30 November Monday

ആതുരാലയ മികവിൽ കണ്ണൂർ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രം

കണ്ണൂർ  
സർക്കാർ ആശുപത്രികളുടെ കെട്ടും മട്ടും മാറിയത്‌ നേരിൽ അനുഭവിച്ചറിയുന്നുണ്ട്‌ നാട്‌.  ഈ മാറ്റം‌ ദേശീയതലത്തിൽ  അംഗീകരിക്കപ്പെടുന്നതിന്റെ സന്തോഷംകൂടിയുണ്ട്‌ ജില്ലക്ക്‌. രാജ്യത്ത്‌ ഏറ്റവും കുടൂതൽ ഗുണനിലവാരമുള്ള സർക്കാർ ആശുപത്രികളുള്ള ജില്ലയെന്ന പദവി കണ്ണൂരിന്‌ സ്വന്തമായി.  നാഷണൽ ക്വാളിറ്റി അഷ്വറൻസ്‌  സ്‌റ്റാൻഡേഡ്‌  അംഗീകാരം നേടിയ 18 ആശുപത്രികൾ ജില്ലയിലുണ്ട്‌.  ഇതുവരെയില്ലാത്ത അംഗീകാരങ്ങൾ തേടിയെത്തിയതിനു പിന്നിൽ ആരോഗ്യ മേഖലയിൽ  എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ സമഗ്രമായ വികസന കാഴ്‌ചപ്പാടാണ്‌. 
എൻക്യുഎഎസ്‌
 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഹെൽത്ത്‌ സിസ്‌റ്റം റീസോഴ്‌സ്‌ സെന്ററാണ്‌ നാഷണൽ ക്വാളിറ്റി അഷ്വറൻസ്  സ്‌റ്റാൻഡേഡ്‌ അംഗീകാരം നൽകുന്നത്‌. ഇതിനായി    ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും  ആരോഗ്യ സ്ഥാപനം നൽകുന്ന സേവനങ്ങൾ, രോഗികളുടെ അവകാശം, ‌ ഉപകരണങ്ങൾ–- മരുന്നുകൾ–- അടിസ്ഥാനസൗകര്യങ്ങൾ, അനുബന്ധസേവനങ്ങൾ, ക്ലിനിക്കൽ സേവനം, അണുബാധനിയന്ത്രണം,  ഗുണനിലവാരം ഉറപ്പുവരുത്തൽ,  പ്രകടനനിലവാരം എന്നിവ ‌ പരിശോധിക്കും‌. മൂന്നുവർഷമാണ്‌ അംഗീകാരത്തിന്റെ കാലാവധി. പിഎച്ച്‌സികൾക്ക്‌ രണ്ട്‌ ലക്ഷം രൂപയും മറ്റ്‌ ആശുപത്രികൾക്ക്‌ ഒരു  കിടക്കയ്‌ക്ക്‌ 10,000 രൂപ വീതം വാർഷിക ഇൻസെന്റീവ്‌ ലഭിക്കും.
ചിട്ടയായ പ്രവർത്തനം
2012 മുതൽ കേന്ദ്രം നൽകി വരുന്ന നാഷണൽ ക്വാളിറ്റി അഷ്വറൻസ്‌ സ്‌റ്റാൻഡേഡ്‌ അംഗീകാരം ജില്ലയിലെത്തുന്നത്‌ 2018 ലാണ്‌.  ആർദ്രം മിഷനിൽ ഉൾപ്പെടുത്തി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ  കുടുംബാരോഗ്യകേന്ദ്രളാക്കി മാറ്റുന്ന പ്രകിയയാണ് ‌മാറ്റങ്ങൾക്ക്‌  തുടക്കമിട്ടത്‌. കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതിനൊപ്പം എൻക്യുഎഎസ്‌ അംഗീകാരം നേടുന്നതിന്‌ പ്രാപ്‌തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ചിട്ടയോടെ നടത്തി. അന്നത്തെ എൻഎച്ച്‌എം ജില്ലാ പ്രൊജക്ട്‌ മാനേജർ ആയിരുന്ന ഡോ. കെ  വി ലതീഷ്‌  പ്രവർത്തനങ്ങൾക്ക്‌ നേതൃപരമായ പങ്ക്‌ വഹിച്ചു. ആശുപത്രി അന്തരീക്ഷം മികവിലേക്കുയരുമ്പോൾ ജീവനക്കാരും തൊഴിൽപരമായ ഈ മികവിലേക്കുയരുകയാണ്‌‌. ജനങ്ങൾക്ക്‌  ലഭിക്കുന്ന സേവനത്തിലേക്കും ഈ മികവ്‌ പകർന്ന്‌ കിട്ടുന്നുണ്ട്‌‌.
