28 February Friday

മികവുറപ്പാക്കി, കയറ്റുമതിയും

എൻ കെ സുജിലേഷ്‌Updated: Friday Aug 23, 2019

റീലിങ് മെഷീനിൽ കയറ്റുമതിക്കായുള്ള ഹാങ്ങ്‌ യാൺ തയ്യറാക്കുന്ന തൊഴിലാളി ഫോട്ടോ... ജഗത്‌ ലാൽ

കണ്ണൂർ
പരുത്തി എത്തിയാൽ നൂൽ ഉണ്ടാക്കുന്നതിന്‌ മുമ്പ്‌ ഗുണനിലവാരം പരിശോധിക്കണം. പരുത്തിയുടെ ഗുണമാണ്‌ നൂലിന്റെ ഗുണമേന്മയും നിശ്‌ചയിച്ചിരുന്നത്‌. തിരുവനന്തപുരത്തെ ലാബിലായിരുന്നു ആദ്യകാലങ്ങളിൽ പരിശോധന. ലാബ്‌ റിസൽട്ട്‌ വരുമ്പോഴേക്കും പരുത്തി നൂലായി വിപണിയിലെത്തിയിട്ടുണ്ടാകും. ഗുണമേന്മ ഉറപ്പുവരുത്താനാകാതെയുള്ള ഉൽപാദനം വിൽപനയെ ബാധിച്ചതോടെയാണ്‌ പരിശോധനയ്‌ക്കുള്ള ലാബ്‌ കണ്ണൂർ സഹകരണ സ്‌പിന്നിങ് മില്ലിനുള്ളിൽ തന്നെ ഒരുങ്ങിയത്‌.  ബലമടക്കം പരിശോധിച്ചാണിപ്പോൾ നൂൽ വിപണിയിലിറങ്ങുന്നത്‌.  അതിനൂതന പരിശോധനാ സംവിധാനങ്ങളാണിവിടെ ഒരുക്കിയിട്ടുള്ളത്‌. 
പരമാവധി 12,000 ആർപിഎം (റെവലൂഷൻ പെർ മിനിറ്റ്‌) ആയിരുന്നു നിലവിലുള്ള മില്ലിന്റെ വേഗത. ആധുനിക വൽക്കരണം പ്രാവർത്തികമായതോടെ ഇത്‌ 16,000 മുതൽ 20,000 വരെയായി ഉയർന്നു. നേരത്തെ ഒരു മോട്ടോർ ഉപയോഗിച്ച്‌ 400 സ്‌പിന്റിലാണ്‌ ഓടിച്ചിരുന്നതെങ്കിൽ ഇപ്പോഴത്‌ 900ന്‌ മുകളിലേക്കെത്തി. കൗണ്ട്‌ അനുസരിച്ച്‌ 2350 കിലോയാണ്‌ നിലവിൽ പ്രതിദിന നൂൽ ഉൽപാദനം.  നവീകരണം പൂർത്തിയാകുന്നതോടെ അത്‌ മൂവായിരത്തിനു മുകളിലേക്കുയർത്താനാകും. 
വിദേശരാജ്യങ്ങളിലേക്ക്‌ നൂൽ കയറ്റുമതി ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണിപ്പോൾ മിൽ. മ്യാൻമറിലേക്കും ശ്രീലങ്കയിലേക്കുമാണ് ആദ്യഘട്ടത്തിൽ കയറ്റുമതി. മ്യാൻമറിലേക്കുള്ള ഒരു ലോഡ് നൂലിന്റെ ഉൽപാദനം പൂർത്തിയായി. ശ്രീലങ്കയിൽനിന്ന് ഓർഡർ ലഭിച്ച രണ്ട് ലോഡ് നൂലിന്റെ ഉൽപാദനം ഉടൻ തുടങ്ങും. മികച്ച നിലവാരമുള്ള 2/80 ഇനം നൂലിനാണ് വിദേശത്തുനിന്ന് ആവശ്യക്കാർ എത്തിയത്. 54 ക്വിന്റൽ നൂലാണ് മ്യാൻമറിലേക്ക് അയയ്ക്കുന്നത്. ശ്രീലങ്കയിലേക്ക് 67. 