29 February Saturday

അവർ പഠിച്ചു; സാന്ത്വനത്തിന്റെ കണ്ണൂർ മാതൃകയെ

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020

വടകര കോ ഓപ്പറേറ്റീവ് ആർട്‌സ് ആൻഡ്‌ സയൻസ് കോേളജിലെ വിദ്യാർഥികൾ ഐആർപിസിയെക്കുറിച്ച് തയ്യാറാക്കിയ മാ​ഗസിൻ ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ പ്രകാശനംചെയ്യുന്നു.

കണ്ണൂർ
‘‘ വേദനിക്കുന്നവന്റെ കണ്ണീരൊപ്പാൻ ഒരു കൂട്ടായ്‌മയ്‌ക്ക്‌ ഇത്രയൊക്കെ ചെയ്യാൻ കഴിയുമെന്ന്‌ മനസ്സിലാക്കിയത്‌ ഇപ്പോഴാണ്‌. ഇവർ ചെയ്യുന്നത്‌  വിവരിക്കാൻ വാക്കുകളില്ല...’’അടക്കാനാവാത്ത  അത്ഭുതത്തോടെയാണ്‌ സോഷ്യൽവർക്ക്‌ വിദ്യാർഥിനിയായ അൽക്ക ഐആർപിസിയെക്കുറിച്ച്‌ പറഞ്ഞത്‌. 
ജീവകാരുണ്യമേഖലയിലെ മികച്ച മാതൃകയായ ഐആർപിസി സാന്ത്വനകേന്ദ്രത്തെ പഠിക്കാനാണ്‌ വടകര കോ ഓപ്പറേറ്റീവ് ആർട്‌സ് ആൻഡ്‌ സയൻസ് കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർഥികളെത്തിയത്‌. 21 ദിവസത്തെ ഇന്റേൺഷിപ്പ്‌ ഐആർപിസി സാന്ത്വനകേന്ദ്രത്തിൽ താമസിച്ചുകൊണ്ടാണ്‌ വിദ്യാർഥിസംഘം പൂർത്തിയാക്കിയത്‌. അൽക്ക, തീർഥപ്രഭ, അശ്വതി അശോകൻ, അമേയ ഷാജി, അനഘ എന്നിവരാണ്‌ സാന്ത്വനത്തിന്റെ മികച്ച മാതൃകയെ പഠിക്കാൻ കണ്ണൂരെത്തിയത്‌. വിദ്യാർഥിനികൾ മുഴുവൻ സമയവും രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കുമൊപ്പം ചെലവഴിച്ചു. 
ഐആർപിസിയുടെ തുടക്കംമുതലുള്ള പ്രവർത്തനങ്ങൾ പഠിച്ച്‌ പ്രബന്ധവും തയ്യാറാക്കി.   
വിദ്യാർഥികൾ ഐആർപിസിയെക്കുറിച്ച് തയ്യാറാക്കിയ മാ​ഗസിനിന്റെ പ്രകാശനം ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. തയ്യിൽ സാന്ത്വന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഐആർപിസിക്കുള്ള ധനസഹായം വിദ്യാർഥികൾ പി ജയരാജന് കൈമാറി. ചെയർമാൻ പി എം സാജിദ് അധ്യക്ഷനായി. മുഹമ്മദ് അഷറഫ്, എൻ വി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top