ആദ്യം മൈതാനപ്പള്ളിക്ക്
‌ 2018  സെപ്‌തംബറിൽ  മൈതാനപ്പള്ളി അർബൻ പിഎച്ച്‌സിയിലൂടെയാണ്‌ എൻക്യൂഎഎസ്‌  അംഗീകാരം ആദ്യമായി  ജില്ലയിലെത്തുന്നത്‌. പിന്നീട്‌  തേർത്തല്ലി, വളപട്ടണം കുടുംബാരോഗ്യകേന്ദ്രങ്ങളും അംഗീകാരം നേടി. കൊട്ടിയൂർ, മലപ്പട്ടം, കതിരൂർ, കാങ്കോൽ–- ആലപ്പടമ്പ, ചെറുതാഴം, പാട്യം, തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രങ്ങളും കൊളശേരി, കൂവോട്‌ അർബൻ പിഎച്ച്‌സികളും അംഗീകാരം നേടി. 
കഴിഞ്ഞ ഒക്‌ടോബറിൽ ഉദയഗിരി, പുളിങ്ങോം, ചെറുകുന്ന് തറ,  ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രങ്ങളും കൂട്ടത്തിൽ ഇടം നേടി. ഏറ്റവുമൊടുവിൽ മുണ്ടേരി,  മാട്ടൂൽ കുടുംബാരോഗ്യകേന്ദ്രങ്ങളാണ്‌ അംഗീകാരം സ്വന്തമാക്കിയത്‌. 
കല്ല്യാശേരി,  പട്ടുവം,  ചിറക്കൽ, പൊറോറ,  ന്യൂമാഹി,  എരമം–- കുറ്റൂർ എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങൾ സംസ്ഥാനതല മൂല്യനിർണയം പൂർത്തിയാക്കി ദേശീയതല  മൂല്യനിർണയത്തിനായി കാത്തിരിക്കുകയാണ്‌. 
ഒന്നാമത്‌ ചെറുതാഴം
ജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റോടെ എൻക്യുഎഎസ്‌ അംഗീകാരം നേടിയത്‌ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രമാണ്‌. 98 പോയിന്റ്‌.   ടി വി രാജേഷ്‌എംഎൽഎയുടെ മുൻകൈയിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ്‌ ചെറുതാഴം പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്‌.  നാഷണൽ ഹെൽത്ത് മിഷൻ, പഞ്ചായത്ത്  ഫണ്ടിന് പുറമേ ആശുപത്രി ജീവനക്കാർ, സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ  സംഭാവനകളും വികസനപ്രവർത്തങ്ങൾക്ക്‌ മുതൽക്കൂട്ടായി.
സാധാരണ ആശുപത്രി സൗകര്യങ്ങൾക്ക്‌ പുറമേ സ്ത്രീസൗഹൃദ വിശ്രമ മുറി, നാപ്കിൻ വെൻഡിങ്ങ് മെഷീൻ, നാപ്കിൻ ഇൻസിനറേറ്റർ, ടെലിവിഷൻ, കുട്ടികൾക്കുള്ള ഇൻഡോർ ആന്റ് ഔട്ട് ഡോർ കളിസ്ഥലം, മനോഹരമായ പൂന്തോട്ടം, സേവനങ്ങൾ വിവരിക്കുന്ന ഡിസ്‌പ്ലേ ബോർഡുകൾ, സൂചനാ ബോർഡുകൾ, നിരീക്ഷണ മുറി, വിഷാദ രോഗനിർണയ ക്ലിനിക്, ഇസിജി, കാഴ്ച പരിശോധന, യോഗ പരിശീലനം, കാന്റീൻ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top