80 ക്വിന്റലുള്ള രണ്ട് ലോഡും. വിദേശ കയറ്റുമതിയിൽ അത്യന്താപേക്ഷിതമായ ഉന്നത ഗുണനിലവാരം ഉറപ്പിക്കുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്‌ മിൽ ഭരണസമിതിയും തൊഴിലാളികളും. ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ ഈ കടമ്പ കടക്കാനാകും. ഭൂരിഭാഗം വിദേശരാജ്യങ്ങളും ഐഎസ്‌ഒ അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്നേ ഇറക്കുമതി കരാറിലേർപ്പെടാറുള്ളൂ. അതുകൊണ്ടുതന്നെയാണ്‌ മികച്ച പ്രവർത്തനക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്‌. ഐഎസ്‌ഒ നിലവാരത്തിലേക്ക്‌ ഉയരുന്നതിന്‌ ആവശ്യമായ പ്രാഥമിക നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടുമുണ്ട്‌. കിട്ടുന്ന വിലയ്‌ക്ക്‌ ആഭ്യന്തര വിപണിയിൽ നൂൽ വിൽക്കുന്ന സ്ഥിതിക്കാണ്‌ വിദേശ മാർക്കറ്റിലേക്കുള്ള കണ്ണൂർ സഹകരണ സ്‌പിന്നിങ് മില്ലിന്റെ കയറ്റം മാറ്റം വരുത്തുക. 
ജീവനക്കാരുടെ സേവന–- വേതന കരാർ പുതുക്കുന്ന കേരളത്തിലെ ആദ്യ സഹകരണ മിൽ കൂടിയാണ്‌ കണ്ണൂരിലേത്‌. പത്തുവർഷം പൂർത്തിയായ ജീവനക്കാരെയെല്ലാം സ്ഥിരപ്പെടുത്തുകയും മികച്ച വേതനം ഉറപ്പുവരുത്തുകയും ചെയ്‌തതിലൂടെ തൊഴിൽ അന്തരീക്ഷത്തിലും നല്ല മാറ്റം വന്നു. തൊഴിലാളികളെ ആധുനിക തൊഴിൽ രീതികളിലേക്ക്‌ മാറ്റുന്നതിനുള്ള പരിശീലനങ്ങളടക്കം ഐഎസ്‌ഒ സർട്ടിഫിക്കേഷന്റെ ഭാഗമായി നടക്കുന്നുണ്ട്‌. 
സഹകരണ സ്ഥാപനങ്ങൾക്ക്‌ സ്‌കൂൾ യൂണിഫോം നൂൽ നൽകിയ ഇനത്തിൽ രണ്ടുകോടിയോളം രൂപ മില്ലിന്‌ കുടിശ്ശികയാണ്‌. ഇത്‌ പ്രവർത്തനങ്ങളെ ചെറുതായെങ്കിലും ബാധിക്കുന്നുണ്ട്‌. 
പരുത്തി വാങ്ങുന്നതിനും ശമ്പളമനുവദിക്കുന്നതിനും മറ്റും ഉപയോഗിക്കേണ്ടത്‌ ഈ വരുമാനം തന്നെയാണ്‌. 12,000 സ്‌പിന്റിലിൽ തുടങ്ങിയ മിൽ അഞ്ചുപതിറ്റാണ്ട്‌ പിന്നിടുമ്പോൾ 25,000 സ്‌പിന്റിൽ ശേഷിയിലേക്കാണ്‌ ഉയരുന്നത്‌. അതും വിപണിയിലെത്തുന്ന ഏത്‌ കമ്പനിയുടെ നൂലിനെയും വെല്ലുന്ന നിലവാരത്തോടെ. ആധുനിക വൽക്കരണം പൂർത്തിയാകുന്നതോടെ കേരളത്തിന്റെ വ്യവസായരംഗത്ത്‌ എണ്ണിപ്പറയാനൊരു പേരായി കണ്ണൂർ സഹകരണ സ്‌പിന്നിങ്‌ മിൽ കയറിയെത്തുമെന്നുറപ്പ്‌.
 
 
 
പ്രധാന വാർത്തകൾ
 Top