18 November Monday

കുട്ടിശാസ്‌ത്രജ്ഞർ തലശേരിയിലേക്ക്‌

സ്വന്തം ലേഖികUpdated: Wednesday Oct 23, 2019
തലശേരി
ജില്ലാ ശാസ്‌ത്രോത്സവത്തിന്‌ ബുധനാഴ്‌ച തിരശീല ഉയരും. ബിഇഎംപി സ്‌കൂളിൽ രാവിലെ 9.30ന്‌ എ എൻ ഷംസീർ എംഎൽഎ മേള ഉദ്‌ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ സി കെ രമേശൻ അധ്യക്ഷനാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി ആറായിരം വിദ്യാർഥികൾ പങ്കെടുക്കും. ഐടി ക്വിസ്‌ 26ന്‌ കണ്ണൂർ മുനിസിപ്പൽ എച്ച്‌എസ്‌എസ്‌ കോംപൗണ്ടിലെ ഡിസ്‌ട്രിക്ട്‌ റിസോഴ്‌സ്‌ സെന്ററിൽ നടക്കും. 
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവത്തിന്‌ ബിഇഎംപി, സെന്റ് ജോസഫ്‌സ്, സേക്രഡ് ഹാർട്, ബ്രണ്ണൻ, തിരുവങ്ങാട് ഗേൾസ്‌, വലിയമാടാവ് യുപി എന്നിവിടങ്ങളിലാണ് വേദി ഒരുക്കിയിട്ടുള്ളത്‌. പ്രവൃത്തി പരിചയമേളയ്‌ക്കാണ്‌ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്നത്‌. 2350  വിദ്യാർഥികൾ. മേള ബുധനാഴ്‌ച ജിജിഎച്ച്‌എസ്‌എസ്‌ തിരുവങ്ങാട്‌, ജിഎസ്‌ബിഎസ്‌ വലിയമാടാവ്‌ എന്നീ സ്‌കൂളുകളിലായി നടക്കും. ശാസ്‌ത്രമേള ഗവ. ബ്രണ്ണൻ സ്‌കൂളിലും സാമൂഹ്യശാസ്‌ത്രമേള സേക്രട്‌ ഹാർട്‌ എച്ച്‌എസിലുമാണ്‌ നടക്കുക. ഗണിത ശാസ്‌ത്രമേളയും ഐടി മേളയും സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിലെ വിവിധ വേദികളിലായും നടക്കും. 
ശാസ്‌ത്രമേളയിൽ 1250 വിദ്യാർഥികളും ഗണിതമേളയിൽ 1150പേരും സാമൂഹ്യമേളയിൽ 650 പേരും, ഐടിമേളയിൽ 700പേരും രണ്ടുദിവസങ്ങളിലായി പങ്കെടുക്കും. രണ്ട്‌ ദിവസങ്ങളിലായി നടക്കുന്നവർക്ക്‌ എക്‌സ്‌പോയിൽ 250 കുട്ടികൾ പങ്കെടുക്കും. 
24ന്‌ വൈകിട്ട്‌ നാലിന്‌ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ജയബാലൻ ഉദ്‌ഘാടനം  ചെയ്യും. ചൊവ്വാഴ്‌ച നഗരത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ബാൻഡ്‌മേളത്തിന്റെ അകമ്പടിയോടെ വിദ്യാർഥികൾ അണിനിരന്ന ജാഥ സ്‌റ്റേഡിയം പരിസരത്ത്‌ നിന്നും ആരംഭിച്ച്‌ നഗരംചുറ്റി ബിഇഎംപി സ്‌കൂളിൽ സമാപിച്ചു.
പ്രധാന വാർത്തകൾ
 Top