22 November Friday

കര കയറാനാവാതെ ഇറച്ചിക്കോഴി കർഷകർ

പ്രത്യേക ലേഖകൻUpdated: Friday Aug 23, 2019
കണ്ണൂർ
പ്രളയത്തെ തുടർന്നുണ്ടായ നഷ്ടത്തിൽനിന്ന്‌ കരകയറാനാവാതെ ഇറച്ചിക്കോഴി  കർഷകർ.  കോഴികളും ഷെഡ്ഡും തീറ്റയും  ഉൾപ്പെടെ എല്ലാം നഷ്ടടപ്പെട്ടവരാണ്‌ ഈ മേഖലയിലെ ഭൂരിഭാഗം കർഷകരും. കുഞ്ഞുങ്ങളടക്കം 75,000 ത്തോളം കോഴികൾ ചത്തൊടുങ്ങിയിട്ടുണ്ടെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. കേരള പൗൾട്രി ഡവലമെന്റ്‌ സൊസൈറ്റിക്ക്‌ കീഴിലുള്ള കർഷകർക്ക്‌ മാത്രം  50,000 കോഴികൾ നഷ്ടപ്പെട്ടതായി  സംസ്ഥാന ജനറൽ സെക്രട്ടറി പി ടി ബാബു പറഞ്ഞു. ഇതിന്‌ പുറമെ 25,000  കോഴികൾക്ക്‌ നാശമുണ്ടായി. 27,264 കോഴികൾ ചത്തിട്ടുണ്ടെന്നാണ്‌   ഔദ്യോഗിക കണക്ക്‌. ഇത്‌ പ്രളയ ദിവസങ്ങളിൽ രേഖപ്പെടുത്തിയതാണ്‌. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ പൂർണമായി കിട്ടിയാലേ നാശത്തിന്റെ കൃത്യമായ കണക്ക്‌  അറിയാനാവൂ.
ജില്ലയിൽ   കോഴി ഷെഡ്ഡുകളുടെയും  കോഴികളുടെയും നഷ്ടമായി പൗൾട്രി സൊസൈറ്റി നൽകിയത്‌ പതിനേഴര ലക്ഷത്തിന്റെ കണക്കാണ്‌. റീട്ടെയിൽ വിൽപനക്കാർക്ക്‌ 13.38 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സൊസൈറ്റിയുടെ  മാത്രം 20 ലോഡ്‌ കാലിത്തീറ്റ വെള്ളം കയറി നശിച്ചു.  അഞ്ചു ദിവസം വൈദ്യുതിയില്ലാത്തിനാൽ പതിനായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണ്‌ ചത്തത്‌. കന്നുകാലികളെയും മറ്റും  സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റാൻ ജാഗ്രതയോടെയുള്ള പ്രവർത്തനമുണ്ടായി. എന്നാൽ കോഴികളെ മാറ്റാൻ ആരും ശ്രദ്ധിച്ചില്ല.  ഷെഡ്ഡുകൾ മുങ്ങി കോഴികൾ ചത്തുപൊന്തിയതോടെയാണ്‌ പലർക്കും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലായത്‌.   മുട്ടക്കോഴികളും നാടൻ, ഗിരിരാജ കോഴികളും നഷ്ടപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ കണക്കും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.
പ്രധാന വാർത്തകൾ
 Top