28 February Friday

കണ്ണൂരിൽ പൂവിളി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

കണ്ണൂർ പൊലീസ്‌ മൈതാനിയിൽ ആരംഭിച്ച പുഷ്‌പോത്സവം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി ഇ പി ജയരാജൻ മേളയിലെ ബോൺസായി പ്രദർശനം കാണാനെത്തിയപ്പോൾ.

കണ്ണൂർ
കണ്ണൂരിന്‌  ഇനി ചെടികളുടെ  കാന്തിയും സൗരഭ്യവും. പൂക്കൾ  പ്രകാശിക്കുന്ന  പകലും സംഗീത സാന്ദ്രമായ രാവും  സമ്മാനിക്കുന്ന  പുഷ്‌പോത്സവത്തിന്‌    തിരിതെളിഞ്ഞു.   കണ്ണൂർ  പൊലീസ്‌ മൈതാനിയിൽ ജില്ലാ അഗ്രി–- ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ കണ്ണൂർ പുഷ്‌പോത്സവം വ്യവസായമന്ത്രി ഇ പി ജയരാജൻ  ഉദ്‌ഘാടനം ചെയ്‌തു. കലക്ടർ ടി വി സുഭാഷ്‌ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌   കെ വി സുമേഷ്‌, കൗൺസിലർ ഇ ബീന എന്നിവർ സംസാരിച്ചു.  സംഘാടക സമിതി ജനറൽ കൺവീനർ വി പി കിരൺ സ്വാഗതവും സ്വീകരണ കമ്മിറ്റി ചെയർപേഴ്‌സൺ  ഗൗരി നമ്പ്യാർ നന്ദിയും പറഞ്ഞു.   പ്രദർശന നഗരിയിൽ പുഷ്പങ്ങളാൽ അലങ്കരിച്ച പത്തടി ഉയരമുള്ള സ്‌തൂപവും മൺപാത്രങ്ങളും ഉപകരണങ്ങളുംകൊണ്ടുള്ള ശിൽപങ്ങളും വിശാലമായ ഉദ്യാനവുമാണ്‌   ആകർഷണീയത. ഫല വർഗങ്ങളുടെയും പച്ചക്കറികളുടെയും തൈകൾ, ജൈവവളം, ജൈവകീടനാശിനികൾ, പൂച്ചെട്ടികൾ, മൺപാത്രങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയുടെ സ്‌റ്റാളുകളും നഗരിയിൽ സജ്ജീകരിച്ചിട്ടുണ്ട്‌.  ഫുഡ്‌കോർട്ടുമുണ്ട്‌. 
ആറളം ഫാം, കരിമ്പം ഫാം, വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌സ്‌ പ്രേമോഷൻ കൗൺസിൽ, കൃഷി വകുപ്പ്‌, ബിഎസ്‌എൻഎൽ, റെയ്‌ഡ്‌കോ ഉൾപ്പെടെയുള്ള സഹകരണസ്ഥാപനങ്ങൾ എന്നിവയുടെ പവിലിയനുകളുമുണ്ട്‌.   പ്രവേശനഫീസ്‌ 40 രൂപ. ആറുവയസ്സിന്‌ മുകളിലുള്ളവർക്ക്‌ എൻട്രി ഫീസ്‌ വേണം. 
വെള്ളിയാഴ്‌ച രാവിലെ 9.30ന്‌ മുതിർന്നവർക്കുള്ള പുഷ്‌പാലങ്കാര മത്സരം നടക്കും. ഫ്ലാറ്റ്‌ അറേഞ്ച്‌മെന്റ്‌, ഫ്രീ സ്‌റ്റൈൽ  അറേഞ്ച്‌മെന്റ്‌ എന്നീ വിഭാഗങ്ങളിലാണ്‌ മത്സരം. പകൽ 2.30ന്‌ സലാഡ്‌ അറേഞ്ച്‌മെ(മുതിർന്നവർക്ക്‌)ന്റും നടക്കും. 6.30ന്‌ കലാ സന്ധ്യ അരങ്ങേറും.  മുഴപ്പിലങ്ങാട്‌ അംബേദ്‌കർ ലൈബ്രറി ആൻഡ്‌ വായനശാലയാണ്‌ പരിപാടി അവതരിപ്പിക്കുന്നത്‌. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top