15 September Sunday

മൊകേരിയിൽ രണ്ടുനാൾ... വലിയോട്‌ വലി

സ്വന്തം ലേഖകൻUpdated: Friday Aug 23, 2019

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് ഉദ്ഘാടനം ചെയ്യുന്നു

പാനൂർ 
മൊകേരി രണ്ടുനാൾ വടംവലി ആരവത്തിൽ. 14 ജില്ലകളിലെ കരുത്തരും മിടുക്കികളും വലിച്ച്‌ ജയം നേടാനുള്ള ഉശിരോടെ ശനിയാഴ്‌ച മൊകേരി രാജീവ്‌ ഗാന്ധി മൊമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഫ്‌ളഡ്‌ലിറ്റ്‌ സ്‌റ്റേഡിയത്തിൽ ഇറങ്ങും. ഇതാദ്യമായാണ്‌ ജില്ലാ–- സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിന്‌ ആതിഥ്യമരുളുന്നത്‌. മൂന്നുവേദികളിലായി രാപ്പകൽ ഭേദമില്ലാതെ കമ്പവലിയുണ്ടാവും. സീനിയർ, ജൂനിയർ, മിക്‌സഡ്‌ വിഭാഗങ്ങളിലായാണ്‌ മത്സരം. 700 കായിക താരങ്ങൾ ടൂർണമെന്റിൽ അണിനിരക്കും. 200 ഒഫീഷ്യലുകളുമെത്തും. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലും ടഗ്‌ ഓഫ്‌ വാർ അസോസിയേഷനുമാണ്‌ സംഘാടകർ. 
ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ ഈ മത്സരത്തിൽനിന്നാണ്‌ തെരഞ്ഞെടുക്കുക. ഒരേ സമയം മൂന്നിടങ്ങളിൽ വടംവലി അരങ്ങേറും. എട്ടുപേരാണ്‌ ഒരു ടീമിലുണ്ടാവുക. സീനിയർ വിഭാഗത്തിന്റെ മൊത്തം ഭാരം 640 കിലോവായിരിക്കും. ജൂനിയറിൽ 540 കിലോവായിരിക്കും ഭാരം. മിക്‌സഡ്‌ വിഭാഗത്തിൽ നാലുവീതം പുരുഷന്മാരും സ്‌ത്രീകളുമാണ്‌ കളത്തിലിറങ്ങുക. ഇവരുടെ തൂക്കം 640 കിലോവായിരിക്കും. 
സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ വടംവലിയിലേക്ക്‌ കൂടുതൽ താരങ്ങൾ എത്തുന്നുണ്ട്‌. സ്‌കൂൾ, കോളേജ്‌തലങ്ങളിൽ ഗ്രേസ്‌ മാർക്കും ലഭിക്കുന്നുണ്ട്‌. അടുത്ത ഏഷ്യൻ ഗെയിംസിൽ വടംവലിയുണ്ട്‌. 2028 ലെ ഒളിംപിക്‌സിലും വടംവലിയുണ്ടാവുമെന്നാണ്‌ പ്രതീക്ഷ. ദേശീയതലത്തിൽ കേരളം വടംവലിയിൽ ഏറെ മുന്നിലാണ്‌. പുരുഷ –- വനിതാ വിഭാഗങ്ങളിലും ജൂനിയർ തലത്തിലും കേരളം ഒട്ടേറെ തവണ ജേതാക്കളായിട്ടുണ്ട്‌. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയാണ്‌ കരുത്തർ. ആതിഥേയർ സ്വന്തം നാട്ടിൽ വലിയ മുന്നേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്‌. 
മഴക്കെടുതിയെതുർന്ന്‌ ചാമ്പ്യൻഷിപ്പ്‌ ഒരാഴ്‌ച നീട്ടുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ്‌  ഗ്രൗണ്ട്‌ ഒരുക്കിയത്‌. ശനിയാഴ്‌ച പകൽ മൂന്നിന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരം ഉദ്‌ഘാടനം ചെയ്യും. ടി വി രാജേഷ്‌ എംഎൽഎ അധ്യക്ഷനാവും. 25ന്‌ പകൽ 3.30ന്‌ മുൻമന്ത്രി കെ പി മോഹനൻ ട്രോഫികൾ സമ്മാനിക്കും. കെ കെ പവിത്രൻ ചെയർമാനും പ്രദീപൻ മൊകേരി ജനറൽ കൺവീനറുമായി 301 അംഗ സംഘാടക സമിതിക്കാണ്‌ ടൂർണമെന്റ്‌ നടത്തിപ്പിന്റെ ചുമതല.  
ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ കെ കെ പവിത്രൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. പി പി ബിനീഷ്‌, ടഗ്‌ ഓഫ്‌ വാർ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രവീൺ മാത്യൂ, മീഡിയാ ചെയർമാൻ അജിത്ത്‌ പാനൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top