഷ്യവിഭവങ്ങൾക്കാണ്‌ ഏകീകൃത വില നിശ്‌ചയിച്ചത്‌. ചിലയിനങ്ങളിൽ അഞ്ചുരൂപയുടെ വർധനയുണ്ട്‌. ചപ്പാത്തിയുടെ വിലയിൽ മാറ്റമില്ല.  സാധനങ്ങളുടെ വിലവർധനയെത്തുടർന്ന്‌ ഭക്ഷ്യയിനങ്ങളുടെ വില വർധിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻ ജയിൽ ഡിജിപി ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടുമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിൽ വില വർധിപ്പിക്കാനും തീരുമാനിച്ചു. പത്തുംപതിനഞ്ചും രൂപയാണ്‌ പലയിനങ്ങൾക്കും വർധിപ്പിച്ചത്‌. എന്നാൽ ഇത്‌ അംഗീകാരത്തിനായി സർക്കാരിനയച്ചപ്പോൾ ഇത്രയും വർധന ആവശ്യമില്ലെന്ന്‌ നിർദേശിച്ചു. രണ്ടുമുതൽ അഞ്ചു രൂപവരെയുള്ള വർധനയാണ്‌ സർക്കാർ നിശ്‌ചയിച്ചത്‌. എല്ലായിടത്തും ഒരേവില  ഈടാക്കണമെന്നും നിർദേശമുണ്ടായി. ചപ്പാത്തിക്ക്‌ വില വർധിപ്പിക്കേണ്ടെന്നും തീരുമാനിച്ചു. അഞ്ച്‌ ചപ്പാത്തിക്ക്‌ നിലവിൽ പത്തുരൂപയാണ്‌. കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകൾ, തിരുവനന്തപുരം, ചീമേനി തുറന്ന ജയിൽ, കൊല്ലം ജില്ലാ ജയിൽ, കോഴിക്കോട്‌, എറണാകുളം സ്‌പെഷ്യൽ സബ്‌ജയിൽ എന്നിവിടങ്ങളിലാണ്‌ ഭക്ഷ്യോൽപന്ന യൂണിറ്റുള്ളത്‌.  ചിക്കൻ കറിക്ക്‌ ഇരുപതും ഇരുപത്തഞ്ചും രൂപയാണ്‌ നിലവിലെ. 25 രൂപയാണ്‌ പുതുക്കിയ നിരക്ക്‌. അഞ്ച്‌ ചപ്പാത്തിയും ചിക്കൻ കറിയുമടങ്ങുന്ന പാക്കറ്റിന്‌ 35 രൂപയാക്കി. വെജിറ്റബിൾ കറിക്ക്‌ 10, 15 രൂപയായിരുന്നത്‌ 15 ആയി ക്രമീകരിച്ചു. അഞ്ച്‌ ചപ്പാത്തിയും വെജിറ്റബിൾ കറിയുമടങ്ങുന്ന പാക്കറ്റിന്‌ 25 രൂപയാക്കി. ഇരുപതാണ്‌ നിലവിലെ വില. അഞ്ച്‌ ചപ്പാത്തിയും മുട്ടക്കറിയുമടങ്ങുന്ന പാക്കറ്റിന്‌ 25 രൂപയാക്കി. ബിരിയാണിക്ക്‌ 60 രൂപയിൽനിന്ന്‌ 65 ആയി ഉയർത്തി. ബിരിയാണി റൈസിന്‌ 35 ആയി. അഞ്ച്‌ ഇഡ്ഡലിയും കറിയുമടങ്ങുന്ന പാക്കറ്റിന്‌ 25, ചില്ലി ചിക്കന്‌ 60 എന്നിങ്ങനെയാണ്‌ പുതിയ നിരക്ക്‌. ബനാന ചിപ്‌സിന്‌ കിലോയ്‌ക്ക്‌ 260 രൂപയാക്കിയിട്ടുണ്ട്‌. നിലവിൽ 240 രൂപയാണ്‌.
പ്രധാന വാർത്തകൾ
 Top